മെഡ്ജുഗോറെയിൽ അതിക്രമം നടന്ന സ്ഥലം
മെഡ്ജുഗോറെ: യൂറോപ്പിലെ പ്രമുഖ മരിയൻ തീർഥാടനകേന്ദ്രങ്ങളിലൊന്നായ ബോസ്നിയ ആൻഡ് ഹെർസെഗോവിനയിലെ മെഡ്ജുഗോറെയിൽ അതിക്രമം. അക്രമികൾ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപങ്ങൾ വികൃതമാക്കുകയും ഔട്ട്ഡോർ അൾത്താരയ്ക്ക് തീയിടുകയും ചെയ്തു.
അമ്പതിനായിരത്തിലേറെ യുവജനങ്ങൾ പങ്കെടുക്കുന്ന വാർഷിക പ്രാർഥനാസംഗമത്തിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ അതിക്രമം.
സംഭവത്തിൽ ബോസ്നിയൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണു സംഭവം ശ്രദ്ധയിൽപ്പെട്ടത്. പുലർച്ചെ 4.30ഓടെ ബിജാക്കോവിച്ചിയിലെ പരിശുദ്ധ കന്യാമാതാവിന്റെ തിരുസ്വരൂപം നശിപ്പിക്കപ്പെടുകയും അപകീർത്തികരമായ വാക്കുകൾ എഴുതുകയും ചെയ്തു. ഈ സംഭവത്തിന് അരമണിക്കൂറിനുശേഷം സെന്റ് ജെയിംസ് പള്ളിയുടെ പിന്നിലുള്ള ഔട്ട്ഡോർ അൾത്താരയ്ക്ക് തീയിടുകയും ചെയ്തു.
പരിശുദ്ധ കന്യാമറിയത്തിന്റെ ദർശനം നടന്ന അപ്പാരിഷൻ ഹില്ലിലെ തിരുസ്വരൂപത്തിന്റെ മുഖത്തും കൈകളിലും നെഞ്ചിലും കറുത്ത പെയിന്റ് ഒഴിച്ച നിലയിലായിരുന്നു. തിരുസ്വരൂപത്തിന്റെ പീഠത്തിൽ അപകീർത്തികരമായ വാചകങ്ങൾ എഴുതിയിട്ടുമുണ്ടായിരുന്നു.
സമീപത്തുള്ള ‘ബ്ലൂ ക്രൂസ്’ പ്രദേശത്തെ തിരുസ്വരൂപത്തിനുനേരേയും സമാനമായ അതിക്രമം നടന്നു. 1981 മുതൽ കന്യാമറിയത്തിന്റെ ദർശനങ്ങൾ ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ആറ് ദർശകർക്കെതിരേ ഇംഗ്ലീഷിലും പോളിഷ് ഭാഷയിലുമുള്ള സന്ദേശങ്ങൾ അടങ്ങിയ ബാനറുകളും സ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ട്.
അക്രമിയായ ഒരാൾ പുലർച്ചെ കാനിസ്റ്ററുമായി അൾത്താരയിലെത്തി ദ്രാവകം ഒഴിച്ച് തീയിടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിക്രമത്തിൽ വെറുപ്പോ പ്രതികാര ചിന്തയോ പ്രകടിപ്പിക്കരുതെന്നും പ്രാർഥനയിലൂടെയും ക്ഷമയിലൂടെയും നേരിടണമെന്നും സഭാനേതൃത്വം അഭ്യർഥിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ നടക്കാനിരിക്കുന്ന 37-ാമത് അന്താരാഷ്ട്ര യുവജന മഹോത്സവം മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു.
Tags : Medjugorje Violence Pilgrimage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash