Kerala
കോട്ടയം: ഇല്ലിക്കൽ പാലത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൊലിസിന് നേരെ അതിക്രമം നടത്തിയ കെഎസ്ഇബി ലൈൻമാൻ പിടിയിൽ. നാട്ടകം കെഎസ്ഇബി സെക്ഷനിലെ ലൈൻമാനായ മനോജാണ് മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തത്.
ശനിയാഴ്ച രാവിലെ കോട്ടയം വെസ്റ്റ് പൊലിസിന്റെ നേതൃത്വത്തിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മദ്യപിച്ചെത്തിയ പ്രതി ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിച്ച് വാഹനം നിർത്താതെ പോകാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് പൊലിസ് വാഹനം പിന്തുടർന്ന് തടഞ്ഞുനിർത്തിയപ്പോൾ ഇയാൾ ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും കടക്കുകയായിരുന്നു.
കോട്ടയം വെസ്റ്റ് പൊലിസ് സ്റ്റേഷൻ എസ്ഐ സലീം കുമാറിനും സഹപ്രവർത്തകർക്കും നേരെയാണ് ആക്രമണമുണ്ടായത്. ഉദ്യോഗസ്ഥർ ഉടൻതന്നെ പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
District News
മഞ്ചേരി: കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് നടപ്പാക്കുന്ന തെറ്റായ വിദ്യാഭ്യാസ നയങ്ങള് തിരുത്തുക, വിദ്യാഭ്യാസത്തിലെ സ്വകാര്യ വാണിജ്യ വര്ഗീയ നയങ്ങള് തിരുത്തുക, ശമ്പള പരിഷ്കരണ നടപടികള് ആരംഭിക്കുക, കുടിശികയായ ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ച് കെഎസ്ടിഎ നടത്തുന്ന മാര്ച്ചിന് മുന്നോടിയായി വാഹന ജാഥ സംഘടിപ്പിച്ചു.
ചെമ്പ്രശേി മുതല് ചോല വരെ നടന്ന ജാഥ സംസ്ഥന കമ്മിറ്റി അംഗം ഷൈജു ടി. മാത്യു ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന് ജോമോന് ജോര്ജ്, ടി. രത്നാകരന്, എബി മാത്യു, കെ. ബിന്ദു, യു. രാജേഷ്, ടി. റെജി, കെ. ഹരിദാസന്, സനല് കുമാര്, ഒ.എം. അനൂപ് തുടങ്ങിയവര് വിവിധ കേന്ദ്രങ്ങളില് പ്രസംഗിച്ചു.
Kerala
കോഴിക്കോട്: നടുവണ്ണൂരിലെ കുരുടിമുക്കില് റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലര് ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. പറമ്പത്ത് ഏലത്തില് സുബൈദയ്ക്കാണ് സാരമായി പരിക്കേറ്റത്.
കുരുടിമുക്കിലെ സീബ്രാ ലൈനിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് യുവതിയെ ട്രാവലര് ഇടിച്ചത്. ഇടിയുടെ ആഘാതത്തില് റോഡിലേക്ക് വീണ ഇവരുടെ കാലിലൂടെ മുന്വശത്തെ ടയര് കയറിയിറങ്ങി.
അപകടത്തിനു പിന്നാലെ നാട്ടുകാരും വ്യാപാരികളും ചേര്ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചു. ഇവര് മെഡിക്കല് കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
National
ബംഗളൂരു: കർണാടകയിലെ ദാവൻഗരെയിൽ ദേശീയപാതയിൽ കാറിടിച്ചു പരിക്കേറ്റ പുലി രക്ഷാപ്രവർത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. പരിക്കേറ്റ് അവശനായ പുലിയെ പിടികൂടി വിദഗ്ധ ചികിത്സ നൽകാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ പുലി ചാടിവീണത്.
കാർ ഇടിച്ചതിനെ തുടർന്ന് കാലിന് സാരമായ പരിക്കേറ്റ പുലി റോഡരികിൽ അനങ്ങാനാവാതെ കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ സുരക്ഷിതമായി പിടികൂടി ചികിത്സ നൽകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനിടെയാണ് പുലി ഒരു ഉദ്യോഗസ്ഥന് നേരെ തിരിഞ്ഞത്. ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെടുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തതോടെ പുലി പിന്തിരിയുകയായിരുന്നു. ഉദ്യോഗസ്ഥൻ പുലിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
തുടർന്ന് പുലിയുടെ ആക്രമണ സ്വഭാവം കണക്കിലെടുത്ത് വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ മയക്കുവെടി വച്ചാണ് പുലിയെ പിടികൂടിയത്. സാരമായി പരിക്കേറ്റ പുലിയെ ഉടൻതന്നെ അടുത്തുള്ള വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: കൊടുവള്ളിയില് നിയന്ത്രണംവിട്ട കാര് ഇടിച്ച് രണ്ടു കാറുകളും അഞ്ച് സ്കൂട്ടറുകളും തകർന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകളിലും സ്കൂട്ടറുകളിലുമാണ് നിയന്ത്രണം നഷ്ടമായ കാർ വന്നിടിച്ചത്.
ഇന്ന് പുലര്ച്ചെയായിരുന്നു അപകടം. കൊടുവള്ളി ആറങ്ങോട് സ്വദേശി ജലീല് ഓടിച്ച കാറാണ് നിയന്ത്രണംവിട്ടത്.
Kerala
കൊച്ചി: സീബ്രാ ക്രോസിംഗുകളില് കാല്നടയാത്രക്കാരുടെ സുരക്ഷ വര്ധിപ്പിക്കുന്നതിനും ഡ്രൈവര്മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം നടത്തിയ വൈറ്റ്ലൈന് ലൈഫ്ലൈന് സ്പെഷല് ഡ്രൈവില് പിഴയീടാക്കിയത് 2,50,631 രൂപ.
പൊലിസിന്റെ ട്രാഫിക് ആന്ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗമാണ് ഓഗസ്റ്റ് 20 മുതല് 25 വരെ സ്പെഷല് ഡ്രൈവ് നടത്തിയത്. 55,207 വാഹനങ്ങള് പരിശോധനയ്ക്കു വിധേയമാക്കി. ഇതില് 1,038 വാഹനങ്ങള് സീബ്രാ ക്രോസില് നിയമലംഘനം നടത്തിയതായി കണ്ടെത്തി.
District News
കാഞ്ഞങ്ങാട്: കാണാതായ വാഹനബ്രോക്കറെ മൃതദേഹം പുഴയില് മരിച്ച നിലയില് കണ്ടെത്തി. കൊവ്വല്പള്ളിയിലെ സലിംഖാന് (59) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 ഓടെ പടന്നക്കാട് ഡാമിന് സമീപം പുഴയില്നിന്നു കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സലിമിനെ കാണാതായത്. മകന്റെ പരാതിയില് ഹൊസ്ദുര്ഗ് പൊലിസ് കേസെടുത്തിരുന്നു. ഭാര്യ: ഷംഷാദ്. മക്കള്: സാജിദ്, സാഹില്, സല്മാന്, അഫ്സല്.
Kerala
തിരുവനന്തപുരം: പത്തനംതിട്ടയിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവായി.
ഉദ്യോഗസ്ഥ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയത്. അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥരായ ലൈജു, ഷമീർ എന്നിവരെ കഴക്കൂട്ടം, മാവേലിക്കര ആർടി ഓഫീസുകളിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. എങ്കിലും ഇവർക്കെതിരെയുള്ള വകുപ്പുതല അന്വേഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് പത്തനംതിട്ട മെഴുവേലി സ്വദേശിയുടെ ഓഫ് റോഡ് വാഹനത്തിന് അടൂരിൽ വച്ച് എംവിഡി ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്. വാഹനത്തിൽ അനധികൃത ലൈറ്റുകൾ സ്ഥാപിച്ചുവെന്ന് കാണിച്ചായിരുന്നു നടപടി.
എന്നാൽ തങ്ങൾ ആറന്മുളയിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പോയതാണെന്നും രക്ഷാപ്രവർത്തനത്തിനിടയിലാണ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതെന്നും വാഹന ഉടമ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ ദുരിതാശ്വാസ പ്രവർത്തനത്തിന് ഇറങ്ങിയതാണെന്ന് പറഞ്ഞപ്പോൾ ആരും തങ്ങളെ നിർബന്ധിച്ചില്ലല്ലോ എന്ന തരത്തിൽ ഉദ്യോഗസ്ഥർ പ്രതികരിച്ചതായി കാണിച്ച് വാഹന ഉടമ പിന്നീട് വീഡിയോയും പുറത്തുവിട്ടു.
ആറന്മുള എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനൗചിത്യപരമായ പെരുമാറ്റത്തിന് സസ്പെൻഷൻ നടപടി ഉണ്ടായത്. എന്നാൽ ഇതിനെതിരെ സർവീസ് സംഘടനകൾ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാക്കിയതോടെ സർക്കാർ നിലപാട് മാറ്റുകയായിരുന്നു.
സസ്പെൻഷൻ പിൻവലിച്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയെങ്കിലും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുമെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്.
Kerala
കോഴിക്കോട്: പയ്യോളിയിൽ ആംബുലൻസും മീൻ വണ്ടിയും കൂട്ടിയിടിച്ച് അപകടം. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വടകരയിൽ നിന്ന് രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
Kerala
പത്തനംതിട്ട: പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ജീപ്പിന് പിഴയീടാക്കിയ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി. അടൂർ സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ലൈജുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ആറന്മുളയിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊണ്ടുവന്ന ഓഫ് റോഡ് വാഹനത്തിനാണ് എംവിഡി ഉദ്യോഗസ്ഥൻ പിഴയിട്ടത്. വാഹനത്തിന്റെ മുന്നിൽ അധികമായി ഘടിപ്പിച്ചിരുന്ന ലൈറ്റുകൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മെഴുവേലി സ്വദേശിയായ വാഹന ഉടമയുടെ പേരിലാണ് പിഴ നോട്ടീസ് വന്നത്.
ഈ നടപടിക്കെതിരെ ആറന്മുള എംഎൽഎ അബിൻ വർക്കി നേരിട്ട് ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് ഉടനടി സസ്പെൻഷൻ ഉത്തരവിറക്കിയത്. എംഎൽഎയുടെ നിർദേശപ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് പിന്നീട് പിഴയൊടുക്കിയത്.
District News
ചങ്ങരംകുളം: പാവിട്ടപ്പുറത്ത് ടെന്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം. കുറ്റിപ്പുറം -തൃശൂർ സംസ്ഥാന പാതയിൽ പാവിട്ടപ്പുറത്താണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു.
District News
വടക്കാഞ്ചേരി: പോലീസ് പിടിച്ചിട്ട വാഹനം നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുന്നു. വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റ് റോഡിലാണ് മണൽകടത്തിയ ലോറി പോലീസ് പിടിച്ചിട്ടിരിക്കുന്നത്.
പ്രദേശത്ത് നിരവധി കടകളാണ്സ്ഥിതിചെയ്യുന്നത്. ടിപ്പർ ലോറിയിൽ പൊന്തക്കാട് കയറികിടക്കുന്നതിനാൽ പ്രദേശം ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. നിരവധിതവണ ലോറി മാറ്റാൻ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രദേശത്തെ വ്യാപാരികൾ പറയുന്നു. സംഭവത്തിൽ പൊതുമരാമത്ത് നിരത്തു വിഭാഗം ഉടൻ ഇടപെട്ട് ലോറി നീക്കംചെയ്യണമെന്ന് വ്യാപരികളും നാട്ടുകാരും പറഞ്ഞു.
Kerala
കുമരകം: നെഞ്ചുവേദനയെത്തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ എത്തിയ വീട്ടമ്മ മരിച്ചു. കുമരകം എട്ടങ്ങാടി ഭാഗത്ത് പടുവയിൽ വീട്ടിൽ ശോഭന 62) അന്തരിച്ചു.
