കോട്ടയം: ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. നിർഭാഗ്യകരമായ സംഭവമാണ് ചിന്നക്കനാലിൽ ഉണ്ടായത്.
സർക്കാർ സ്വീകരിക്കേണ്ട എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണം. വന്യജീവി ആക്രമണങ്ങൾ തടയുന്ന കാര്യത്തിൽ സർക്കാർ ഫലപ്രദമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. മുൻ സർക്കാർ നേരത്തെ തന്നെ തുടക്കം കുറിച്ച ചില പ്രധാന പദ്ധതികളുണ്ട്. അതിനൊക്കെ കൃത്യമായ തുടർച്ച ഉണ്ടാകണം.
വന്യജീവി പ്രശ്നങ്ങളിൽ കൂടുതൽ ആപത്തുകൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. സർക്കാർ മാറിയത് ആന അറിഞ്ഞില്ല എന്ന് പരിഹാസത്തോടെ പറയുന്നത് ഒന്നിനും മറുപടിയല്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
Tags : Pinarayi Vijayan Kottayam Medical College elephant attack