District News
കറുകച്ചാൽ: ഗ്രാമീണ മേഖലയിലെ യാത്രാദുരിതത്തിന് അറുതിവരുത്തി ജില്ലാ പഞ്ചായത്തിന്റെ ആദ്യ -ഗ്രാമവണ്ടി നിരത്തിലിറങ്ങുന്നു. കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിക്കുശേഷമുള്ള ആദ്യ ഗ്രാമവണ്ടി സർവീസാണിത്. ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ വിനിയോഗിച്ച് കെഎസ്ആർടിസിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 22ന് ഉച്ചകഴിഞ്ഞ് 2.30ന് ഞാലിയാകുഴിയിൽ ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രിയദർശിനി സർവീസുകൾ ലഭ്യമല്ലാത്ത ഉൾനാടൻ ഗ്രാമീണ വഴികളിലെ യാത്രാക്ലേശം പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വനിതകൾക്കുള്ള യാത്രാസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം കെഎസ്ആർടിസിയുടെ സൗജന്യ യാത്രാപദ്ധതികൾക്ക് ജില്ലാ പഞ്ചായത്തിന്റെ പൂർണ പിന്തുണയും ഇതിലൂടെ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.
റൂട്ടും സമയക്രമവും:
കോട്ടയം - ചങ്ങനാശേരി: രാവിലെ ഏഴിന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പുതുപ്പള്ളി, ഞാലിയാകുഴി, പുല്ലുകാട്ടുപടി, ജറുസലേം മൗണ്ട്, വള്ളിക്കാട്ടുദയറ, പുത്തൻചന്ത, കണ്ണഞ്ചിറ, പരപ്പാട്ടുപടി, ചീരംചിറ വഴി 8.20ന് ചങ്ങനാശേരിയിലെത്തും.
ചങ്ങനാശേരി - കോട്ടയം: രാവിലെ 8.30ന് ചങ്ങനാശേരിയിൽനിന്ന് തിരിച്ച് മാമ്മൂട്, കൊച്ചുറോഡ്, പാലമറ്റം, മണ്ണാങ്കവല, രാജമറ്റം, വട്ടോളി, തോട്ടക്കാട് അമ്പലക്കവല, ഇരവുചിറ, ഞാലിയാകുഴി വഴി 10ന് കോട്ടയത്ത് എത്തിച്ചേരും.
Kerala
തിരുവനന്തപുരം: ശബരിമല തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവര് തുടരണമോ എന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും. സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്ത് വന്നതും കടുത്ത ജാമ്യവ്യവസ്ഥകൾ നിലനിൽക്കുന്നതും കാരണം രാജീവർക്ക് തന്ത്രിസ്ഥാനത്ത് തുടരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പകരക്കാരനായി മകൻ ബ്രഹ്മദത്തനെ ചുമതലയേൽപ്പിക്കാൻ ആലോചിക്കുന്നത്.
തനിക്ക് പകരം ബ്രഹ്മദത്തന് തന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. തന്ത്രിസ്ഥാനം സംബന്ധിച്ച് ബോർഡിന് അനുയോജ്യമായ തീരുമാനമെടുക്കാമെന്ന ഹൈക്കോടതി നിർദ്ദേശവും രാഷ്ട്രീയമായി ഏറെ വിവാദമുയർത്തിയ ഈ വിഷയത്തിൽ ഇന്നത്തെ യോഗത്തിൽ നിർണായകമാകും.
Sports
ലണ്ടന്: അയര്ലന്ഡിലെ പരാജയത്തിനുശേഷം ഇന്ത്യന് ട്വന്റി-20 ക്രിക്കറ്റ് ടീം ഇംഗ്ലീഷ് മണ്ണില്. ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ ആദ്യമത്സരം ഇന്നു നടക്കും. ഇന്ത്യന് സമയം രാത്രി 10.00നാണ് ടോസ്. സൂര്യകുമാര് യാദവിന്റെ പിന്ഗാമിയായി ഇന്ത്യന് ട്വന്റി-20 ടീം ക്യാപ്റ്റന് സ്ഥാനത്ത് എത്തിയ ശ്രേയസ് അയ്യറിന്റെ കീഴിലെ ആദ്യ പരമ്പരയായിരുന്നു അയര്ലന്ഡില് നടന്നത്.
രണ്ടു മത്സര പരമ്പര ഇന്ത്യ 2-0നു കൈവിട്ടു. അയര്ലന്ഡ് ഇന്ത്യക്ക് എതിരേ ആദ്യമായി ജയം നേടിയതും പരമ്പര സ്വന്തമാക്കിയതും ഈ പര്യടനത്തിലായിരുന്നു.
അയര്ലന്ഡില് ഇന്ത്യന് ഓപ്പണര്മാരായ സഞ്ജു സാംസണും അഭിഷേക് ശര്മയും പരാജയപ്പെട്ടു.
രണ്ടാം മത്സരത്തില് ഇരുവരും ഗോള്ഡന് ഡെക്കായിരുന്നു. 15കാരനായ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായാണ് ഇന്ത്യന് ആരാധകര് കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിന് എതിരായ പരമ്പരയില് വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം നടക്കുമോ എന്നു കാത്തിരുന്ന കണ്ടറിയണം.
Kerala
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും. നാളെ വൈകുന്നേരം നടക്കുന്ന ചടങ്ങിൽ നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകനിൽനിന്ന് ചുമതലയേറ്റുവാങ്ങും. 2025 മേയിൽ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ജയതിലക് നാളെ സർവീസിൽ നിന്നു വിരമിക്കും. നാളെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ജയതിലകിന്റെ യാത്രയയപ്പു സമ്മേളനവുമുണ്ടാകും.
2028 സെപ്റ്റംബർവരെ ബിശ്വനാഥ് സിൻഹയ്ക്ക് കാലാവധിയുണ്ട്. ഇതിനേക്കാൾ മുതിർന്ന ഉദ്യോഗസ്ഥനായ രാജുനാരായണസ്വാമി സർവിസിലുണ്ടെങ്കിലും സസ്പെൻഷൻ നേരിട്ട സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം തടയപ്പെട്ടിരുന്നു. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള മുതിർന്ന ഐഎഎസുകാരായ മനോജ് ജോഷി അടക്കമുള്ളവർ സംസ്ഥാനത്തു മടങ്ങിയെത്താനും താത്പര്യം കാണിച്ചില്ല.
പൊതുഭരണ വകുപ്പിന്റെ ചുമതല വഹിക്കവേ സെക്രട്ടേറിയറ്റ് ജീവനക്കാരെ അച്ചടക്കം പഠിപ്പിക്കാനുള്ള റിപ്പോർട്ട് തയാറാക്കിയതും ഹാജരിനുള്ള പഞ്ചിംഗ് സംവിധാനത്തെ ശമ്പള സോഫ്റ്റ്വേറുമായി ബന്ധിപ്പിച്ചതും ബിശ്വനാഥ് സിൻഹയായിരുന്നു.
District News
തൃശൂർ: കെ എസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രാപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 9.30നു മാള കെ എസ്ആർടിസി ഡിപ്പോയിൽ നടക്കും. മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും.
പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഒൗസേപ്പച്ചൻ ജോസ് അധ്യക്ഷനാകും. ജില്ലയിലാകെ 126 ഓർഡിനറി ബസുകളാണു കെ എസ്ആർടിസിക്കുള്ളത്. 700 ട്രിപ്പുകൾ ദിനംപ്രതി നടത്തുന്നു. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും യാത്ര സൗജന്യമാണ്.
തൃശൂർ ഡിപ്പോയിൽനിന്നു പ്രതിദിനം 15 ബസുകളാണു സർവീസ് നടത്തുന്നത്. പാലക്കാട്, പൊള്ളാച്ചി, പെരിന്തൽമണ്ണ റൂട്ടുകളിലാണു കൂടുതൽ ട്രിപ്പ്. പാലക്കാട് നിന്നു തൃശൂരിൽവന്നു മടങ്ങുന്ന ഓർഡിനറി സർവീസുകളുണ്ട്. ഏകദേശം 120 ട്രിപ്പുകളാണു തൃശൂർ ഡിപ്പോയിൽനിന്നു ദിനംപ്രതിയുണ്ടാകുക.
പുതുക്കാട്ടുനിന്ന് 17 ഓർഡിനറി ബസുകളാണു സർവീസ് നടത്തുന്നത്. 176 ട്രിപ്പുകൾ. മുപ്ലിയം, പാലപ്പിള്ളി, ചിമ്മിനി ഡാം, മരോട്ടിച്ചാൽ, തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി, തിരുവില്വാമല, മണ്ണുത്തി എന്നിവിടങ്ങളിലേക്കാണ് ഓർഡിനറി ട്രിപ്പുകൾ. കൊടുങ്ങല്ലൂരിന് 15 ഓർഡിനറി ബസുകളാണുള്ളത്. 70 ട്രിപ്പുകൾ. ആറു ട്രിപ്പുകൾ എറണാകുളം-ഗുരുവായൂർ ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി സർവീസാണ്. മറ്റു ട്രിപ്പുകൾ കൊടുങ്ങല്ലൂർ-ഇരിങ്ങാലക്കുട വഴി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി, അഴീക്കോട്- വാടാനപ്പള്ളി വഴി മെഡിക്കൽ കോളജ് ആശുപത്രി, കൊടുങ്ങല്ലൂർ - കോതമംഗലം വഴി മൂന്നാർ, കൊടുങ്ങല്ലൂർ - എറണാകുളം, കൊടുങ്ങല്ലൂർ- മാല്യങ്കര വഴി ചേർത്തല, കൊടുങ്ങല്ലൂർ- വരാപ്പുഴ വഴി പാലാരിവട്ടം, കൊടുങ്ങല്ലൂർ- കാക്കനാട്.
ഇരിങ്ങാലക്കുടയിൽനിന്നുള്ള എട്ടു ഓർഡിനറി ബസുകളിലായി 17 ട്രിപ്പുകളാണുള്ളത്. ഗുരുവായൂർ, എറണാകുളം ജെട്ടി, തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി, ഗ്രാമവണ്ടി (ഇരിങ്ങാലക്കുട-മുരിയാട്-നെല്ലായി) എന്നിങ്ങനെയാണ് ഓർഡിനറി ട്രിപ്പുകൾ. ഒരു വർഷമായി കണ്ണിക്കര-ആലുവ, ചോറ്റാനിക്കര, ഗുരുവായൂർ, എറണാകുളം ഓർഡിനറി സർവീസുകൾ നടത്തുന്നുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 6.20നാണു ചോറ്റാനിക്കര സർവീസ്. ആലുവയിലേക്കുള്ള സർവീസ് തിങ്കൾ മുതൾ വെള്ളി വരെ രാവിലെ 8.30നുമാണ്.
മാള ഡിപ്പോയിൽനിന്ന് 20 ബസുകൾ 75 ട്രിപ്പുകൾ നടത്തുന്നു. കുഴൂർ പഞ്ചായത്തിന്റെ ഗ്രാമവണ്ടി 12 സർവീസുകൾ നടത്തുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും സർവീസുണ്ട്. ആലുവയിലേക്ക് എടവനക്കാട്, വെണ്ണൂർ, അത്താണി എന്നിവടങ്ങളിലൂടെയാണ് ട്രിപ്പുകൾ.
ഗുരുവായൂർ ഡിപ്പോയിലുള്ള 14 ബസുകൾ 28 ട്രിപ്പുകൾ നടത്തുന്നു. എറണാകുളം ജെട്ടി, പൊന്നാനി വഴി കോഴിക്കോട്, പാലക്കാട്, വടക്കാഞ്ചേരി വഴി പാലക്കാട്, പാങ്ങ്-പാവറട്ടി-മുല്ലശേരി വഴി തൃശൂർ, തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലേക്കാണു സർവീസുകൾ. എളവള്ളി പഞ്ചായത്തിന്റെ ഗ്രാമവണ്ടിയും ഇതിലുൾപ്പെടുന്നു. കോഴിക്കോട്ടേക്ക് ടൗണ് ടു ടൗണ് രണ്ട് സർവീസുകളുണ്ട്.
ചാലക്കുടിയിൽനിന്ന് 121 ട്രിപ്പുകളുണ്ട്. കെ എസ്ആർടിസി സ്റ്റാൻഡ് വഴി തൃശൂരിലേക്കു ദിവസേന 30 ഓർഡിനസറി ബസ് ട്രിപ്പുകളുണ്ട്. ആലുവയിലേക്ക് 30, മണ്ണുത്തിയിലേക്ക് 20, അതിരപ്പിള്ളിയിലേക്ക് 15, തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എട്ടു ട്രിപ്പുകളും ഉണ്ട്. അതിരപ്പിള്ളി വഴി മലക്കപ്പാറയിലേക്കു നാലു ട്രിപ്പുകളുണ്ട്.
നാലുകെട്ട്-ഇളഞ്ചേരി ഭാഗം, അടിച്ചിലി പ്ലാന്റേഷൻ, ഇരിങ്ങാലക്കുട, ചോറ്റാനിക്കര എന്നിവടങ്ങളിലേക്ക് രണ്ടുവീതം ട്രിപ്പുകളും ഉണ്ട്. കുറ്റിക്കാട്, കുറ്റിച്ചിറ, ചായപ്പൻകുഴി ഭാഗത്തേക്ക് അഞ്ചു ട്രിപ്പുകളും അണ്ണാട്, കാടുകുറ്റി, പാളയംപറന്പ് റൂട്ടിൽ ഒരു ട്രിപ്പും നടത്തുന്നു.
ജീവനക്കാരുടെ ക്ഷാമമുണ്ടെങ്കിൽ ആദ്യം റദ്ദാക്കുക ഓർഡിനറി സർവീസുകളാണ്. പല ഡിപ്പോകളിലും സർവീസുകൾ ഇപ്രകാരം വെട്ടിക്കുറച്ചിട്ടുണ്ട്.
District News
മുണ്ടൂർ: കൈപ്പറമ്പ് പഞ്ചായത്തിലെ കോൾപാടത്ത് ഉഴുന്നു പരിപ്പ് കൃഷിയിൽ നൂറുമേനി വിജയം. ഇന്നു വിളവെടുപ്പ് ഉത്സവം. ഉച്ചതിരിഞ്ഞ് 3.30ന് മുണ്ടൂർ താഴം കോൾപടവിൽ വിളവെടുപ്പും തുടർന്ന് പൊതുയോഗവും കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും. കേരള മുണ്ടൂർ താഴം കോൾപടവിലെയും പേരാമംഗലം കറുക കോൾപടവിലുമാണു 103 ഏക്കറിൽ ഉഴുന്നുപരിപ്പ് കൃഷിയിറക്കി നൂറുമേനി വിജയം കൈവരിച്ചത്.
കേരളത്തിൽത്തന്നെ ആദ്യമായാണു പരീക്ഷണാടിസ്ഥാനത്തിൽ ഉഴുന്ന് ഇടവിള കൃഷിയായി പരിക്ഷിച്ചതെന്ന് കർഷകരായ കെ.എഫ്. ബ്ലെസൺ, പി.എസ്. അച്യുതൻ, കെ. പി. ഔസേപ്പ് എന്നിവർ പറഞ്ഞു. ഇവരുടെ ടീമാണ് ഉഴുന്നുകൃഷി പരിപാലിച്ചുവന്നത്. നെൽകൃഷിയിലും മത്സ്യകൃഷിയിലും കൂട്ടുകൃഷിയിലൂടെ വിജയം വരിച്ച 65 കർഷകർ ചേർന്ന് കാലത്തിനനുസരിച്ച മാറ്റങ്ങൾ കൊണ്ടുവരാനായിരുന്നു പുതിയ പരീക്ഷണം നടത്തിയത്.