ക്ലിനിക്കിലെ ഡോക്ടർ അടിയന്തര ചികിത്സയ്ക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ശിപാർശ ചെയ്തെങ്കിലും വെള്ളപ്പൊക്കം മൂലം ആംബുലൻസോ മറ്റു വാഹനമാേ ലഭിക്കാത്തതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. തുടർന്ന് കുമരകത്തെ ഒരു സ്വകാര്യആശുപത്രിയിലെ ആംബുലൻസിൽ പോലീസ് ഉദ്യോഗസ്ഥനായ വിഷ്ണുവാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
പരേത ചെങ്ങളം കറുകപ്പറമ്പ് കുടുംബാഗം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭർത്താവ്: രമണൻ. മക്കൾ:രമ്യ, രമിത. മരുമക്കൾ: പ്രമോദ്(രാമപുരം), അനീഷ് (ഏറ്റുമാനൂർ).
Kerala
തിരുവനന്തപുരം: ആറ്റിങ്ങലില് സ്കൂള് വാന് ഓടിക്കുന്നതിനിടെ ഡ്രൈവര് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാന് പാതയോരത്തെ ഒഴിഞ്ഞ കെട്ടിടത്തില് ഇടിച്ചുനിന്നു.
അഴൂര് മുട്ടപ്പലത്ത് സ്വകാര്യ സ്കൂള് വാനിന്റെ ഡ്രൈവര് മുരളീധരന് നായർ ആണു മരിച്ചത്. വാനില് ആയയും അഞ്ചു കുട്ടികളുമാണ് ഉണ്ടായിരുന്നത്. രണ്ടു കുട്ടികള്ക്കു നിസാര പരുക്കേറ്റു.
കുട്ടികളുമായി ചിറയിന്കീഴ് മുട്ടപ്പലം ഭാഗത്തേക്കു പോകുമ്പോഴാണ് മുരളീധരൻ നായർക്കു പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്ന്ന് വാനിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. വാനില് കുഴഞ്ഞുവീണ മുരളീധരന് മരിച്ചു.
തുടര്ന്ന് പോലീസും നാട്ടുകാരും എത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സ്ഥിരം ഡ്രൈവര്ക്ക് അസുഖമായതിനാല് മുരളീധരന് നായർ താല്ക്കാലിമായി ഡ്രൈവര് ജോലിക്ക് എത്തിയതായിരുന്നു.
District News
അടൂർ: ആറന്മുളയില് ദുരിതാശ്വാസ പ്രവര്ത്തനത്തിനെത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴചുമത്തി മോട്ടോര് വാഹന വകുപ്പ്. ലൈറ്റുകള് ഘടിപ്പിച്ചതിന് 5000 രൂപയടക്കം 7000 രൂപയാണ് പിഴ ചുമത്തിയത്.
അടൂരില് വച്ചാണ് എംവിഡി വാഹനം പിടിച്ചത്. പരിശോധനയില് വാഹനത്തിന് പുക പരിശോധനാ സര്ട്ടിഫിക്കറ്റ് ഇല്ലെന്നും ആറ് അധിക ലൈറ്റുകൾ വാഹനത്തില് ഘടിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തി. രണ്ട് നിയമലംഘനത്തിനും യഥാക്രമം 5000, 2000 ഉള്പ്പെടെ 7000 രൂപ പിഴ ചുമത്തി.
ഓഫ് റോഡ് വാഹനവുമായി പ്രളയ ദുരിതാശ്വാസ പ്രവര്ത്തനത്തിന് എത്തിയതാണെന്നും വാഹനത്തിന്റെ സ്പെയര് പാര്ട്സ് വാങ്ങാന് അടൂരില് എത്തിയപ്പോഴാണ് വാഹന പരിശോധന നടന്നതെന്നും ഉടമ പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം ചക്കരപ്പറമ്പില് മോഷണം പോയ വാഹനത്തിന് പിഴ. മോഷ്ടാവ് ഹെല്മെറ്റ് ധരിക്കാതെ സ്കൂട്ടര് ഓടിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച രാത്രിയാണ് വീടിന് മുന്നില് നിര്ത്തിയിട്ടിരുന്ന സ്കൂട്ടര് മോഷണം പോയത്. സ്കൂട്ടര് മോഷ്ടിക്കുന്ന സമയത്ത് ഹെല്മെറ്റും ധരിച്ചു പോകുന്ന കള്ളന്റെ സിസിടി ദൃശ്യങ്ങള് വൈറലായിരുന്നു.
