എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്ന ‘ഫേസ് ഓഫ് ദ ഫേസ്ലെസ്’ സിനിമയുടെ വി
കൊച്ചി: പാവങ്ങൾക്കായി ജീവിതം സമർപ്പിച്ചതിന്റെ പേരിൽ ജീവിതം ബലികൊടുക്കേണ്ടിവന്ന പുണ്യവതിയാണു സിസ്റ്റർ റാണി മരിയയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കി നിർമിച്ച ‘ഫേസ് ഓഫ് ദ ഫേസ്ലെസ്’ സിനിമ അനവധി വെല്ലുവിളികളെ അതിജീവിച്ച് അനേകരെ സ്വാധീനിക്കുന്ന കലാവിഷ്കാരമായി മാറിയത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്സൺ ഔസേഫ് സംവിധാനം ചെയ്ത ‘ഫേസ് ഓഫ് ദ ഫേസ്ലെസ്’ സിനിമയുടെ വിജയാഘോഷം (ഗ്ലോബൽ സെലബ്രേഷൻ) എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ സിനിമ പുറത്തിറങ്ങാതിരിക്കാൻ പല കോണുകളിൽനിന്നും ശ്രമമുണ്ടായി. ഏറെ തടസങ്ങളുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചു മുന്നേറിയ സിനിമയ്ക്ക് ലോകമെന്പാടും അംഗീകാരം നേടാനായി. സംവിധായകനെയും നിർമാതാവിനെയും സിനിമയുടെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംവിധായകൻ ഷെയ്സൺ പി. ഔസേഫ്, നിർമാതാവ് സാന്ദ്ര ഡിസൂസ എന്നിവരെ മുഖ്യമന്ത്രി ഉപഹാരം നൽകി ആദരിച്ചു.
കെസിബിസി മീഡിയ കമ്മിഷനും ചാവറ കൾച്ചറൽ സെന്ററും ചേർന്നു നടത്തിയ പരിപാടിയിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. മന്ത്രി റോജി എം. ജോൺ, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, ഫാ. ജോർജ് പനക്കൽ, കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ, കെസിബിസി മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, കോർപറേഷൻ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ രഞ്ജൻ ഏബ്രഹാമിനെ ആദരിച്ചു. ചാവറ തിയറ്ററിൽ പ്രദർശിപ്പിച്ച സിനിമ കാണാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നു നിരവധി പേരെത്തി. സിസ്റ്റർ റാണി മരിയയുടെ കുടുംബാംഗങ്ങളും എഫ്സിസി സന്യാസിനിമാരും പരിപാടികളിൽ പങ്കെടുത്തു.
Tags : Sister Rani Maria Deepika DeepikaNewspaper BreakingNews was a virtuous life spent for the sake