രമേശൻ പാലേരിയുടെ മൃതദേഹം കോഴിക്കോട് ടൗണ്‍ ഹാളിലേക്ക് എത്തിച്ചപ്പോൾ.
കോഴിക്കോട്: വന്‍കിട കരാറുകാരും കമ്പനികളും അടക്കി വാണിരുന്ന നിര്‍മാണ രംഗത്തേക്ക് കടത്തനാടന്‍ ശൈലിയില്‍ ചുവടുവച്ച് കയറി അങ്കത്തട്ടില്‍ വിജയം കുറിച്ച ഊരാളുങ്കല്‍ സേനയെ നിയന്ത്രിച്ചിരുന്ന അസാധാരണ വ്യക്തിത്വമായിരുന്നു രമേശന് പാലേരി. ഒരിക്കല്‍ പരിചയപ്പെട്ടവരെല്ലാം അദ്ദേഹത്തെ വീണ്ടും ഓര്‍മിക്കുന്നതിനു പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്.
സൗമ്യമായ പെരുമാറ്റം, വിനയം കൈവിടാത്ത ഇടപെടല്‍, രാഷ്ട്രീയഭേദമെന്യേ എല്ലാ മേഖലകളിലും ആര്‍ജിക്കാനായ സ്നേഹവും ആദരവും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമാണ് വിളിച്ചോതുന്നത്. ഇന്നലെ കോഴിക്കോട് ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. അദ്ദേഹത്തിന്റെ വിയോഗമറിഞ്ഞ് പല പ്രമുഖരും ഏറെ വൈകാരികമായ കുറിപ്പുകളാണ് പങ്കുവച്ചത്.
►നിര്‍മാണ ലാഭം സര്‍ക്കാരിനു തിരിച്ചു നല്കിയ പാലേരി
ഗതാഗതക്കുരുക്കില്‍ പൊറുതിമുട്ടിയ കോഴിക്കോട് നഗരത്തില്‍ രണ്ടു മേല്‍പ്പാലങ്ങള്‍ പണിയാന്‍ പൊതുമരാമത്ത് വകുപ്പ് കരാര്‍ ഉറപ്പിച്ചത് 126.37 കോടി രൂപയ്ക്കായിരുന്നു. വ്യവസ്ഥകള്‍ പൂര്‍ണമായും പാലിച്ച് കരാറിലെ സമയപരിധിക്കു മുമ്പ് പണി പൂര്‍ത്തിയാക്കി കരാറുകാരന് സര്‍ക്കാരിന് തിരിച്ചു നല്‍കിയത് 17.37 കോടി രൂപ. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ നിര്‍മാണ ലാഭം പൊതുഖജനാവിന് സമ്മാനിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്)യെ മുഖ്യമന്ത്രിയും മരാമത്ത് മന്ത്രിയും പ്രശംസകൊണ്ട് മൂടിയത് രാമനാട്ടുകര, തൊണ്ടയാട് മേല്പാലങ്ങളുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു.
►നാടറിയുന്നതിനു മുന്നേ ലോകമറിഞ്ഞു
ഊരാളുങ്കല്‍ സൊസൈറ്റിയുടെ മഹത്വം നാട് തിരിച്ചറിയുന്നതിനു മുമ്പുതന്നെ ലോകം തിരിച്ചറിഞ്ഞിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വികസന പദ്ധതി വിഭാഗം മാതൃകാസംഘമായി ഊരാളുങ്കലിനെ തെരഞ്ഞെടുത്തതിനു മറ്റൊരു കാരണമില്ല. ഊരാളുങ്കല്‍ പണ്ട് അന്ധവിശ്വാസങ്ങളും ജാതി വിവേചനവുമൊക്കെ നിലനിന്നിരുന്നു ഒരു ഗ്രാമമായിരുന്നു. സാമൂഹിക പരിഷ്കര്‍ത്താവ് വാഗ്ഭടാനന്ദ ഗുരുവിന്റെ ആത്മവിദ്യാ സംഘത്തില്‍ ഗ്രാമത്തിലെ ഏതാനും പേര് സംഘടിച്ചതാണ് വലിയൊരു ചരിത്രത്തിന് പില്ക്കാലത്ത് കാരണമായത്.
