കൊച്ചി: ലഹരി കേസില്‍ സാക്ഷിയായ യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുവെന്ന പരാതിയില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്. ചേരാനല്ലൂരിലെ ഹോട്ടലില്‍ നിന്നും രാസലഹരി പിടികൂടിയ സംഭവത്തില്‍ എക്സൈസ് പുറത്തുവിട്ട വീഡിയോയില്‍ ആയിരുന്നു ഹോട്ടല്‍ മാനേജരായ യുവതിയുടെ ദൃശ്യങ്ങളും ഉള്‍പ്പെട്ടത്.
ജൂണ്‍ അഞ്ചിന് ലഹരിക്കെതിരെയുള്ള എക്സൈസിന്റെ ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് ഇടപ്പള്ളിയിലെ ഹോട്ടലില്‍ നിന്നും ഒരു യുവതി ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റിലായത്. 110 ഗ്രാം എംഡിഎംഎയും ലഹരി വിറ്റു കിട്ടിയ പണവും ഇവരില്‍ നിന്നും പിടികൂടിയിരുന്നു.
മാധ്യമങ്ങള്‍ക്ക് നല്‍കാനായി എക്സൈസ് പകര്‍ത്തിയ വീഡിയോയില്‍ സാക്ഷിയായ ഹോട്ടല്‍ മാനേജറായ യുവതിയും ഉള്‍പ്പെട്ടിരുന്നു. യുവതി സാക്ഷിയായ ഒപ്പിടുന്ന ദൃശ്യമാണ് ഇതിലുള്ളത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അവരെ പ്രതിയായി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദത്തിലായ യുവതി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ തെറ്റിദ്ധാരണ തനിക്ക് മാനക്കേടും ദുഃഖവും ഉണ്ടാക്കി എന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. പ്രചരിച്ച ദൃശ്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Tags : Witness complaints drug and narcotic case