ലോകം കാൽപന്ത് ആവേശത്തിന്റെ ആരവത്തിൽ മുങ്ങി... ആവേശം കൊടുമുടിയിലെത്തിച്ച് വെള്ളിയാഴ്ച വനിതാ ട്വന്റി-20 ക്രിക്കറ്റ് പൂരത്തിനും കൊടിയേറും. ഇംഗ്ലണ്ടിലെ വെയ്ൽസിൽ തുടക്കമിടുന്ന വെടിക്കെട്ട് ജൂലൈ അഞ്ചിന് കിരീട അവകാശിയെ നിർണയിച്ച് അവസാനിക്കും. പങ്കെടുക്കുന്ന 12 ടീമുകളെ ആറ് ടീം അടങ്ങുന്ന രണ്ട് ഗ്രൂപ്പായി തിരിച്ചിരിക്കുന്നു. ഉദ്ഘാടന മത്സരം ആതിഥേയരായ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിൽ.
കന്നി കപ്പ് മോഹം:
കഴിഞ്ഞ വർഷം കന്നി ഏകദിന ലോകകപ്പ് സ്വപ്നം പൂവണിയിച്ച ഇന്ത്യയുടെ ഹർമൻപ്രീത് കൗറും സംഘവും കന്നി ട്വന്റി-20 കിരീടത്തിൽ കണ്ണുവച്ചാണ് സീസണിലിറങ്ങുന്നത്. ആദ്യ മത്സരം 14ന് ചിരവൈരികളായ പാക്കിസ്ഥാനെതിരേ. 17ന് നെതർലൻഡ്സ്, 21ന് ഏകദിന ലോകകപ്പ് ഫൈനലിലെ എതിരാളികളായ ദക്ഷിണാഫ്രിക്ക, 25ന് ബംഗ്ലാദേശ്, 28ന് കരുത്തരായ ഓസ്ട്രേലിയ എന്നിങ്ങനെയാണ് ഇന്ത്യയുടെ പോരാട്ടങ്ങൾ.
വെടിക്കെട്ട് തുടക്കം കുറിക്കാൻ സ്റ്റാർ ബാറ്റർ സ്മൃതി മന്ദാന, ഷെഫാലി വർമ, ജമീമ റോഡ്രിഗസ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പക്വമായ ഇന്നിംഗ്സ് മധ്യനിരയ്ക്കു താങ്ങാകും. റിച്ചഘോഷിന്റെ വെടിക്കെട്ടും ദീപ്തി ശർമയുടെ അവസരോചിത ഇന്നിംഗ്സും ചേർന്നാൽ ഫിനിഷിംഗ് ശുഭം. സ്റ്റാർ ബാറ്റർമാരുടെ ഫോം ഒൗട്ട് ആശങ്കയാണ്.
ദീപ്തി ശർമയിലും രേണുക സിംഗിലും ബൗളിംഗ് ഉത്തരവാദിത്വം ഒതുങ്ങുന്നത് സമ്മർദമായേക്കും. യുവ പേസർ ക്രാന്തി കൗഡിന്റെ പ്രകടനം നിർണായകം.
പുതുമുഖം:
നാല് പുതുമുഖങ്ങൾ ഈ ലോകകപ്പിൽ ഇന്ത്യക്കായി അരങ്ങേറും. ഭാർതി ഫുൾമാലി (ബാറ്റർ), നന്ദാനി ശർമ (വലംകൈയൻ മീഡിയം പേസർ), ശ്രീചരണി (സ്പിന്നർ), ക്രാന്തി ഗൗഡ് (പേസർ).
ജേതാക്കൾ:
2009 തുടക്ക സീസണിൽ ഇംഗ്ലണ്ട് കപ്പ് ഉയർത്തി. ഓസ്ട്രേലിയ (2010, 2012, 2014, 2018, 2020, 2023) സസണുകളിലായി ആറ് പ്രാവശ്യം കപ്പുയർത്തി റിക്കാർഡ് കുറിച്ചു. 2016ൽ വെസ്റ്റിൻഡീസും 2024ൽ ന്യൂസിലൻഡും കപ്പുയർത്തി.
നേട്ടം ഇതുവരെ:
10-ാമത് ട്വന്റി-20 ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ സംഘത്തിന് ഇതുവരെ കപ്പുയർത്താനായിട്ടില്ല. നാല് പ്രാവശ്യം സെമിഫൈനലിൽ പോരാട്ടം അവസാനിപ്പിച്ച ഇന്ത്യ 2020 ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് റണ്ണ്സേ് അപ്പായതാണ് ഇതുവരെയുള്ള മികച്ച നേട്ടം. അതേസമയം, കഴിഞ്ഞ സീസണിൽ (2024) ഗ്രൂപ്പ് സ്റ്റേജിൽ തന്നെ ഇന്ത്യ യാത്ര അവസാനിപ്പിച്ചു. സീസണിൽ 12 ടീം മാറ്റുരയ്ക്കുന്പോൾ ട്വന്റി-20 റാങ്കിംഗിൽ മൂന്നാമതുള്ള ഹർമനും സംഘവും പ്രതീക്ഷയിലാണ്.
ഹർമൻ@ 200:
ട്വന്റി-20 ക്രിക്കറ്റിൽ 200 മത്സരങ്ങളെന്ന നാഴികക്കല്ല് മറികടക്കുന്ന ആദ്യ താരമാകാനുള്ള തയാറെടുപ്പിലാണ് ഹർമൻപ്രീത് കൗർ. നിലവിൽ പുരുഷ- വനിതാ ക്രിക്കറ്റിൽ ഈ നാഴികക്കല്ല് ആരും പിന്നിട്ടിട്ടില്ല. ഇംഗ്ലണ്ടിൽ നടന്ന 2009 സീസണി അരങ്ങേറിയ ഹർമൻപ്രീത് 17 വർഷ കരിയറിൽ 196 മത്സരങ്ങളിലാണ് ഇതുവരെ ഇന്ത്യൻ ജഴ്സിയണിഞ്ഞത്.
ദീപ്തി @ 200:
ട്വന്റി-20 വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ള ദീപ്തി ശർമയെ കാത്തിരിക്കുന്നത് 200 വിക്കറ്റ് നേട്ടമാണ്. നിലവിൽ 133 മത്സരത്തിൽനിന്ന് താരം 152 വിക്കറ്റുമായി ഒന്നാം സ്ഥാനത്താണ്. 1000 റണ്സും 150ലധികം വിക്കറ്റ് നേട്ടവുമുള്ള ആദ്യ വനിതാ- പുരുഷ ക്രിക്കറ്റർ കൂടിയാണ് ദീപ്തി ശർമ.
ഗ്രൂപ്പ് 1: ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, നെതർലൻഡ്സ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക.
ഗ്രൂപ്പ് 2: ഇംഗ്ലണ്ട്, അയർലൻഡ്, ന്യൂസിലൻഡ്, സ്കോട് ലൻഡ്, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്.
റിക്കാർഡ് സമ്മാനം:
ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക 8.76 മില്ല്യണ് യുഎസ് ടോളറാണ്. കിരീട ജേതാക്കൾക്ക് 2.34 മില്ല്യണും.