ജീവിതം വഴിമുട്ടിയവര്‍ക്ക് ഗുരു കാണിച്ച വഴിയായിരുന്നു ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സഹകരണ സംഘം. 1925 ഫെബ്രുവരി 13ന് രജിസ്റ്റര്‍ ചെയ്ത സംഘം ആദ്യത്തെ ഒരു വര്‍ഷക്കാലം പണിയൊന്നും കിട്ടാതെ പിരിച്ചുവിടേണ്ട അവസ്ഥയിലായിരുന്നു. പിന്നീട് മതിലുകളും വേലികളും കിണറുകളും കിടങ്ങുകളും കുഴിച്ചും കാര്‍ഷിക ജോലികള്‍ ഏറ്റെടുത്തും കിട്ടുന്ന ചെറിയ സംഖ്യ കൊണ്ട് സംഘം മുന്നോട്ട് നീങ്ങി. സ്വാതന്ത്ര്യാനന്തരം നാട്ടിലെ ചില നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സംഘം പങ്കാളിയായി.
1070കളില്‍ ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങള്‍ക്ക് മരാമത്ത് പ്രവൃത്തികളില്‍ പരിഗണന ലഭിക്കാന്‍ തുടങ്ങിയത് ഊരാളുങ്കല്‍ സംഘത്തിനും ആശ്വാസമായെങ്കിലും സാങ്കേതിക ജ്ഞാനവും വൈദഗ്ധ്യവുമില്ലാത്ത തൊഴില്‍ സേന എന്നത് കടുത്ത വെല്ലുവിളിയുയര്‍ത്തി. ഇതു മറികടക്കാനുള്ള ആലോചനയുടെ ഭാഗമായാണ് രമേശന് പാലേരി എന്ന 37കാരനെ 1995ല്‍ സംഘത്തിന്റെ തലപ്പത്ത് നിയോഗിച്ചത്. നിര്‍മാണ മേഖലയും മാനേജുമെന്റ്മായും ബന്ധപ്പെട്ട് ഉന്നത ബിരുദങ്ങളോ വിദഗ്ധ പരിശീലനങ്ങളോ നേട്ടങ്ങളുടെ പട്ടികയില്‍ ഇല്ലാതിരുന്നിട്ടും രമേശന്റെ സംഘാടന വൈഭവവും മാനേജ്മെന്റ് വൈദഗ്ധ്യവുമാണ് യുഎല്‍സിസിഎസിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായത്.
►വിജയഗാഥ ഒഞ്ചിയത്തുനിന്ന്
1931 മുതല്‍ 1949 വരെ ഊരാളുങ്കല്‍ സംഘത്തെ നയിച്ച പാലേരി ചന്ദമ്മാന്റെ ചെറുമകനും 1952 മുതല്‍ 1984 വരെ 32 വര്‍ഷം നയിച്ച പാലേരി കണാരന്റെ മകനുമായ രമേശന് 1984ല്‍ ഓവര്‍സിയറായി സംഘത്തില്‍ ജോലിക്ക് ചേര്‍ന്നത് അപ്രതീക്ഷിത സാഹചര്യത്തിലായിരുന്നു. അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞത് ഗള്‍ഫില്‍നിന്ന് നാട്ടിലേക്കു തിരിച്ച രമേശന് സംഘത്തില്‍ ജോലിക്കു ചേരുകയായിരുന്നു. സ്ഥാപനത്തിന്റെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗിക്കാനും തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം നല്‍കാനുമുള്ള ശ്രമങ്ങള്‍ വിജയംകണ്ടു. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിര്‍മാണ ജോലി ഏറ്റെടുത്തു തുടങ്ങി.
