കൊച്ചി: അങ്ങ് മെക്സിക്കോയില്‍ പന്തുരുളുമ്പോള്‍ ഉറക്കമില്ലാത്ത രാത്രികളെ വരവേല്‍ക്കാന്‍ കൊച്ചിയും ഒരുങ്ങിക്കഴിഞ്ഞു. ജെന്‍സിയും മില്ലേനിയല്‍സും ഒരേ വൈബിലാണ്.
ലോകകപ്പ് ആവേശം തത്സമയം ആസ്വദിക്കാന്‍ ലൈവ് പ്രദര്‍ശനത്തിനായി കൂറ്റന്‍ പന്തലും ഡിജിറ്റല്‍ സ്ക്രീനും ഒരുക്കി ഫുട്ബോള്‍പ്രേമികളെ സ്വാഗതം ചെയ്യുകയാണ് തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ ദമ്പതികള്‍.
തൃക്കാക്കര നഗരസഭയില്‍ ഉള്‍പ്പെടുന്ന കൊല്ലംകുടിമുകള്‍, കരുണാലയം ഡിവിഷന് കൗണ്‍സിലര്‍മാരായ സി.എ. നിഷാദും റസിയ നിഷാദുമാണ് ഫുട്ബോള്‍ പ്രേമികള്‍ക്കായി ഈ സൗകര്യം ഒരുക്കിയത്. കൊല്ലംകുടിമുകള്‍ പൗരസമിതി ജംഗ്ഷനിലാണ് കുറ്റന്‍ പന്തലും ഡിജിറ്റല്‍ സ്ക്രീനും ഒരുക്കിയിട്ടുള്ളത്.
കൊല്ലംകുടിമുകള്‍ അഞ്ചാം ഡിവിഷന് കൗണ്‍സിലറായ റസിയ അര്‍ജന്റീനയുടെ കടുത്ത ആരാധികയാണ്. കരുണാലയം ഡിവിഷന് കൗണ്‍സിലറായ നിഷാദ് ബ്രസീല്‍ ആരാധകനുമാണ്.
ഒരു മാസം നീണ്ടുനില്‍ക്കുന്ന ലോകഫുട്ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്ന കാല്പന്തു പ്രേമികള്‍ക്ക് ചായ, ചുക്കുകാപ്പി, കപ്പ-മീന്‍ കറിയൊക്കെ കഴിച്ചും നിലക്കടല കൊറിച്ചും ഇഷ്ട ടീമുകളുടെ കളി കാണാം.
വൈദ്യുതി തടസം ഉണ്ടാവാതിരിക്കാന്‍ ഇന്‍വെര്‍ട്ടര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് സുരക്ഷിതമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയും സിസിടിവികള്‍ സ്ഥാപിച്ചുമാണ് ഒരു മാസം നീളുന്ന ഫുട്ബോള്‍ മാമാങ്കത്തിന് തത്സമയ അരങ്ങൊരുക്കിയത് എന്നാണ് ഇരുവരും പറയുന്നത്.
Tags : World cup