കോട്ട: ഖാട്ടു ശ്യാംജി ക്ഷേത്രത്തിലെ തീർഥാടനം കഴിഞ്ഞ് മടങ്ങിയ കുടുംബാംഗങ്ങൾ സഞ്ചരിച്ച വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പടെ ഒമ്പതുപേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒന്നിന് രാജസ്ഥാനിലെ കോട്ട - ഉദയ്പുർ ദേശീയപാതയിലായിരുന്നു അപകടം.
മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമായതെന്നു പൊലിസ് പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
നവംബർ 17ന് ധൂലെയിൽനിന്ന് മൂന്ന് വാഹനങ്ങളിലായാണ് 36 പേർ തീർഥാടനത്തിന് പുറപ്പെട്ടതെന്ന് കുടുംബാംഗമായ പ്രദീപ് പറഞ്ഞു. ഓംകാരേശ്വർ, ഉജ്ജെയിൻ, സൻവാരിയ സേത്ത്, പുഷ്കർ, സലാസർ ബാലാജി എന്നിവിടങ്ങൾ സന്ദർശിച്ചശേഷം ഖാട്ടു ശ്യാംജി ക്ഷേത്രത്തിലെത്തി. ശനിയാഴ്ച വൈകുന്നേരം 4.30നാണ് ഇവർ ഇവിടെനിന്നു മടങ്ങിയത്.
Tags : Death Accident pilgrim vehicle collided Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash