കൊച്ചി മെട്രോ ട്രെയിൻ (File photo)
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ ഔദ്യോഗിക രേഖകള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചോരുന്നുവെന്ന പരാതിയില്‍ പൊലിസ് കേസ് എടുത്തു. കൊച്ചി മെട്രോ ഡയറക്ടറുടെ പരാതിയില്‍ കളമശേരി മെട്രോ പൊലിസാണ് കേസ് എടുത്തത്.
കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെ നാലാം നിലയിലുള്ള കെഎംആര്‍എല്‍ കോര്‍പ്പറേറ്റ് ഓഫീസിലെ കമ്പ്യൂട്ടറാണ് ഹാക്ക് ചെയ്ത് ഔദ്യോഗിക രേഖകള്‍ തട്ടിയെടുത്തതായാണ് പരാതി. മെട്രോയിലെ ഔദ്യോഗിക മെയിലുകളില്‍ സിസി വച്ചു കൊണ്ട് മറ്റ് മെയിലുകളിലേക്ക് അയക്കുകയും കോപ്പി ചെയ്ത് വാട്‌സാപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍, രഹസ്യ രേഖകള്‍, സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ എന്നിവ യൂണിഫൈഡ് കൊച്ചി മെട്രോ റെയില്‍ റീഫോം ആന്‍ഡ് ഡെവലപ്മെന്‍റ് ഫോറം എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് പ്രചരിപ്പിച്ചത്.
ഇത് കമ്പനിയുടെ സുരക്ഷയെയും ജീവനക്കാരുടെ സ്വകാര്യതയെയും ബാധിച്ചതായി കെഎംആര്‍എല്‍ പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പ്രധാന രേഖകളൊന്നും പോയിട്ടില്ലെന്നും വിവരമുണ്ട്.
Tags : KochiMetro Documents Leakage WhatsApp Police Case