എന്നാല് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45ന് ചേര്ത്തല ഭാഗത്തു വച്ച് സ്കൂട്ടറില് യാത്ര ചെയ്യവെ മോഷ്ടാവ് ഹെല്മെറ്റ് വച്ചിരുന്നില്ല. തൊപ്പി മാത്രം വച്ചു കൊണ്ടായിരുന്നു കള്ളന്റെ യാത്ര. ഇതോടെ വാഹനം നഷ്ടപ്പെട്ട ഉടമ ഷിബുവിന് പിഴ ചുമത്തുകയും ചെയ്തു. പാലാരിവട്ടം പോലീസില് നല്കിയ പരാതിയില് അന്വേഷണം നടക്കുകയാണ്.
National
ന്യൂഡല്ഹി: ഇരുപതു ശതമാനം എഥനോള് കലര്ത്തിയ പെട്രോളിന്റെ (ഇ20) ഉപയോഗം വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുമെന്ന് വാഹന നിര്മാതാക്കളും സര്ക്കാരും സമ്മതിച്ചു. ഇതോടൊപ്പം 2023 ഏപ്രിലിനു മുമ്പ് രാജ്യത്തു നിര്മിച്ച വാഹനങ്ങളില് എഥനോളിന്റെ ദീര്ഘകാല ഉപയോഗം റബര്, പ്ലാസ്റ്റിക് ദ്രവിക്കല് (ഡീഗ്രേഡേഷന്) അടക്കമുള്ള പ്രശ്നങ്ങള്ക്കു കാരണമാകും.
രാജ്യത്താകെ ഇ20 പെട്രോള് നിര്ബന്ധമാക്കിയതിനു പിന്നാലെ എഥനോള് മിശ്രിതം 25 ശതമാനമായി കൂട്ടിയുള്ള ഇ25 പെട്രോള് വിതരണം തത്കാലം നീട്ടിവയ്ക്കാന് കേന്ദ്രം തീരുമാനിച്ചു. ഇ25 പെട്രോള് പൊതുവിപണിയില് ലഭ്യമാകുന്നതിന് സമയമെടുക്കുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹര്ദീപ് സിംഗ് പുരി വ്യക്തമാക്കി. ഇ25 പെട്രോള് പരീക്ഷണഘട്ടത്തിലാണെന്നും ഇത് ഉടന് രാജ്യത്തു നിര്ബന്ധമാക്കുമെന്ന പ്രചാരണങ്ങള് തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
2023 ഏപ്രില് മുതല് ഇ15 പെട്രോളും 2024 ഏപ്രില് മുതല് ഇ19 പെട്രോളും രാജ്യത്ത് ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. നിലവില് 20 ലക്ഷം നാലുചക്ര വാഹനങ്ങളും 20 കോടി ഇരുചക്ര വാഹനങ്ങളും ഇ20 ഇന്ധനം ഉപയോഗിച്ചു നിരത്തിലുണ്ട്. വാഹനനിര്മതാക്കളും സര്വീസ് സെന്ററുകളും ഇക്കാര്യത്തില് യാതൊരു ബുദ്ധിമുട്ടുകളുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പുരി അവകാശപ്പെട്ടു.
പെട്രോളില് 85 ശതമാനം എഥനോള് കലര്ത്തിയ ഇ85 ലഭ്യമാകുന്നതിന് കൂടുതല് സമയമെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇ85 വിതരണത്തിനായി പുതിയ പെട്രോള് പമ്പുകള് രാജ്യത്താകെ സജ്ജീകരിക്കേണ്ടതുണ്ടെന്നും പുരി വിശദീകരിച്ചു.
2023 ഏപ്രിലിനുശേഷം നിര്മിക്കുന്ന വാഹനങ്ങള് ഇ20 പെട്രോള് ഉപയോഗിക്കുന്നതിന് ആവശ്യമായ മാറ്റങ്ങള് വരുത്തിയിട്ടുണ്ടെന്ന് മാരുതി, ഹോണ്ട, ഹീറോ തുടങ്ങിയ വാഹനനിര്മാതാക്കള് അറിയിച്ചു.
ഇ20 പെട്രോളിന്റെ ഉപയോഗം കാറുകളുടെ മൈലേജില് മൂന്നുമുതല് 12 ശതമാനം വരെ മാത്രം കുറവുണ്ടാക്കുമെന്നാണ് കാര് നിര്മാണ കമ്പനികള് അവകാശപ്പെടുന്നത്. എന്നാല്, മൈലേജില് ഇതിലേറെ കുറവുണ്ടെന്നാണ് ഡല്ഹിയിലെ ജന്തര് മന്തറില് നടത്തിയ പ്രതിഷേധത്തിനെത്തിയ വാഹന ഉടമകള് പറഞ്ഞത്. സമൂഹമാധ്യമങ്ങളിലെ പ്രതിഷേധങ്ങള്ക്കു പുറമെയാണ് കഴിഞ്ഞദിവസം ഡല്ഹിയില് വാഹന ഉടമകള് പ്രതിഷേധിച്ചത്.
National
ഭുവനേശ്വവർ: ഒഡീഷയിലെ ഭുവനേശ്വറിൽ അമിതവേഗത്തിലെത്തിയ കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ജെയ്റോം എക്ക, സന്തോഷ് ബെഹ്റ, ലക്ഷ്മിധർ ടുഡു എന്നിവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ അനിൽ കുമാർ ഗൗഡ (30) പോലീസിൽ കീഴടങ്ങി.
റോഡിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട കാർ ചായക്കടയ്ക്ക് മുന്നിൽ നിന്നിരുന്ന ആളുകള്ക്കിടയിലേക്ക് ഇടിച്ചുകയറിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജെയ്റോമും സന്തോഷും തിങ്കളാഴ്ച രാത്രിയും ലക്ഷ്മിധർ ചൊവ്വാഴ്ച രാവിലെയുമാണ് മരണമടഞ്ഞത്. പരിക്കേറ്റ മറ്റ് മൂന്ന് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അനിലിനെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാൽ അപകടത്തിന് മുമ്പ് ചുമയ്ക്കുള്ള മരുന്ന് കഴിച്ചിരുന്നുവെന്നും കഠിനമായ ചുമ അനുഭവപ്പെട്ടിരുന്നുവെന്നും അനിൽ പറഞ്ഞു. പെട്ടെന്നുള്ള ചുമ കാരണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയായണ്.
International
റിയാദ്: സൗദി അറേബ്യയിലെ തലസ്ഥാനമായ റിയാദിലെ ബത്ഹയിൽ മലയാളി യുവാവിനെ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി ഷിന്റോ ചാക്കോ (40) ആണ് മരിച്ചത്. റിയാദിൽ വിജയ് മസാല കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിട്ടും ഷിന്റോയെ ഫോണിൽ ലഭിക്കാതാവുകയും താമസസ്ഥലത്ത് എത്താതിരിക്കുകയും ചെയ്തതോടെ സുഹൃത്തുക്കളും കമ്പനി അധികൃതരും ചേർന്ന് അന്വേഷണം ആരംഭിച്ചിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബത്ഹയിൽ പാർക്ക് ചെയ്തിരുന്ന കമ്പനി വാഹനത്തിനുള്ളിൽ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ റെഡ് ക്രസന്റ് വിഭാഗത്തെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
റിയാദ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
District News
മുതലമട: ഇടുക്കപ്പാറയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം മുതലമട ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അലൈ രാജിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ഇന്നലെ ഉച്ചക്ക് 12 നായിരുന്നു സംഭവം. മാലിന്യം നിറച്ച വാഹനം വിജനമായ സ്ഥലത്ത് നിൽക്കുന്നതുകണ്ട് ചോദ്യം ചെയ്തപ്പോഴാണ് കുഴിച്ചുമൂടാൻ വന്നതെന്നു സ്ഥിരീകരിച്ചത്.
