കൊച്ചി: ചെക്കു കേസുകളില്‍ ശിക്ഷിച്ചതിന്റെ പേരില്‍ തന്നെ അയോഗ്യനാക്കണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്നു മാണി സി. കാപ്പന് എംഎല്‍എ ഹൈക്കോടതിയില്‍.
ഭരണഘടനയുടെ 191, 192 അനുച്ഛേദങ്ങള്‍ പ്രകാരം ഒരു എംഎല്‍എയെ അയോഗ്യനാക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കു മാത്രമാണെന്നും പരാതിക്കാരനായ ദിനേഷ് മേനോന് നല്കിയ ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്നുമടക്കം ചൂണ്ടിക്കാട്ടി നല്കിയ സത്യവാങ്മൂലത്തിലാണ് ഈ വാദം ഉന്നയിച്ചിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ എട്ട്(മൂന്ന്) പ്രകാരം ഒരാള്‍ക്ക് അയോഗ്യത വരണമെങ്കില്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കണമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
നാലു വ്യത്യസ്ത കേസുകളിലായി ലഭിച്ച ശിക്ഷകള്‍ കൂട്ടിച്ചേര്‍ത്താണ് മൂന്നര വര്‍ഷമെന്ന് ഹര്ജിക്കാരന് പറയുന്നത്. നാല് ചെക്കുകേസുകളിലും വെവ്വേറെ വിചാരണയും വിധിയുമാണുണ്ടായത്. ഇതില്‍ മൂന്നു കേസുകളില്‍ ഒരു വര്‍ഷം വീതവും ഒരു കേസില്‍ ആറു മാസവുമാണ് ശിക്ഷ. ഒരു കേസില്‍പ്പോലും ശിക്ഷാ കാലാവധി രണ്ടു വര്‍ഷമോ അധിലധികമോ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മഹാരാഷ്ട്ര ബോറിവാലി മജിസ്ട്രേറ്റ് കോടതിയില്‍ ദിനേഷ് മേനോന് നല്കിയ നാല് ചെക്കുകേസുകളിലായി മാണി സി. കാപ്പനെ മൂന്നര വര്‍ഷം തടവിനു ശിക്ഷിച്ചത് ചൂണ്ടിക്കാട്ടിയാണ് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്നത്. കേസ് നാളെ പരിഗണിക്കും.