കേരള ഹൈക്കോടതി
കൊച്ചി: കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പോലീസ് സംരക്ഷണം തുടരണമെന്നും കോടതി അനുമതിയില്ലാതെ ആര്‍ക്കും കൈമാറരുതെന്നും ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടി ഇപ്പോള്‍ കഴിയുന്ന കൊച്ചി നഗരപരിധിയില്‍നിന്ന് പുറത്തേക്കു മാറ്റാന്‍ അനുവദിക്കരുതെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചു.
പെണ്‍കുട്ടിയെ മധ്യപ്രദേശിലുള്ള മാതാപിതാക്കള്‍ക്കു കൈമാറണമെന്ന ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റെ ആവശ്യം തള്ളിയാണ് ഉത്തരവ്. പട്ടിക വര്‍ഗ കമ്മീഷന്റെ ഉത്തരവ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസറാണ് രജിസ്ട്രാര്‍ മുഖേന കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ ജീവനു ഭീഷണയുണ്ടെന്നും മുസ്ലിം സമുദായക്കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടി നാട്ടിലെത്തിയാല്‍ ദുരഭിമാന കൊലയ്ക്ക് ഇരയാക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള ഹര്‍ജിക്കാരിയുടെ അഭിഭാഷകയുടെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.
കോടതിയുടെ പരിഗണനയിലുള്ള കേസില്‍ എങ്ങനെയാണു ദേശീയ കമ്മീഷന് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനാകുകയെന്ന് കോടതി ചോദിച്ചു. അതുപോലെ കോടതിയുടെ പരിഗണനയിലുള്ള കേസില്‍ എസ്എച്ച്ഒ നേരിട്ട് രജിസ്ട്രാര്‍ക്ക് കത്തെഴുതിയ നടപടിയെയും കോടതി വിമര്‍ശിച്ചു.
മുഹമ്മദ് ഫര്‍മാനെ വിവാഹം ചെയ്തതിനു പിന്നാലെ തനിക്കെതിരേ ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നുണ്ടെന്നും ജീവനു ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
നേരത്തേ നല്കിയ ഹര്‍ജിയില്‍ പോലീസ് സംരക്ഷണം നല്കാന് നിര്‍ദേശിച്ച് കോടതി ഇടക്കാല ഉത്തരവിട്ടെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന പോലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് വീണ്ടും ഹര്‍ജി നല്‍കുകയും സംരക്ഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
Tags : KeralHighCourt KumbhMela ViralStar handed security ensured