ആന്ദ്രെ കിമി അന്റോനെല്ലി
ഹംഗേറിയൻ ഗ്രാൻപ്രീക്കു ശേഷം 2026 സീസൺ ഫോർമുല വണ്‍ മിഡ് സീസണ് ബ്രേക്കിലേക്കു കടക്കുന്പോൾ ട്രാക്കിലെ ഏകാധിപതിയായി കുതിക്കുകയാണ് മെഴ്സിഡസിന്റെ 19കാരൻ ആന്ദ്രെ കിമി അന്റോനെല്ലി. സീസണിന്റെ ആദ്യപകുതി അവസാനിക്കുന്പോൾ ഡ്രൈവർമാരുടെ ചാന്പ്യൻഷിപ്പിൽ അന്റോനെല്ലി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്. ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടണിനെക്കാൾ 50 പോയിന്റിന്റെയും ജോർജ് റസലിനെക്കാൾ 59 പോയിന്റിന്റെയും ലീഡുമായാണ് കിമി വേനലവധിക്ക് ട്രാക്ക് വിടുന്നത്.
ഓഗസ്റ്റ് 25നു 20 വയസ് തികയുന്ന അന്റോനെല്ലി നിലവിലെ ലീഡ് നിലനിർത്തുകയാണെങ്കിൽ ഫോർമുല വണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാന്പ്യനാകും. നിലവിൽ ഈ റിക്കാർഡ് 2010ൽ 23 വയസും 134 ദിവസവും പ്രായമുള്ളപ്പോൾ ലോകകിരീടം നേടിയ സെബാസ്റ്റ്യൻ വെറ്റലിന്റെ പേരിലാണ്.
2026 സീസണിൽ നിലവിൽ വന്ന പുതിയ സാങ്കേതികനിയമങ്ങളും മെഴ്സിഡസിനു മുതൽക്കൂട്ടായി. എന്നാൽ, ടീമിന്റെ പരിചയസന്പന്നനായ ജോർജ് റസൽ അല്ല, ടീനേജ് സെൻസേഷൻ ഇറ്റാലിയൻ ഡ്രൈവർ അന്റോനെല്ലിയാണു കിരീടപ്പോരിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയത്.
റൂക്കി സീസണിൽ മൂന്ന് പോഡിയം ഫിനിഷുകൾ നേടിയ അന്റോനെല്ലി, ഈ വർഷം അതിശയിപ്പിക്കുന്ന പ്രകടനമാണു പുറത്തെടുത്തത്. മാർച്ചിൽ നടന്ന ചൈനീസ് ഗ്രാൻപ്രീയിൽ കരിയറിലെ ആദ്യവിജയം സ്വന്തമാക്കിയ അദ്ദേഹം തുടർച്ചയായി അഞ്ച് ഗ്രാൻപ്രീകളിൽ വിജയിച്ച് ഫോർമുല വണ്‍ ചരിത്രത്തിൽ ഈ നേട്ടം കൊയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവറായി. ഈ മാസം ബെൽജിയൻ ഗ്രാൻപ്രീയിലും ജയം കണ്ടതോടെ സീസണിൽ ആകെ ആറു വിജയങ്ങളുമായി ഫോർമുല വണ്ണിലെ താരോദയമായി മാറിയിരിക്കുകയാണ് അന്റോനെല്ലി.
ടീമംഗമായ ജോർജ് റസൽ കരിയറിൽ ആകെ നേടിയ വിജയങ്ങളേക്കാൾ ഒന്നു മാത്രം പിറകിൽ. ഹംഗേറിയൻ ഗ്രാൻപ്രീയിൽ ഗ്രിഡ് പെനാൽറ്റി കാരണം ഏഴാംസ്ഥാനത്തുനിന്ന് മത്സരം ആരംഭിക്കേണ്ടിവന്നെങ്കിലും കിമി മികച്ച തിരിച്ചുവരവിലൂടെ മൂന്നാംസ്ഥാനത്തെത്തി. മക്ലാരന്റെ നിലവിലെ ലോകചാന്പ്യൻ ലൻഡോ നോറിസ് ആണ് ഹംഗറിയിൽ വെന്നിക്കൊടി പാറിച്ചത്.
ഫെരാരിയുടെ ശക്തമായ തിരിച്ചുവരവ്
2025ൽ ഒരു ഗ്രാൻപ്രീ പോലും ജയിക്കാനാകാതിരുന്ന ഫെരാരി, ഈ സീസണിൽ ശ്രദ്ധേയമായ തിരിച്ചുവരവാണു നടത്തിയത്.
ജൂണിൽ ബാഴ്സലോണയിൽ നടന്ന സ്പാനിഷ് ഗ്രാൻപ്രീയിൽ ലൂയിസ് ഹാമിൽട്ടണ് ഫെറാരിക്കായി തന്റെ ആദ്യജയം സ്വന്തമാക്കി.തുടർന്ന് ബ്രിട്ടീഷ് ഗ്രാൻപ്രീയിൽ ചാൾസ് ലെക്ലെർക്ക് 37 മത്സരങ്ങളായി നീണ്ടുനിന്ന വിജയവരൾച്ച അവസാനിപ്പിച്ചു.
ഇതുവരെ പോൾ പൊസിഷൻ നേടാനായിട്ടില്ലെങ്കിലും, മികച്ച സ്റ്റാർട്ടുകളും സ്ഥിരതയാർന്ന റേസ് വേഗവും ഫെരാരിക്ക് കരുത്തായി. എന്നാൽ, ഹംഗേറിയൻ ഗ്രാൻപ്രീയിൽ നാലും അഞ്ചും സ്ഥാനങ്ങൾകൊണ്ട് ഫെരാരിക്കു തൃപ്തിപ്പെടേണ്ടിവന്നു.
2007ൽ ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാന്പ്നൗവിൽ നടന്ന ചാരിറ്റി ഫോട്ടോഷൂട്ടിൽ ഫുട്ബോളിലെ ഗോട്ട് സാക്ഷാൽ ലയണൽ മെസി അന്നു കുഞ്ഞായിരുന്ന ലാമിൻ യമാലിനൊപ്പമുള്ള ഫോട്ടോകൾ ശ്രദ്ധേയം. അന്നു ഷൂട്ടിനിടെ മെസി താലോലിച്ച ആ കുഞ്ഞ് യമാൽ 19 വർഷത്തിനിപ്പുറം മെസിയുടെ അർജന്റീനയെ തകർത്ത് സ്പെയിനിനെ 2026 ഫിഫ ലോകചാന്പ്യന്മാരാക്കി.
അന്നത്തെ മെസിയെയും യമാലിനെയും പോലെ ലൂയിസ് ഹാമിൽട്ടണും അന്റോനെല്ലിക്കും ഒരു കഥയുണ്ട്.
2018ൽ ഇറ്റാലിയൻ ഗ്രാൻപ്രീക്കിടെ ഗ്രിഡ് ബോയ് ആയി എത്തിയ അന്റോനെല്ലിയെന്ന 11 വയസുകാരന്റെ അന്നത്തെ ലോകചാന്പ്യൻ ഹാമിൽട്ടണൊപ്പമുള്ള ചിത്രങ്ങൾ ഇന്നു വൈറലാകുന്നു. ഫുട്ബോൾ കളത്തിൽ മെസിക്കു യമാൽ വച്ച ചെക്ക് എഫ് വണ്ണിൽ ഹാമിൽട്ടന് അന്റോനെല്ലി നൽകുമോയെന്നാണു കായികലോകം ഉറ്റുനോക്കുന്നത്.
Tags : sparkling youth Sports AndreKimiAntonelli FormulaOne Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash