x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാപ്പ ആക്ടും ക്രിമിനൽ കേസുകളും; സുഗതന്‍റെ കൗൺസിലർ സ്ഥാനം തുലാസിൽ

തിരുവനന്തപുരം ബ്യൂറോ
Published: June 11, 2026 11:48 AM IST | Updated: June 11, 2026 11:48 AM IST

ആർ. സുഗതൻ

പേരൂർക്കട: കാപ്പ ആക്ടിൽ ഉൾപ്പെടുകയും കരുതൽ തടങ്കലിലാകുകയും നിരവധി ക്രിമിനൽ കേസുകളിൽ ഏർപ്പെടുകയും ചെയ്ത വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സുഗതന്‍റെ കൗൺസിലർ സ്ഥാനം തുലാസിൽ. വെറും 54 വോട്ടിനു വാഴോട്ടുകോണം വാർഡിൽനിന്നു കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട സുഗതൻ ഈ സ്ഥാനം വഹിക്കുന്നതിനു മുൻപും പിൻപും ക്രിമിനൽ കേസുകളിൽ ഏർപ്പെട്ടിട്ടുണ്ട്. വാർഡിൽ സിപിഎമ്മിനു റിബൽ സ്ഥാനാർഥി വന്നതാണ് സുഗതന്‍റെ കൗൺസിലർ സ്ഥാനത്തേക്കുള്ള രംഗപ്രവേശം എളുപ്പമാക്കിയത്.

നിരവധി കേസുകൾ

വട്ടിയൂർക്കാവിലെ ഒരു കുത്ത് കേസ്, പാപ്പാട് മഹിളാമന്ദിരത്തിന്‍റെ ഉദ്ഘാടനത്തിനു തൊട്ടുമുൻപ് മന്ദിരം പൂട്ടി താക്കോൽ കൊണ്ടു ഒളിവിൽപ്പോയ സംഭവം, വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ മർദിച്ച സംഭവം എന്നിങ്ങനെ നീളുന്നു സുഗതന് എതിരേയുള്ള കേസുകൾ. മൂന്നു കൗൺസിലിൽ തുടർച്ചയായി പങ്കെടുക്കാതെ വന്നാൽ മാത്രമേ കൗൺസിലർ സ്ഥാനം നഷ്ടപ്പെടുകയുള്ളൂവെന്നും അല്ലാതെ തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ടു സുഗതനു കൗൺസിലർ ആകുന്നതിനു യാതൊരു പ്രശ്നവും ഇല്ലെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്. കാപ്പ ആക്ട് പ്രകാരം ആറു മാസമെങ്കിലും സുഗതന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. ജാമ്യം ലഭിക്കുന്ന കാര്യം വളരെ സംശയമാണ്.

കഴിഞ്ഞ ദിവസം സുഗതനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ബിജെപി പ്രവർത്തകർ വൻ പ്രക്ഷോഭം ഉണ്ടാക്കിയിരുന്നു. കൗൺസിലിൽ തുടർച്ചയായി പങ്കെടുക്കാതെ വന്നാൽ മാത്രമേ സുഗതനെ തിരുവനന്തപുരം നഗരസഭ അയോഗ്യനാക്കേണ്ടതുള്ളൂ. എന്നാൽ, ബിജെപി ഭരിക്കുന്ന കൗൺസിൽ അതിനു മുതിരാൻ ഇടയില്ല. കാപ്പ ആക്ടും ക്രിമിനൽ കേസും ഉള്ള സ്ഥിതിക്കു സുഗതനു വീണ്ടും കൗൺസിലറായി തുടരാൻ സാധിക്കില്ലെന്നാണ് നിയമകാര്യ വിദഗ്ധർ പറയുന്നത്. അതേസമയം, ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം ഇയാൾക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകേണ്ടതുണ്ട്. സിപിഎം നേതൃത്വം പരാതിയുമായി എത്തുമെന്ന കാര്യം ഉറപ്പാണ്.

കൗൺസിലർക്കെതിരേ കാപ്പ

അങ്ങനെയെങ്കിൽ വാഴോട്ടുകോണം വാർഡ് വരും ദിവസങ്ങളിൽ മേയർ വി.വി രാജേഷിന്‍റെ മേൽനോട്ടത്തിലാകും. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽതന്നെ ഒരു കൗൺസിലർ കാപ്പ പ്രകാരം ജയിലിൽ ആകുന്നത് ആദ്യമാണ്. ഒരു വാർഡ് കൗൺസിലർക്കെതിരേ കാപ്പ ആക്ട് ചുമത്തുന്നതും അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിൽ ആക്കുന്നതും നിരവധി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചിരുന്നു. നിരവധി ക്രിമിനൽ കേസുകളുടെ പശ്ചാത്തലമുള്ള സുഗതൻ വാർഡ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത് എങ്ങനെയെന്ന കാര്യം ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

നിലവിൽ വാഴോട്ടുകോണം വാർഡിൽ, വാർഡ് കൗൺസിലറുടെ ഓഫീസ് സ്ഥിതിചെയ്യുന്നുണ്ട്. അതിന്‍റെ മേൽനോട്ടവും ഇനി മേയറുടെ കീഴിലാകും. അതിനിടെ, സുഗതൻ തിരുവനന്തപുരം നഗരസഭയുടെ രണ്ടു കൗൺസിലുകളിൽ പങ്കെടുത്തിട്ടില്ല എന്ന് എതിർപക്ഷം പറയുന്നുണ്ട്. അറസ്റ്റിലാകാതിരിക്കുന്നതിനു വേണ്ടി ഉളിവിൽ കഴിഞ്ഞ കാലയളവാണ് ഇത്.
മൂന്നു കൗൺസിലുകളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ വാർഡ് കൗൺസിലർ സ്ഥാനം നഷ്ടമാകും. ഒരു മാസത്തിൽ ഒരിക്കലാണ് നഗരസഭ കൗൺസിൽ ചേരുന്നത്. കരുതൽ തടങ്കലിൽ കഴിയുന്ന സുഗതന് അടുത്ത കാലത്ത് പുറത്തിറങ്ങാൻ കഴിയില്ല എന്നുള്ള സൂചന ഉള്ളതിനാൽ മൂന്നാമത്തെ കൗൺസിലിലും ഇയാൾക്കു പങ്കെടുക്കാൻ സാധിക്കുകയില്ല. അപ്പോൾതന്നെ കൗൺസിലർ സ്ഥാനം നഷ്ടപ്പെടുമെന്നാണ് പ്രതിപക്ഷനിര ചൂണ്ടിക്കാട്ടുന്നത്.

ഭരണവും തുലാസിലാകും

ഇക്കാര്യത്തിൽ ബിജെപി പ്രാദേശിക നേതൃത്വവും നഗരസഭ മേയർ വി.വി. രാജേഷും എന്തു നടപടികളിലേക്കു പോകുമെന്നതാണ് ഇനി അറിയേണ്ടത്. ഒരു നഗരസഭാ വാർഡ് തുടർച്ചയായ അഞ്ചു വർഷം മേയറുടെ കീഴിൽ ഭരിക്കപ്പെട്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ പിന്തുണയോടുകൂടിയാണ് തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണം മുന്നോട്ടു പോകുന്നത്. അതിനിടെ, വാഴോട്ടുകോണം വാർഡിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയും ബിജെപിക്കു വാർഡ് നിലനിർത്താൻ സാധിക്കാതെ വരികയും ചെയ്താൽ അതു നഗരസഭ ഭരണത്തെയും ബാധിക്കും. അതേസമയം, ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കുമെന്നാണ് മേയർ വി.വി. രാജേഷ് പറയുന്നത്. പോലീസിന്‍റെ നടപടി ശരിയായ ദിശയിൽ ആയിരുന്നില്ലെന്നും നഗരസഭാ ഭരണത്തിലോ വാഴോട്ടുകോണം വാർഡിന്‍റെ കാര്യത്തിലോ യാതൊരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ലെന്നും മേയർ പ്രതികരിച്ചു.

Tags : criminal cases councilor arrest police Thiruvananthapuram jail

Recent News

Corehub Up