ഒഞ്ചിയം പഞ്ചായത്തിന്റെ നിര്‍മാണ ജോലികള്‍ കാര്യക്ഷമവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കിയപ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ ചുമതലകള്‍ നല്കി. ചോറോട്, ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളുടെയും വടകര നഗരസഭയുടെയും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ജോലികള്‍ പരാതിക്കിടയില്ലാത്തവിധം പൂര്‍ത്തിയാക്കി. തുടര്‍ന്ന് യുഎല്‍സിസിഎസിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മരാമത്ത് പ്രവൃത്തികള്‍ നടത്താന്‍ അക്രഡിറ്റഡ് ഏജന്‍സി എന്ന അംഗീകാരം ലഭിച്ചു. പിന്നീടുള്ള വളര്‍ച്ച അതിവേഗമായിരുന്നു. പ്രവൃത്തികളുടെ എണ്ണം വര്‍ധിച്ചപ്പോഴും ഗുണമേന്മയില് വിട്ടുവീഴ്ചയ്ക്കു തയാറാവാത്തത് യുഎല്‍സിസിഎസിന്റെ വിശ്വാസ്യത വര്‍ധിപ്പിച്ചു.
മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ 40ഓളം വലിയ പാലങ്ങള്‍, 500ഓളം ചെറിയ പാലങ്ങള്‍, നാലര ലക്ഷം കിലോമീറ്റര്‍ വലിയ റോഡുകള്‍, രണ്ടര ലക്ഷം കിലോമീറ്റര്‍ ഉള്‍നാടന്‍ റോഡുകള്‍ തുടങ്ങി സംഘം പൂര്‍ത്തിയാക്കിയ നിര്മാണപട്ടിക വലുതാണ്. നിര്‍മാണ സാധനങ്ങളുടെ ഗുണമേന്മയും ലഭ്യതയും ഉറപ്പുവരുത്തുന്നതിനായി ക്വാറികളും ക്രഷറുകളും തുടങ്ങി. നൂറുകണക്കിന് വാഹനങ്ങളും യന്ത്രങ്ങളും സ്വന്തമായുള്ള സംഘത്തിന് മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ് വിഭാഗങ്ങളുണ്ട്.
►ഐടി രംഗത്തും മുന്നേറ്റം
രമേശന് പാലേരിയുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ സംഘം ഐടി രംഗത്തും വലിയ മുന്നേറ്റം നടത്തി. 600 കോടി രൂപ മുതല്‍ മുടക്കി കോഴിക്കോട്ട് സൈബര്‍ പാര്‍ക്ക് സ്ഥാപിച്ചു. അഞ്ചു ലക്ഷം ചതുരശ്രയടി സ്ഥലമാണ് സൈബര്‍ പാര്‍ക്കിനുള്ളത്. 34 ഐടി സ്ഥാപനങ്ങളിലായി 1500ഓളം പേര് ജോലി ചെയ്യുന്നു. യുഎല്‍ ടെക്നോളജി സൊലൂഷന്‍സ് എന്ന പേരില്‍ സ്വന്തമായി സോഫ്റ്റ്വേര്‍ കമ്പനി തുടങ്ങാനും സംഘത്തിനു കഴിഞ്ഞു.
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയ്ക്കും തൊഴില്‍ രംഗത്ത് നൈപുണ്യവികസനത്തിനും പ്രാധാന്യം നല്കി ചവറയില്‍ യുഎല്‍സിസിഎസ് ആരംഭിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനും ഹിറ്റായി. ചെറുകിട- കുടില്‍ വ്യവസായങ്ങളും കൈത്തൊഴിലുകളും ഒരു കുടക്കീഴില് പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് സംഘത്തിന്റെ മറ്റൊരു സംരംഭമാണ്.
Tags : UralungalSociety Commander RemeshanPaleri Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash