സിനദീൻ സിദാൻ
പാരീസ്: ഒടുവില്‍ കാത്തിരുന്ന പ്രഖ്യാപനമെത്തി. ഫ്രഞ്ച് പുരുഷ ഫുട്ബോള്‍ ടീമിനെ മുന്‍ സൂപ്പര്‍ താരം സിനദീന്‍ സിദാന് പരിശീലിപ്പിക്കും. 2026 ഫിഫ ലോകകപ്പോടെ മുന്‍പരിശീലകന്‍ ദിദിയെ ദേഷാംപ് പരിശീലക വേഷം അഴിച്ചുവച്ചിരുന്നു.
ദേഷാംപിന്റെ പിന്മുറക്കാരനായി സിദാന് എത്തുമെന്ന് നേരത്തേ തീരുമാനമായതാണ്. ഇക്കാര്യം ഇന്നലെ ഫ്രാന്‍സ് ഫുട്ബോള്‍ ഫെഡറേഷന് (എഫ്എഫ്എഫ്) ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1998ല്‍ ഫ്രാന്‍സിനെ ഫിഫ ലോകകപ്പ് കിരീടത്തില്‍ എത്തിച്ചവനാണ് സിദാന്. പിന്നാലെ നടന്ന 2000 യൂറോ കപ്പിലും സിദാന്റെ ഫ്രാന്‍സ് ചാമ്പ്യന്മാരായി.
2006ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഇറ്റലിയുടെ മാര്‍ക്കൊ മറ്റെരാസിയെ തലകൊണ്ട് ഇടിച്ചുവീഴ്ത്തിയതോടെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ടതോടെ ഫ്രാന്‍സിനെ കീഴടക്കി ഇറ്റലി കപ്പുയര്‍ത്തുകയും ചെയ്തു.
നാലു വര്‍ഷം കരാര്‍
നാലു വര്‍ഷ കരാറിലാണ് സിദാന് ഫ്രാന്‍സിന്റെ മുഖ്യപരിശീലകസ്ഥാനത്ത് എത്തിയിരിക്കുന്നത്. 2006 ഫിഫ ലോകകപ്പ് ഫൈനലിലെ ചുവപ്പുകാര്‍ഡിനു പിന്നാലെ പ്രഫഷണല്‍ ഫുട്ബോളില്‍നിന്ന് സിദാന് വിരമിക്കല്‍ പ്രഖ്യാപിച്ചു. നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലേ ബ്ലൂസിന്റെ ക്യാമ്പിലേക്ക് സിദാന് തിരിച്ചെത്തിയിരിക്കുകയാണ്.
ഫ്രാന്‍സ് ആദ്യമായി ഫിഫ ലോകകപ്പ് സ്വന്തമാക്കിയ 1998 ടീമിന്റെ ക്യാപ്റ്റനായിരുന്നു ദിദിയെ ദേഷാംപ്. അതേടീമിലെ മറ്റൊരാള്‍ ഫ്രാന്‍സിന്റെ മാനേജര്‍ സ്ഥാനത്ത് എത്തുന്നു എന്നതും സിദാന്റെ വരവിലെ പ്രത്യേകതയാണ്. 2012 മുതല്‍ 2026വരെയായി 14 വര്‍ഷം ദിദിയെ ദേഷാംപ് ഫ്രാന്‍സിന്റെ മുഖ്യപരിശീലകനായിരുന്നു. 64.90 ആയിരുന്നു ഫ്രഞ്ച് മാനേജര്‍ സ്ഥാനത്ത് ദേഷാംപിന്റെ വിജയശതമാനം.
റയലില്‍നിന്ന് ഫ്രാന്‍സ്
സിദ്ദാന് സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ മുഖ്യപരിശീലകനായിരുന്നു. തുടര്‍ച്ചയായി മൂന്നു തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ ലോകത്തിലെ ഏക മാനേജരാണ് സിദ്ദാന്. 2015-16, 2016-17, 2017-18 സീസണുകളിലായിരുന്നു സിദ്ദാന്റെ ശിക്ഷണത്തില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തിയത്.
2006ല്‍ പ്രഫഷണല്‍ ഫുട്ബോളില്‍നിന്ന് വിരമിച്ചെങ്കിലും 2014 ജൂണില്‍ റയല്‍ മാഡ്രിഡ് ജൂണിയര്‍ ടീമിന്റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. 2016 മുതല്‍ 2018വരെ റയലിന്റെ സീനിയര്‍ ടീമിന്റെ മാനേജര്‍ സ്ഥാനത്ത്. പിന്നീട് 2019 മുതല്‍ 2021വരെ റയലില്‍ രണ്ടാം വരവ്. മാനേജരായി 11 ട്രോഫികള്‍ റയല്‍ മാഡ്രിഡില്‍ എത്തിച്ചു. 2021 ജൂണില്‍ റയലിന്റെ മാനേജര്‍ റോളില്‍നിന്ന് പടിയിറങ്ങി. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സിദാന് വീണ്ടും മാനേജര്‍ കുപ്പായമണിയുന്നു; ഫ്രഞ്ച് ഫുട്ബോളില്‍ വീണ്ടും സിദാന് വസന്തം...

ഇറ്റലി x ഫ്രാന്‍സ് ഫിഫ 2006 ലോകകപ്പ് ഫൈനലിന്റെ 110-ാം മിനിറ്റിലാണ് മാര്‍ക്കൊ മറ്റെരാസിയെ തലകൊണ്ട് ഇടിച്ചുവീഴ്ത്തിയതിനു ചുവപ്പുകാര്‍ഡ് കണ്ട് സിനദീന്‍ സിദാന് മൈതാനം വിട്ടത്.
ഏഴാം മിനിറ്റില്‍ സിദാന്റെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ലീഡ് നേടി. എന്നാല്‍, 19-ാം മിനിറ്റില്‍ മറ്റെരാസിയുടെ ഗോളില്‍ ഇറ്റലി ഒപ്പമെത്തി. മത്സരം അധിക സമയത്തേക്കു നീണ്ടപ്പോള്‍ സിദാനെ നഷ്ടപ്പെട്ടത് ഫ്രാന്‍സിനു തിരിച്ചടിയായി. ഷൂട്ടൗട്ടില്‍ 5-3നു ജയിച്ച് ഇറ്റലി കപ്പുയര്‍ത്തി.
പെങ്ങളെച്ചേര്ത്ത് അസഭ്യം പറഞ്ഞതാണ് തന്റെ നിയന്ത്രണം നഷ്ടപ്പെടുത്തിയതെന്നും അതില്‍ ഖേദിക്കുന്നെന്നും സിദാന് പിന്നീട് വെളിപ്പെടുത്തി.
സിദാന്റെ പെങ്ങളെ വാക്കാല്‍ അപമാനിച്ചതായി വർഷങ്ങൾക്ക്ശേഷം മറ്റെരാസി സമ്മതിച്ചു. പിന്നീട് ഇതുവരെ സിദാനുമായി നേരില്കണ്ടിട്ടില്ലെന്നും മറ്റെരാസി പറഞ്ഞു.
Tags : ZinedineZidane France Coach Sports FootballTeam