ഇസാഫ് കോർപറേറ്റ് ബാങ്കിന്റെയും കൈപ്പറമ്പ് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും മുണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് കൃഷി ചെയ്തത്. നാടൻ ചാണകപ്പൊടിയും കളനാശിനികളും ഉപയോഗിച്ചായിരുന്നു കൃഷിരീതി. രണ്ടര മാസത്തെ സമയമെടുത്താണു കൃഷി വിളവെടുപ്പിനു പാകമായത്. ഒരേക്കറിൽ 300 മുതൽ 400 കിലോവരെ ഉഴുന്ന് പരിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഒരു കിലോ ഉഴുന്നുപരിപ്പിന് മാർക്കറ്റിൽ 100 രൂപ വിലയുണ്ട്. കർഷകരിൽനിന്ന് കിലോ ഗ്രാമിന് 65 രൂപയായിട്ടാണ് ഇസാഫ് കോർപറേറ്റ് ബാങ്ക് അധിക്യതർ ഉഴുന്ന് ശേഖരിക്കുന്നത്. അടുത്ത ഘട്ടത്തിൽ തൃശൂർ, പാലക്കാട് ജില്ലകളിലായി 10,000 ഏക്കറോളം സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനാണ് ഇസാഫ് കോർപറേറ്റ് ബാങ്ക് ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: മന്ത്രിമാരെ അറിയിക്കാതെയുള്ള ഐഎഎസുകാരുടെ മാറ്റത്തിലുള്ള മന്ത്രിമാരുടെ കടുത്ത അതൃപ്തിക്കിടെ ഇന്നു മന്ത്രിസഭായോഗം ചേരും. യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റ ശേഷം ശനിയാഴ്ച നടന്ന ആദ്യ വകുപ്പു മേധാവിമാരുടെയും ജില്ലാ കളക്ടർമാരുടെയും മാറ്റമാണ് വിവാദമായത്. മന്ത്രിമാർ അറിയാതെയാണ് ബന്ധപ്പെട്ട വകുപ്പുകളിലെ മേധാവിമാരെ നിയമിച്ചതെന്ന വിമർശനമാണ് ഉയർന്നത്.
ബുധനാഴ്ച നടക്കേണ്ട പതിവു മന്ത്രിസഭായോഗമാണ് അന്ന് ബക്രീദ് അവധിയായ സാഹചര്യത്തിൽ ഇന്നു ചേരുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറെ വിവാദമായ കണ്ണൂർ ആർഡിഒയായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കണ്ണൂർ ജില്ലാ കളക്ടർ അരുണ് കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചത് വ്യവസായ മന്ത്രിയായ പി.കെ. കുഞ്ഞാലിക്കുട്ടി അറിഞ്ഞിരുന്നില്ല.
മന്ത്രിസഭയിലെ രണ്ടാമനായ പി.കെ. കുഞ്ഞാലിക്കുട്ടിയെ അറിയിക്കാതെ ഐഎഎസുകാരുടെ സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിൽ ഇനി ഐഎഎസുകാരുടെ മാറ്റം നടത്തുന്പോൾ വ്യവസ്ഥാപിത മാർഗങ്ങൾ മന്ത്രിസഭയിൽ അവതരിപ്പിച്ചേക്കും.
റവന്യു മന്ത്രി എ.പി. അനിൽകുമാർ അറിയാതെയാണ് കളക്ടർമാരുടെ മാറ്റങ്ങൾ ചീഫ് സെക്രട്ടറി പുറത്തിറക്കിയതെന്ന ആരോപണവുമുണ്ട്. ഐഎഎസുകാരുടെ മാറ്റത്തിനെതിരേ ഇന്നലെ കൂടുതൽ മന്ത്രിമാർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ നിയമനങ്ങളിൽ ചിലതിൽ മാറ്റം വരുത്തുന്നതിനായി ചില മന്ത്രിമാർ കടുംപിടിത്തത്തിനും സാധ്യതയുണ്ട്.
മലബാർ മേഖലയിലെ സ്കൂളുകളിൽ പ്ലസ് ടുവിന് കൂടുതൽ സീറ്റും ബാച്ചും അനുവദിക്കുന്നതും ചർച്ചയ്ക്കു വന്നേക്കും. 29നു നടക്കേണ്ട ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ കരടും മന്ത്രിസഭ അംഗീകരിച്ചു ലോക്ഭവനു കൈമാറിയേക്കും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്രയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും ചിലപ്പോൾ ഇന്നത്തെ മന്ത്രിസഭ തീരുമാനമെടുത്തേക്കും. ഏതൊക്കെ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കണമെന്നതിലാകും തീരുമാനം. ജൂണ് 15 മുതൽ സംസ്ഥാനത്തു നടപ്പാക്കുമെന്നാണു പ്രഖ്യാപനം.
Kerala
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. നിയുക്ത മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ഒരു മണിക്കു ചേരുന്ന കോണ്ഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഔദ്യോഗികമായി നേതാവിനെ തെരഞ്ഞെടുക്കും. അതിനു തൊട്ടുമുന്പായി പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.
കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഖാർഗെയുടെ വസതിയിൽ നടത്തിയ മുക്കാൽ മണിക്കൂറിലേറെ നീണ്ട സുപ്രധാന ചർച്ചയ്ക്കു ശേഷമാണ് ഇന്നലെ നടത്താനിരുന്ന പ്രഖ്യാപനം നീട്ടിയത്. ഡൽഹിയിലാണോ, കോണ്ഗ്രസ് നിയമസഭാ കക്ഷിയോഗത്തിലാണോ നേതാവിനെ പ്രഖ്യാപിക്കുകയെന്നതിൽ വ്യക്തതയില്ല. മുതിർന്ന നേതാവ് എ.കെ. ആന്റണിയെ നേരിട്ടു ടെലിഫോണിൽ വിളിച്ചു രാഹുൽ ഇന്നലെ അവസാനവട്ടം ചർച്ച നടത്തിയിരുന്നു. ഹൈക്കമാൻഡ് തീരുമാനത്തിന് ആന്റണി പൂർണപിന്തുണ അറിയിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നലെ രാത്രിയോടെ ഉണ്ടായാൽ പ്രതിഷേധിക്കാനിടയുള്ള കോണ്ഗ്രസ് പ്രവർത്തകർക്കിടയിൽ നുഴഞ്ഞുകയറി തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടേക്കുമെന്ന രഹസ്യവിവരത്തെ തുടർന്നാണു നാളത്തേക്കു പ്രഖ്യാപനം നീട്ടിയതെന്നാണു സൂചന. അക്രമങ്ങളും പരിധിവിട്ട പ്രതിഷേധങ്ങളുണ്ടായാൽ അത് വലിയ അപകടത്തിലേക്കുള്ള പോക്കാകും എന്നാണു നേതൃത്വം വിലയിരുത്തിയത്.
ഇന്നലെ വൈകുന്നേരം ഖാർഗെയും രാഹുലും നടത്തിയ ചർച്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. ഇന്നലെ വൈകുന്നേരം 5.30ന് ഖാർഗെയുടെ വസതിയിലെത്തിയ രാഹുൽ ഗാന്ധി 6.20ന് മടങ്ങി. തുടർന്ന് രാത്രി 7.10ന് ജയ്റാം ഖാർഗെയുടെ വസതിക്കു പുറത്തെത്തിയാണ് പ്രഖ്യാപനം ഇന്നത്തേക്കു നീട്ടിയതായി അറിയിച്ചത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലുള്ള ചർച്ചകൾ പൂർത്തിയായെന്നും മാധ്യമവിഭാഗം തലവനായ ജയ്റാം പറഞ്ഞു. വൈകുന്നേരം അഞ്ചു മുതൽ രാജാജി മാർഗിലെ ഖാർഗെയുടെ പത്തം നന്പർ വസതിക്കു മുന്പിൽ ദേശീയ, മലയാളം മാധ്യമപ്രവർത്തകർ കാത്തിരിക്കുകയായിരുന്നു.
കോണ്ഗ്രസ് എംഎൽഎമാരിലും പാർട്ടിയുടെ വിവിധ തലങ്ങളിലും കെ.സി. വേണുഗോപാലിനു ലഭിച്ച മേൽക്കൈ തള്ളാനാകില്ലെന്ന നിലപാടിലാണു രാഹുലും ഖാർഗെയുമെന്നാണു കരുതുന്നതെന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് ഡൽഹിയിൽ സൂചന നൽകി. എഐസിസിയുടെ പ്രഖ്യാപനം വരുന്നതുവരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
► ആകാംക്ഷയ്ക്ക് അറുതി
പത്തു ദിവസത്തിലേറെ നീണ്ട ആകാംക്ഷയ്ക്കും അഭ്യൂഹങ്ങൾക്കും സന്ദേഹങ്ങൾക്കും ചേരിതിരിഞ്ഞുള്ള പ്രചാരണങ്ങൾക്കും ഇന്നവസാനം. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളും മൂന്നു നേതാക്കൾ ചേരിതിരിഞ്ഞു നടത്തിയ, തെരുവിലേക്കു നീണ്ട, പോരുകളുമാണു പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നീട്ടിയത്. കോണ്ഗ്രസ് എംഎൽഎമാരുടെ അഭിപ്രായവും സംഘടനാതലത്തിലുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായവും വ്യക്തമായ ഉടനെ നടത്താമായിരുന്ന പ്രഖ്യാപനമാണു സങ്കീർണമായ സ്ഥിതിവിശേഷം കണക്കിലെടുത്തു മാറ്റിയത്.
► മത, സാമുദായിക സമ്മർദങ്ങൾ പ്രശ്നമായി
മത, സാമുദായിക ശക്തികളുടെ സമ്മർദങ്ങൾക്കു വഴങ്ങിയാൽ കേരളത്തിൽ ബിജെപിക്ക് പെട്ടെന്നു വാതിൽ തുറന്നുകൊടുക്കുന്നതിനു തുല്യമാകുമെന്ന ആശങ്ക തീരുമാനത്തിന്റെ പ്രഖ്യാപനം നീട്ടാൻ കോണ്ഗ്രസ് നേതൃത്വത്തെ നിർബന്ധിതമാക്കി. മത, സാമുദായിക, വർഗീയ ശക്തികൾക്കു വഴങ്ങരുതെന്ന ഉറച്ച നിലപാടിലാണ് എഐസിസി നേതൃത്വം. വി.ഡി. സതീശന് അനുകൂലമായുണ്ടായ ജനവികാരത്തിനു പിന്നിൽ ചില ആസൂത്രിത ശ്രമങ്ങളുണ്ടായെന്ന സൂചനകളും പ്രതിസന്ധി രൂക്ഷമാക്കി.
മുഖ്യമന്ത്രിസ്ഥാനാർഥിയായോ പാർട്ടിയുടെ മുഖമായോ കേരള നേതാക്കളാരെയും ഉയർത്തിക്കാട്ടുന്നില്ലെന്നും ടീം യുഡിഎഫ് ആണെന്നും തെരഞ്ഞെടുപ്പിനുമുന്പേ കോണ്ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. പിണറായി സർക്കാരിനെതിരായ ജനവികാരമാണ് യുഡിഎഫിന് അനുകൂലമായ തരംഗം സൃഷ്ടിച്ചതെന്നു കോണ്ഗ്രസ് ചൂണ്ടിക്കാട്ടുന്നു. യോഗ്യരായ മൂന്നു നേതാക്കൾ ഒരേ പദവിക്കായി പരിഗണനയിലുണ്ടായിരുന്നതിനാലാണു നേതാവിനെ സൂചിപ്പിക്കേണ്ടതില്ലെന്നു ഹൈക്കമാൻഡ് തീരുമാനിച്ചത്.
എന്നാൽ, മുഖ്യമന്ത്രിയായി ആരെയാണു തെരഞ്ഞെടുക്കുകയെന്നു രാഹുലോ, ഖാർഗെയോ അടക്കം എഐസിസി നേതാക്കളിലാരും സൂചിപ്പിക്കുകപോലും ചെയ്യുന്നതിനു മുമ്പുതന്നെ കേരളത്തിൽ ചേരിതിരിഞ്ഞ് ഫ്ളക്സ് ബോർഡുകളിലൂടെയും പോസ്റ്ററുകളിലൂടെയും വാട്ട്സ്ആപ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചാരണം തുടങ്ങിയിരുന്നു. വോട്ടെടുപ്പു കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായംപോലും തേടുന്നതിനു മുന്പേ തുടങ്ങിയ പ്രചരണത്തിനു പിന്നിൽ ചില സംഘടിത ഗ്രൂപ്പുകളുണ്ടാകാം.
പ്രവർത്തകരും പൊതുജനങ്ങളും സ്വമേധയാ പിന്തുണയ്ക്കുകയും പ്രതിഷേധിക്കുകയും ചെയ്തുവെന്ന വാദം, എല്ലാം നിർത്തിവയ്ക്കാൻ മൂന്നു നേതാക്കളും കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ ആഹ്വനം ചെയ്തതിനു പിന്നാലെ സ്വിച്ചിട്ടതുപോലെ എല്ലാ പ്രകടനങ്ങളും പ്രചാരണങ്ങളും നിർത്തിയതോടെ പൊളിഞ്ഞെന്ന് ഹൈക്കമാൻഡ് കരുതുന്നു. ആസൂത്രിതമല്ലെങ്കിൽ ഒരാഹ്വാനം കൊണ്ട് ഒറ്റയടിക്ക് സംസ്ഥാനത്താകെ സമാധാനം വരില്ലായിരുന്നു. ചേരിതിരിഞ്ഞുള്ള പ്രചാരണം വീണ്ടും തുടങ്ങിയതിനു പിന്നിലും തത്പരസംഘങ്ങളുണ്ടെന്നും നേതൃത്വം വിലയിരുത്തുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്മഴ ശക്തമാകുന്നു. ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര് ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
നാളെയും മറ്റന്നാളും പരക്കെ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില് 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്ത്ഥമാക്കുന്നത്.
ശനിയാഴ്ച എട്ടു ജില്ലകളിലാണ് യെല്ലോ അലര്ട്ടുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളിലാണ് ജാഗ്രതാ നിര്ദേശം. മറ്റന്നാള് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരളം ആരു ഭരിക്കും? വിധിയെഴുതാൻ ഇനി രണ്ടു ദിവസം മാത്രം. പരസ്യപ്രചാരണം നാളെ സമാപിക്കാനിരിക്കേ ടോപ്പ് ഗിയറിലാണ് മുന്നണികൾ. ഈ തെരഞ്ഞെടുപ്പിൽ ഗാരന്റികളാണ് സജീവ ചർച്ചാവിഷയം. ഒപ്പം ഓരോ നിമിഷവും മാറിമറിയുന്ന രാഷ്ട്രീയ വിവാദങ്ങളും.
തുടക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തൊടുത്തുവിട്ട സിപിഎം- ബിജെപി ഡീൽ ആരോപണം അവസാനഘട്ടത്തിലും നിന്നു കത്തുകയാണ്. ഇതിനൊപ്പം എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി ബന്ധവുമൊക്കെ എരിതീയിലെ എണ്ണയാകുന്നു. ശബരിമല സ്വർണക്കൊള്ളയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃശൂരിലെ സൗജന്യ കിറ്റ് വിതരണവുമൊക്കെ വിവാദ വിഷയങ്ങളായി. പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആത്മവിശ്വാസമാണ് മൂന്നു മുന്നണികളുടെയും കൈമുതൽ.
യുഡിഎഫിന്റെ ആത്മവിശ്വാസം ഭരണവിരുദ്ധ വികാരം
ഭരണവിരുദ്ധ വികാരവും സിപിഎം-ബിജെപി ഡീലും ശബരിമല സ്വർണക്കൊള്ളയും ഇന്ദിരാ ഗാരന്റിയുമൊക്കെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമെമ്പാടും വോട്ടായി അലയടിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഇതാണ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന യുഡിഎഫ് അവകാശവാദത്തിന്റെ കരുത്ത്.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി, സർക്കാരിന്റെ ധൂർത്ത്, വിലക്കയറ്റം, കെട്ടിട- ഭൂനികുതി- വൈദ്യുതി ചാർജ്- വെള്ളക്കരം എന്നിവ കുത്തനെ ഉയർത്തിയതുമൊക്കെ ഭരണ വിരുദ്ധ വികാരം ആളിക്കത്തിക്കും. സർക്കാർ ആശുപത്രികളുടെ ദൈന്യാവസ്ഥ, ഗുണ്ടായിസം, സ്വജനപക്ഷപാതം എന്നിവയും സർക്കാർ വിരുദ്ധ വോട്ടുകളാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് പറയുന്നത്.
രാഹുൽ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളാണ് യുഡിഎഫ് പ്രചാരണം നയിക്കുന്നത്. എല്ലാവരും ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. ഇതോടൊപ്പം സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിലെ സൗജന്യ യാത്ര അടക്കമുള്ള ഇന്ദിരാ ഗാരന്റിയും ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്നും സർക്കാർ ജീവനക്കാരുടെ മാതൃകയിൽ ക്ഷേമപെൻഷൻ കമ്മീഷൻ രൂപീകരിക്കുമെന്നുമൊക്കെയുള്ള പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളും താഴേത്തട്ടിൽ വലിയ പ്രതികരണമുണ്ടാക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നു.
ഭരണനേട്ടം തുടർഭരണത്തിനു കാരണമാകുമെന്ന് എൽഡിഎഫ്
കഴിഞ്ഞ 10 വർഷമായി ജനങ്ങൾ നേരിട്ട് അനുഭവിച്ച ഭരണനേട്ടങ്ങളാണ് തുടർഭരണമെന്ന എൽഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷയ്ക്കു പിന്നിൽ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പ്രചാരണരംഗത്ത് ഇടതുമുന്നണി ആയുധമാക്കുമ്പോൾ, മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി രാഷ്ട്രീയം ഇത്തവണ സിപിഎം കാര്യമായ ചർച്ചാവിഷയമാക്കുന്നില്ല.
യുഡിഎഫ് രാഷ്ട്രീയം വിവാദമാക്കുമ്പോൾ, ഭരണനേട്ടങ്ങൾ എടുത്തുപറഞ്ഞാണ് സിപിഎമ്മിന്റെ പ്രതിരോധം. ജനങ്ങൾ നേരിട്ടറിഞ്ഞ കാര്യങ്ങളാണ് പ്രധാന ചർച്ചാവിഷയമെന്നും ഇതാണ് വോട്ടായി മാറുന്നതെന്നുമാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറയുന്നത്. ഇതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമെന്നാണ് ബേബി പേരെടുത്തു പറയാതെ പറയുന്നത്.
ജയിച്ചാലും തോറ്റാലും ക്രെഡിറ്റ് പിണറായി വിജയനു തന്നെയാകും. ബിജെപി അടക്കമുള്ളവരുമായുള്ള എല്ലാ ഡീലുകളും കോണ്ഗ്രസുമായിട്ടാണെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. എന്നാൽ, ഇതിന് എത്രത്തോളം വിശ്വാസ്യത കൈവരിക്കാനാകുമെന്നത് തെരഞ്ഞെടുപ്പ ഫലം വരുമ്പോൾ മാത്രമാകും വ്യക്തമാകുക.
പ്രതീക്ഷയർപ്പിച്ച് ബിജെപി
ഏതാനും സീറ്റുകളിൽ പ്രതീക്ഷയർപ്പിച്ചാണ് ബിജെപിയുടെ അവസാനഘട്ട പ്രചാരണം. അവസരം തന്നാൽ മറ്റു സംസ്ഥാനങ്ങളിലേതു പോലെയുള്ള വികസനം കേരളത്തിലേക്ക് കൊണ്ടുവരാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രഖ്യാപിക്കുന്നത്. എൽഡിഎഫ്- യുഡിഎഫ് ഒത്തുകളിയും വികസനവുമൊക്കെ ബിജെപി പ്രചാരണവിഷയങ്ങളാക്കുന്നു. മൂന്നു മുതൽ ഏഴു വരെ സീറ്റുകൾ നേടുമെന്നാണ് എൻഡിഎ പ്രതീക്ഷ.
ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള എഫ്സിആർഎ ബില്ലിനൊപ്പം തൃശൂരിലെ സൗജന്യ കിറ്റ് വിവാദവും സിപിഎം- ബിജെപി വോട്ട് കച്ചവടവുമൊക്കെ ബിജെപിയുടെ പ്രതീക്ഷകൾക്ക് ഏറെ തിരിച്ചടിയായെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു. ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടത്തരം നേരിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇടിമിന്നലോട് കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
District News
കോതമംഗലം: കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. എൽഡിഎഫ് സ്ഥാനാർഥി പ്രചാരണം ആരംഭിച്ചു.
എൻഡിഎ മുന്നണിയിൽ സീറ്റ് ഏത് പാർട്ടിക്ക് എന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. കോതമംഗലം നിയമസഭാമണ്ഡലത്തില് 171654 വോട്ടര്മാരാണുള്ളത്. ഇതില് 84467 പുരുഷൻമാരും 87187 പേർ സ്ത്രീകളുമാണ്. പുരുഷന്മാരെ അപേക്ഷിച്ച് 2720 സ്ത്രീ വോട്ടര്മാര് കൂടുതലുണ്ട്. 191 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
Kerala
തിരുവനന്തപുരം: കോണ്ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് ഉച്ചയ്ക്കു മുൻപു പ്രഖ്യാപിക്കും. രണ്ടു ദിവസത്തിനകം മുഴുവൻ സ്ഥാനാർഥികളേയും പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം പറയുന്നത്.
ആദ്യഘട്ട പട്ടികയിൽ എത്രത്തോളം സ്ഥാനാർഥികൾ ഉണ്ടാകുമെന്നതാണ് നിർണായകം. തർക്കമില്ലാത്ത 60 സീറ്റുകൾ വരെയുണ്ടാകാമെന്നു നേതൃത്വം പറയുന്പോൾ, 35 സീറ്റുകളിലാകും ആദ്യഘട്ട പ്രഖ്യാപനമെന്ന വാദവും ചില നേതാക്കൾ സൂചിപ്പിക്കുന്നു. ഇന്നു രാവിലെ ഡൽഹിയിൽ കോണ്ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ചേരുന്നുണ്ട്. ഇതിനു ശേഷമാകും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുക. തെഞ്ഞെടുപ്പിന് അധിക ദിവസങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ വേഗത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക മാത്രമാണ് കോണ്ഗ്രസിനു മുന്നിലുള്ള മാർഗം.
മുസ്ലീംലീഗുമായുള്ള സീറ്റു മാറ്റം സംബന്ധിച്ച് ഇന്നലെ ആലുവയിൽ നടന്ന ഉഭയകകക്ഷി ചർച്ചയിൽ തീരുമാനമായി. ചേലക്കര- കോങ്ങാട് സീറ്റുകളും പുനലൂർ- ചടയമംഗലം സീറ്റുകളും കോണ്ഗ്രസും മുസ് ലീംലീഗും വച്ചു മാറുന്നതാണ് തീരുമാനമെന്നാണ് വിവരം. തിരുവന്പാടി- പട്ടാന്പി സീറ്റ് വച്ചുമാറ്റം ഇന്നലെ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഉപേക്ഷിച്ചു. സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിന് തിരുവനന്തപുരം സീറ്റ് നൽകാമെന്ന് കോണ്ഗ്രസ് ഹൈക്കമാൻഡും സമ്മതിച്ച സാഹചര്യത്തിലാണ് തിരുവന്പാടി സീറ്റിൽ ലീഗ് സ്ഥാനാർഥി തന്നെ മത്സരിക്കാൻ അറിയിച്ചത്.
കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലം ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജന് നൽകാനും ധാരണയായിട്ടുണ്ട്.
കഴിഞ്ഞ തവണ 93 സീറ്റിലാണ് കോണ്ഗ്രസ് മത്സരിച്ചത്. ഇത്തവണയും ഏകദേശം അത്രയും സീറ്റിൽ തന്നെ മത്സരിക്കും. കേരള കോണ്ഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചയും ഇന്നലെ നടത്തിയിരുന്നു. രണ്ടു സീറ്റുകൾ കോണ്ഗ്രസ് ഏറ്റെടുക്കുന്ന കാര്യത്തിൽ കേരള കോണ്ഗ്രസുമായി ഇനിയും ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല. അങ്ങനെയെങ്കിൽ കോണ്ഗ്രസ് കടുംപിടുത്തത്തിൽ അയവുവരുത്തി സ്ഥാനാർഥികളെ പ്രഖ്യാപിക്കണമെന്ന നിർദേശവുമുണ്ട്.
ലീഗിന്റെ സീറ്റുകൾ ഇന്ന് പ്രഖ്യാപിക്കും
ആലുവ: സീറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ വളരെ സൗഹാർദപരമായിരുന്നുവെന്നും ലീഗിന്റെ സീറ്റുകൾ ഇന്നു പ്രഖ്യാപിക്കുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിന് സീറ്റ് കൂടുമോയെന്ന ചോദ്യത്തിനു ചിരിയായിരുന്നു മറുപടി. സീറ്റുകളുടെ 27 എന്ന എണ്ണത്തിൽ കുറവുണ്ടാകില്ല.
സീറ്റുകൾ മാറി മത്സരിക്കുമോയെന്ന കാര്യത്തിൽ പാർട്ടിയിൽ കൂടിയാലോചിച്ചശേഷം തീരുമാനിക്കും. നിരവധി നിർദേശങ്ങളും അഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്. അതു പരിഗണിച്ചശേഷമായിരിക്കും ഇന്നു സീറ്റുകൾ പ്രഖ്യാപിക്കുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി.
വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർധ സൈനിക സേനാ വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മേയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾകൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: പിഎം കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു ഇന്ന് അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും.
പദ്ധതിയുടെ 22-ാമത് ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആസാമിലെ ഗോഹട്ടിയിൽ നടക്കുന്ന ചടങ്ങിലാണു വിതരണം ചെയ്യുക.
ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറിലൂടെ (ഡിബിടി) രാജ്യത്തുടനീളമുള്ള 9.32 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് 18,640 കോടി രൂപയാണു പദ്ധതിയിലൂടെ കൈമാറുന്നതെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
22-ാമത് ഗഡുവിന്റെകൂടി വിതരണം പൂർത്തിയാകുന്നതോടെ പദ്ധതിക്കായി ആകെ ചെലവിട്ട തുക 4.27 ലക്ഷം കോടി കവിയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
District News
മാവേലിക്കര: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും നായർ മഹാസമ്മേളനവും ഇന്നു രാവിലെ 10ന് നടക്കും. രാവിലെ 10ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും.
പുതിയ മന്ദിരത്തിൽ പ്രത്യേകം തയാ റാക്കിയ മണ്ഡപത്തിൽ സ്ഥാപിച്ച സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ വെങ്കല പ്രതിമയും ജനറൽ സെക്രട്ടറി അനാച്ഛാദനം ചെയ്യും.
മന്നത്തിന്റെ വെങ്കല പ്രതിമയും വഹിച്ചു നടത്തിയ രഥ ഘോഷയാത്ര യൂണിയനിലെ 101 കരയോഗങ്ങളിലും സ്വീകരണപര്യടനം പൂർത്തിയാക്കിയാണ് മണ്ഡപത്തിൽ സ്ഥാപിച്ചത്. മന്നം നഗറിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ നടക്കുന്ന നായർ മഹാസമ്മേളനത്തിൽ ആയിരക്കണക്കിന് കരയോഗ പ്രവർത്തകർ പങ്കെടുക്കും.
എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് സുനിൽ ചന്ദ്രൻ വള്ളികുന്നം അധ്യക്ഷത വഹിക്കും. എൻഎസ്എസ് ഡയറക്ടർ ബോർഡംഗം പന്തളം ശിവൻകുട്ടി, യൂണിയൻ സെക്രട്ടറി വി. സെക്രട്ടറി വി.ആർ. സാനിഷ് കുമാർ, വൈസ് പ്രസിഡന്റ് സതീഷ് ചെന്നിത്തല, വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീലത രമേശ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രദീപ് ആർ. പിള്ള എന്നിവർ പ്രസംഗിക്കും.
District News
കോട്ടയം: കോട്ടയം സിറ്റിസണ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില് പത്മവിഭൂഷണ് ജസ്റ്റീസ് കെ.ടി. തോമസിന് ഇന്ന് പൗരസ്വീകരണം നല്കും. ഹോട്ടല് സീസര് പാലസില് രാവിലെ 10.30ന് നടക്കുന്ന സമ്മേളനത്തില് മന്ത്രി വി.എന്. വാസവന് അധ്യക്ഷത വഹിക്കും.
പശ്ചിമബംഗാള് ഗവര്ണര് ഡോ. സി.വി. ആനന്ദ ബോസ് മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ, കോട്ടയം അതിരൂപത വികാരി ജനറാള് ഫാ. മൈക്കിള് വെട്ടിക്കാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മാന്നാനം കെ.ഇ. സ്കൂള് പ്രിന്സിപ്പല് റവ.ഡോ. ജയിംസ് മുല്ലശേരി, ദര്ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര് ഫാ. എമില് പുള്ളിക്കാട്ടില് സിഎംഐ, പ്രോഗ്രാം കോ ഓര്ഡിനേറ്റര് മാത്യു കൊല്ലമലക്കരോട്ട് എന്നിവര് പ്രസംഗിക്കും.
Kerala
തിരുവനന്തപുരം: നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്പോര്. നിയമസഭയിൽ കോപ്രായം കാണിച്ചത് ഭരണപക്ഷമാണെന്നും മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടികൊണ്ട് അടിച്ചിട്ടില്ല. ഡയസിൽ വിളിച്ചുവരുത്തി ചർച്ച നടത്താൻ മാത്രം വിഷയമുണ്ടായില്ലെന്ന് സ്പീക്കർ തന്നെ പറഞ്ഞിരുന്നു. ചോദ്യോത്തരത്തിന്റെ പേരിൽ മൈക്ക് കൈയിൽ കിട്ടുമ്പോൾ മന്ത്രിമാർ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് ഗാന്ധാരിയെ പോലെ സ്വയം കണ്ണ് കെട്ടി അന്ധനായെന്നും സ്പീക്കറുടെ ഡയസിൽ ചാടിക്കയറിയ അംഗം ഹൈ ജംപിന് പോയിരുന്നുവെങ്കിൽ നാടിന് ഗുണമുണ്ടായേനെയെന്നും പ്രതിപക്ഷ നേതാവ് ഇരട്ടത്താപ്പിന്റെ നേതാവാണെന്നും മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു.
സോണിയ ഗാന്ധിയുടെ അടുക്കലേക്ക് സ്വർണക്കേസ് പ്രതിയെ ആരുകൊണ്ടുപോയെന്ന് പ്രതിപക്ഷ നേതാവ് പറയണെന്ന് മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു.
District News
നെയ്യാറ്റിന്കര : തെക്കിന്റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന കമുകിൻകോട് വിശുദ്ധ അന്തോണീസ് തീർഥാടന പള്ളിയിൽ 13 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഇന്നു കൊടിയേറും.
രാവിലെ 7.30നു കൊച്ചുപള്ളിയില് നടക്കുന്ന തിരുനാൾ സമാരംഭ ദിവ്യബലിക്കു നെയ്യാറ്റിന്കര രൂപതാ വികാരി ജനറാള് മോൺ. ക്രിസ്തുദാസ് തോംസൺ മുഖ്യകാർമികത്വം വഹിക്കും. വിശുദ്ധ അന്തോണീസിന്റെ അത്ഭുത തിരുസ്വരൂപത്തിൽ വികാരി ജനറാള് കിരീടം അണിയിക്കും. അല്മായ ശുശ്രൂഷാ ഡയറക്ടര് ഫാ. ബെനഡിക്ട് ഡേവിഡ് വചനസന്ദേശം നല്കും.
രാവിലെ 9.30നു ജപമാല, ലിറ്റിനി, നൊവേന. 10.30 നു നടക്കുന്ന സമൂഹ ദിവ്യബലിയില് മൈലം ഇടവക വികാരി ഫാ. പ്രദീപ് ആന്റോ മുഖ്യകാര്മികനാകും. ആലപ്പുഴ തങ്കി ആശ്രമം പ്രയര് ഫാ. മാനുവല് കാരിപ്പോട്ട് വചനസന്ദേശം നല്കും. വൈകുന്നേരം മൂന്നിനു കൊച്ചുപള്ളിയിലേയ്ക്ക് ആഘോഷമായ തീര്ഥാടന പ്രയാണം.
വൈകുന്നേരം നാലിനു വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപത്തെ കൊച്ചുപള്ളിയിൽനിന്നും ഇടവക ദേവാലയത്തിലേക്കു പ്രദക്ഷിണമായി ആഘോഷപൂർവം കൊണ്ടുവരും. രാത്രി 7.30നു കെ. ആൻസലൻ എംഎൽഎയുടെ അധ്യക്ഷതയില് ചേരുന്ന തിരുനാൾ സൗഹൃദസന്ധ്യ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
സ്വാമി സന്ദീപാനന്ദഗിരി അനുഗ്രഹപ്രഭാഷണം നടത്തും. ജി. സ്റ്റീഫൻ എംഎൽഎ, ഡോ. എം.എ. സിദ്ദീഖ്, ടി. പ്രമീള, സൈമൺ, എസ്.ആര്. അരവിന്ദ് രാജ്, കെ.ഐ. ഹരിപ്രസാദ് എന്നിവര് പ്രസംഗിക്കും. തുടര്ന്ന് ഇടവക വികാരി ഫാ. സജി തോമസ് കൊടിയേറ്റുകർമം നിർവഹിക്കും.
Kerala
തിരുവനന്തപുരം: ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ബൈക്ക് അപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്.
തിരുവനന്തപുരം ശ്രീകാര്യത്ത് പുലർച്ചെ ഒന്നോടെയാണ് സംഭവം. പാങ്ങപ്പാറ മാങ്കുഴിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Sports
മുംബൈ: അടുത്ത വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുംബൈയിലെ ബിസിസിഐ ആസ്ഥാനത്താണ് പ്രഖ്യാപനം.
ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പങ്കെടുക്കും. ജനുവരിയിൽ ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കും ലോകകപ്പിനുമുള്ള ടീമിനെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില് കളിച്ച ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റമുണ്ടാവില്ലെന്നാണ് കരുതുന്നത്. സൂര്യകുമാർ യാദവിന്റെയും ശുഭ്മാൻ ഗില്ലിന്റെയും മോശം ഫോം മാത്രമാണ് ടീം മാനേജ്മെന്റിന്റെ ആശങ്ക.
മലയാളി താരം സഞ്ജു സാംസൺ ലോകകപ്പ് ടീമില് ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ൽ രോഹിത് ശർമ്മയും സംഘവും നേടിയ ടി20 ലോകകപ്പ് നിലനിർത്താനാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. ടി20 ലോകകപ്പ് ചരിത്രത്തില് ഒരു ടീമും ഇതുവരെ കിരീടം നിലനിര്ത്തിയിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധി ഇന്നും തുടരും. സർവീസുകൾ ഇന്നും മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറയിപ്പ് നൽകിയിട്ടുണ്ട്. ഇന്ഡിഗോ പ്രതിസന്ധിയില് വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്.
വിവിധ വിമാനത്താവളങ്ങളില് നിന്നുള്ള ആയിരത്തിലധികം സര്വീസുകള്ളാണ് വെള്ളിയാഴ്ച മാത്രം റദ്ദാക്കിയതായി ഇന്ഡിഗോ സിഇഒ വ്യക്തമാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില് ഭാഗമികമായ ഇളവ് നല്കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന് ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയെ ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി. വിഷയത്തില് ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും.
കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ മുന്നൊരുക്കങ്ങളെടുക്കണമെന്ന് വിമാനത്താവള കമ്പനി നിർദേശം നൽകി.
ww.cial.aero ലിങ്ക് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവ്വീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാൻ ആണ് യാത്രക്കാർക്ക് നിർദേശം നൽകിയത്. ഭൂരിഭാഗം ഇൻഡിഗോ സർവ്വീസുകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 11 മണിക്കൂർ വരെ വൈകിയാണ് സർവിസ് നടത്തിയ ചുരുക്കം വിമാനങ്ങളും യാത്ര തുടങ്ങിയത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോയുടെ റാസ് അൽ ഖൈമ, കുവൈത്ത്, അബുദാബി, മസ്കത്ത്, മാലി സർവീസുകൾ മുടങ്ങിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ, അബുദാബി, ദുബായ് സർവീസുകളും മുടങ്ങി.
District News
ഇരിട്ടി: നുച്യാട് സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളി കൂദാശയും ഇടവക തിരുനാളും ഇന്നും നാളെയുമായി നടക്കും. കൂദാശദിനമായ ഇന്നു രാവിലെ 9.30ന് ബിഷപ്പുമാർക്ക് സ്വീകരണം. കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് കൂദാശകർമങ്ങൾക്കും വിശുദ്ധ കുർബാനക്കും മുഖ്യകാർമികത്വം വഹിക്കും. സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ, ശ്രീപുരം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കൽ എന്നിവർ സഹകാർമികരാകും. ഉച്ചയ്ക്ക് 12.30ന് പൊതുസമ്മേളനവും തുടർന്ന് സ്നേഹവിരുന്നും ഉണ്ടാകും.
തിരുനാൾ ദിനമായ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വാദ്യമേളങ്ങൾ. നാലിന് ദിവ്യകാരുണ്യ ആരാധന. 4.30ന് ലദീഞ്ഞ്, പരിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ കാർമികത്വം വഹിക്കും. വൈകുന്നേരം 6.15ന് തിരുനാൾ പ്രദക്ഷിണം. 7.30ന് മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത് വിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിക്കുന്നതോടെ ആഘോഷം സമാപിക്കുമെന്ന് ഇടവക വികാരി ഫാ. ജിബിൽ കുഴിവേലിൽ, പാരിഷ് ട്രസ്റ്റിമാരായ ടോമി ഇളംകുളത്ത്, ജയിംസ് കാഞ്ഞിരത്തുംമൂട്ടിൽ, കൺവീനർമാരായ സാജു പുലിയന്നൂർ, ജോയൽ ഇളംകുളത്ത് എന്നിവർ അറിയിച്ചു.
Kerala
കണ്ണൂർ: പയ്യന്നൂരിൽ പോലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ സിപിഎം സ്ഥാനാർഥി അടക്കമുള്ള പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.
തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർഥി പയ്യന്നൂർ കാറമേൽ വി.കെ. നിഷാദ്, വെള്ളൂർ ടി.സി.വി. നന്ദകുമാർ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
കേസിൽ എ. മിഥുൻ, കെ.വി. കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് പ്രതിയായ വി.കെ. നിഷാദ്.
2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂർ എസ്ഐ ആയിരുന്ന കെ.പി. രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. വധശ്രമം, സ്ഫോടക വസ്തു നിയമത്തിലെ മൂന്നു വകുപ്പുകൾ അടക്കം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന്റെ ഭാഗമായാണ് പോലീസിനെതിരെ ബോംബേറ് നടന്നത്.
പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും അതിവേഗം രണ്ടു ബൈക്കുകളിലെത്തി. പോലീസ് ഒച്ചവച്ചപ്പോൾ ഇവർക്കു നേരെ ബോംബെറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചുപോകുകയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ല.
ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് 55 കിലോമീറ്റര് വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം കൂടുതലിടങ്ങളിൽ മഴ ലഭിച്ചേക്കും.
മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്നാണ് നിര്ദേശം. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.
ശനിയാഴ്ചയോടെ തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ശനിയാഴ്ച നാല് ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത നാലു ദിവസം ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ആവേശത്തിൽ മുന്നണികൾ. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് എട്ടരയോടെ ആദ്യ സൂചനകൾ പുറത്തുവരും. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
66.91 ശതമാനം എന്ന റിക്കാർഡ് പോളിംഗാണ് ഇത്തവണ ബീഹാറിൽ നടന്നത്. നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് എക്സിറ്റ് പോളുകളെല്ലാം. എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം.
ഇന്ത്യാ സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്നും വോട്ടെണ്ണൽ ദിനത്തിൽ ക്രമക്കേടുകൾക്ക് ഇടനൽകരുതെന്നും തേജസ്വി യാദവ് പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. ഉച്ചകഴിഞ്ഞ് 3.30ന് തൃശൂരിൽ സാസ്കാരിക മന്ത്രി സജി ചെറിയാനാകും പ്രഖ്യാപനം നടത്തുക.
35ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് ശേഷമാണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി അന്തിമ വിധി നിർണയം നടത്തിയത്.
ജനപ്രീതിയും കലാമൂല്യവും ഒത്തു ചേർന്ന ഒരുപിടി സിനിമകൾ ഇക്കുറി മത്സരത്തിൽ ഇടം നേടിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ്, ഫെമിനിച്ചി ഫാത്തിമ, എആർഎം, കിഷ്കിന്ധാകാണ്ഡം തുടങ്ങിയ ചിത്രങ്ങൾ സജീവ പരിഗണനയിൽ വന്നെന്നാണ് വിവരം.
മമ്മൂട്ടി, ടോവിനോ തോമസ്, ആസിഫ് അലി, സൗബിൻ ഷാഹിർ എന്നിവർ നടന്മാരുടെ വിഭാഗത്തിലും അനശ്വര രാജൻ, ദർശന രാജേന്ദ്രൻ, ജ്യോതിർമയി, ഷംല ഹംസ തുടങ്ങിയവർ നടിമാരുടെ വിഭാഗത്തിലും മുൻ നിരയിലുണ്ട്. 128 എൻട്രികളാണ് ഇക്കുറി വന്നത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെഎസ്യു, എംഎസ്എഫ് എന്നീ വിദ്യാർഥി സംഘടനകളാണ് സംയുക്തമായ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
യൂണിവേഴ്സിറ്റി, പൊതുപരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു. പിഎം ശ്രീക്കെതിരെ യോജിച്ച പോരാട്ടങ്ങൾ എന്ന നിലയിലാണ് യുഡിഎസ്എഫിന്റെ പേരിൽ സമരം നടത്താൻ തീരുമാനിച്ചത്.
എല്ലാ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. ഈ മാസം 31 ന് ദേദേശീയപാത ഉപരോധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
International
കാന്ബറ: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഓസ്ട്രേലിയയിലെ കാന്ബറയിലാണ് അഞ്ച് മത്സര പരന്പരയിലെ ആദ്യ മത്സരം അരങ്ങേറുക.
ഏകദിന പരമ്പരയില് നിന്നേറ്റ തോല്വിക്ക് പകരം ചോദിക്കാന് കൂടിയാണ് ടി20 ലോക ചാമ്പ്യൻമാരായ ഇന്ത്യൻ ടീം പരമ്പരക്കിറങ്ങുന്നത്. അടുത്തവര്ഷം ഫെബ്രുവരി-മാര്ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള നിര്ണായക പരമ്പര കൂടിയാണിത്.
അതിനാൽ സഞ്ജു സാംസണ് ഉള്പ്പെടെയുള്ള താരങ്ങള്ക്ക് പരമ്പര നിര്ണായകമാണ്. പരമ്പര കൈവിട്ടാല് മോശം ഫോമിലുള്ള ക്യാപ്റ്റൻ സൂര്യകുമാര് യാദവിന്റെ നായകസ്ഥാനവും തുലാസിലാവും. ഇന്ത്യന് സമയം ഉച്ചയ്ക്ക് 1.45ന് കാന്ബറയിലെ മാനുക ഓവലിലാണ് മത്സരം.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്ണക്കൊള്ളക്കെതിരെ ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് അവസാനിക്കും. ശനിയാഴ്ച രാവിലെ മുതൽ സെക്രട്ടേറിയറ്റിലേക്കുള്ള മൂന്ന് ഗേറ്റുകളും ബിജെപി പ്രവർത്തകർ ഉപരോധിക്കും.
വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ സമരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ശക്തമായ മഴയത്ത് ശരണംവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർക്കൊപ്പം രാജീവ് ചന്ദ്രശേഖർ അടക്കമള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്ഡ് പിരിച്ചുവിടുക, 30 വര്ഷത്തെ ദേവസ്വം ബോര്ഡിലെ സാമ്പത്തിക ഇടപാടുകള് കേന്ദ്ര ഏജന്സിയെ കൊണ്ട്അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകൽ സമരം.
Kerala
തിരുവനന്തപുരം: തുലാവർഷത്തിന് ശക്തി കുറയുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂരും കാസർഗോഡും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ പെയ്യും.
കടലാക്രമണം ശക്തമായതിനാൽ 27 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിൽ സന്ദർശനം നടത്തും. എറണാകുളം സെന്റ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു മുഖ്യാതിഥിയാകും. കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ 11.30ന് എത്തുന്ന രാഷ്ട്രപതിക്കു കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ സ്വീകരണം നൽകും.
തുടർന്ന് റോഡ് മാർഗം 11.55നു കോളജിലെത്തി ചടങ്ങിനു ശേഷം 1.20നു നാവികസേനാ ഹെലിപ്പാഡിൽ മടങ്ങിയെത്തുന്ന രാഷ്ട്രപതി ഹെലികോപ്റ്ററിൽ 1.45നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെനിന്ന് 1.55നു പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു തിരിക്കും.
ഇന്നലെ ശിവഗിരിയിലെയും പാലായിലെയും പരിപാടികൾക്കുശേഷം കുമരകത്തെ താജ് റിസോർട്ടിലാണു രാഷ്ട്രപതി താമസിച്ചത്. രാജ്ഭവനിൽ രണ്ട് ദിവസം താമസിച്ച രാഷ്ട്രപതിക്ക് അയ്യപ്പവിഗ്രഹം സമ്മാനിച്ചാണു ഗവർണർ രാജേന്ദ്ര ആർലേക്കർ യാത്രയാക്കിയത്. രാജ്ഭവന്റെ ചിത്രമുള്ള ഉപഹാരവും സമ്മാനിച്ചു.
Kerala
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കാസർഗോഡ്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ വരും ദിവസങ്ങളിലും അതിതീവ്രമഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
International
കയ്റോ: ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസിന്റെയും അറബ് രാജ്യങ്ങളുടെയും മധ്യസ്ഥതയിൽ ഇന്ന് ഹമാസ് - ഇസ്രായേൽ ചർച്ച നടക്കും. ചർച്ചകൾക്കായി ട്രംപിന്റെ മരുമകൻ ജറേദ് കുഷ്നറും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും ഈജിപ്തിലെത്തി.
ഗാസ വെടിനിർത്തലിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ഇരുപതിന പദ്ധതി സംബന്ധിച്ച് അവശേഷിക്കുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കലാണു ചർച്ചയുടെ ലക്ഷ്യം. ട്രംപിന്റെ പദ്ധതി പ്രകാരം ബന്ദികളെ കൈമാറിയാൽ വെടിനിർത്തലിന് ഇസ്രയേലും സമ്മതിച്ചിട്ടുണ്ട്.
ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യത്തിൽ നിന്ന് ഒരുവിധ വിട്ടുവീഴ്ചയ്ക്കും ഇസ്രയേൽ തയാറല്ല. വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്റെ ഭാഗത്തുനിന്നു താമസം ഉണ്ടാകുന്നത് അനുവദിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെ ആക്രമണം നിര്ത്താന് ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല് ട്രംപിന്റെ നിര്ദേശം വകവെക്കാതെ ഗാസയില് ഇസ്രയേല് ആക്രമണം തുടരുകയാണ്.
ശനിയാഴ്ച രാത്രിയിലും ഞായറാഴ്ചയുമായി ഇസ്രേലി യുദ്ധവിമാനങ്ങളും ടാങ്കുകളും ഗാസയുടെ പലഭാഗങ്ങളിൽ ആക്രമണം നടത്തി.
Kerala
തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടത്തും. ഉച്ചയ്ക്ക് ഒന്നിന് ഗോർഖി ഭവനിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നറുക്കെടുക്കും. അതോടൊപ്പം പൂജാ ബംപര് ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും നടത്തും.
കഴിഞ്ഞ 27ന് നടത്താന് നിശ്ചയിച്ചിരുന്ന തിരുവോണം ബംപര് നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും അഭ്യര്ഥന പരിഗണിച്ച് ഈ മാസം നാലിലേക്ക് മാറ്റുകയായിരുന്നു. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.
പാലക്കാടാണ് ഏറ്റവും കൂടുതല് വിൽപ്പന നടന്നത്. 14,07,100 ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശൂര് ജില്ലയ്ക്കാണ്, 9,37,400 ടിക്കറ്റുകള്. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകള് ഏജന്സികള് വഴി വിൽപ്പന നടന്നു.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പരമ്പരകള്ക്കും ലഭിക്കും.
അഞ്ചാം സമ്മാനമായി 10 പരമ്പരകള്ക്ക് രണ്ടു ലക്ഷം രൂപ വീതം ലഭിക്കും. ഒപ്പം 5,000 മുതല് 500 രൂപ വരെയുള്ള സമ്മാനവുമുണ്ട്.