ന്യൂഡൽഹി: മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് ബിജെപി സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ പാർട്ടി സുപ്രീംകോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് ബിജെപിയുടെ അപ്രതീക്ഷിത മിന്നൽ നീക്കം.
വിജയിച്ച സ്ഥാനാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വരണാധികാരി കൈമാറി കഴിഞ്ഞു. തെലങ്കാനയിലെ ഒരു കോൺഗ്രസ് നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ മീനാക്ഷി നടരാജനെയും കക്ഷിയാക്കിയിരുന്നു. അന്ന് സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന മീനാക്ഷി നടരാജൻ കുറ്റാരോപിതനായ നേതാവിനെതിരെ നടപടിയെടുത്തില്ല എന്നതായിരുന്നു പരാതി.
ഈ കേസിൽ കോടതി മീനാക്ഷി നടരാജന് നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികയിൽ മീനാക്ഷി ഈ കേസിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് ബിജെപി ആയുധമാക്കിയത്.
പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന് കാട്ടി ബിജെപി നൽകിയ പരാതിയിലാണ് മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. ഇതിനെതിരെയാണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. കോടതി കേസ് പരിഗണിക്കുന്നത് വരെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
അതിന് മുൻപേ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നൽകിയ നിവേദനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനമെടുത്തിട്ടുമില്ല.
Tags : BJP candidate elected Madhya Pradesh Rajya Sabha