ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ് മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച കേസിൽ യുവാവ് പോലീസ് പിടിയിൽ. ചാന്ദ് ബാഗ് സ്വദേശിയായ ഷിഫായത്ത് (27) ആണ് അറസ്റ്റിലായത്. ചാന്ദ് ബാഗ് സ്വദേശിയും കാറ്ററിംഗ് ജീവനക്കാരനുമായ അസ്ഹറുദ്ദീൻ (40) ആണ് കൊല്ലപ്പെട്ടത്. ഖജൂരി ഖാസ് മെട്രോ സ്റ്റേഷന് സമീപമുള്ള കാട്ടുപൊന്തകൾക്കിടയിൽ ഇഷ്ടികകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ജൂൺ എട്ടിനാണ് അസ്ഹറുദ്ദീന്റെ അഴുകിത്തുടങ്ങിയ മൃതദേഹം പോലീസ് കണ്ടെടുത്തത്.
പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ജൂൺ 5-നായിരുന്നു കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്. ഖജൂരി ഖാസ് മെട്രോ സ്റ്റേഷന് സമീപത്തെ കാട്ടുപൊന്തയിലിരുന്ന് ഇരുവരും കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ തർക്കമുണ്ടാകുകയും, അസ്ഹറുദ്ദീൻ ഷിഫായത്തിന്റെ മുഖത്തടിക്കുകയും ചെയ്തു. ഇതിലുള്ള പ്രതികാരബുദ്ധിയാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഞ്ചാവ് ഉപയോഗത്തിന് ശേഷം മടങ്ങുന്നതിനിടെ അസ്ഹറുദ്ദീൻ സമീപത്തെ മതിൽ ചാടിക്കടക്കാൻ ശ്രമിക്കവേ താഴെവീണ് പരിക്കേറ്റു. ഈ സമയം നോക്കി ഷിഫായത്ത് വലിയൊരു കല്ലെടുത്ത് അസ്ഹറുദ്ദീന്റെ തലയിൽ പലതവണ അടിച്ചുവീഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ആരും കാണാത്ത രീതിയിൽ ഇഷ്ടികകൾ കൊണ്ട് മൂടിയ ശേഷമാണ് പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. സാങ്കേതിക തെളിവുകളുടെയും പ്രാദേശിക അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഖജൂരി ഖാസ് പോലീസ് പ്രതിയെ വലയിലാക്കിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
Tags : Khajuri Khas Metro Station Northeast Delhi Latest News