വിവരം അറിയിച്ചതിനെ തുടർന്ന് മുതലമട പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനോദ്, പ്രബീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ജീബു, വിൻസന്റ്, വിനോദ് എന്നിവരും സ്ഥലത്തെത്തി വാഹനം പിടിച്ചെടുത്ത് കൊല്ലങ്കോട് പോലീസിനു കൈമാറി. രാത്രിസമയങ്ങളിൽ കക്കൂസ് മാലിന്യം ക്ലീനിംഗ് ബോർഡുവച്ച വാഹനം പഞ്ചായത്ത് പ്രദേശങ്ങളിൽ കറങ്ങുന്നതായി നാട്ടുകാർ പഞ്ചായത്തധികൃതരെ അറിയിച്ചു. ഡ്രൈവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: അപകടകരമല്ലാത്ത വാഹന മോഡിഫിക്കേഷന് നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്.
ഇതുമായി ബന്ധപ്പെട്ട രൂപരേഖ അന്തിമമാക്കിയിട്ടില്ലെന്നും മോഡിഫിക്കേഷനുമായുള്ള ചര്ച്ചകള് നടക്കുന്നതേയുള്ളൂവെന്നും മന്ത്രി തിരുവനന്തപുരത്തു പ്രതികരിച്ചു.
സര്ക്കാര് യുവാക്കളെ കബളിപ്പിച്ചെന്ന് വിമര്ശിച്ചുള്ള ട്രോളുകള് ആസ്വദിക്കുന്നുണ്ടെന്നും സി.പി. ജോണ് തിരുവനന്തപുരത്ത് പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. തൃശൂര് സ്വദേശി ലാറി ജോൺ തട്ടിൽ, തൃശൂര് മനവലശേരി സ്വദേശി ഐവിൻ പി. വിൻസന്റ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റര് എന്നിവരാണ് പിടിയിലായത്.
ചേരാനല്ലൂര് അമൃത നഗറിലാണ് സംഭവം. 110 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്.
പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് എക്സൈസ് അറിയിച്ചു. പ്രതികൾ ലഹരി കടത്താൻ ഉപയോഗിച്ച വാഹനം എക്സൈസ് പിടിച്ചെടുത്തു. എംഡിഎംഎ വിറ്റതിന് കിട്ടിയ 1,85,650 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: പൂക്കി ആക്ഷനും വിശ്വസിച്ച് മോഡിഫിക്കേഷന് നടത്തിയ വണ്ടിയുമായി റോഡിലേക്ക് ഇറങ്ങണ്ട, പണി പാളും. മോഡിഫിക്കേഷന് അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തില് ജെന്സികള് കാത്തിരുന്ന പലതും മോട്ടോര് വാഹന വകുപ്പ് സര്ക്കാരിന് സമര്പ്പിച്ച ശിപാര്ശയില് ഇല്ല.
നിലവില് 18 തരത്തിലുള്ള മോഡിഫിക്കേഷന്സ് യാതൊരു നിയമതടസവുമില്ലാതെ നടത്താമെന്നാണ് എംവിഡിയുടെ റിപ്പോര്ട്ടിലുള്ളത്. എന്നാല് ഇതില് പലതും നേരത്തെ തന്നെ കേരളത്തില് അനുവദനീയമായവയാണ്.
സ്ട്രക്ചറല് ഓള്ട്ടേറഷന് അടക്കമുള്ള കാര്യങ്ങള് ചെയ്യാനുള്ള നിര്ദേശങ്ങള് എംവിഡിയുടെ നിര്ദേശങ്ങളില് ഇല്ല. മോഡിഫിക്കേഷന് പ്രേമികള് കാത്തിരുന്ന ബോഡി മോഡിഫിക്കേഷനോ സൈലന്സറുകള്ക്കോ ടയറുകള്ക്കോ രൂപമാറ്റം വരുത്താമെന്ന ഒരു നിര്ദേശങ്ങളും ലിസ്റ്റില് ഇല്ല. ഓള്ട്ടറേഷന് ഉള്പ്പെടുന്ന കേന്ദ്ര മോട്ടോര് വാഹന നിയമത്തിലെ സെക്ഷന് 52 പരാമര്ശിക്കാതെയുള്ള റിപ്പോര്ട്ടാണ് നിലവില് എംവിഡി മുഖ്യമന്ത്രിക്ക് കൈമാറാന് പോകുന്നത്.
എംവിഡിയുടെ അനുമതിയില്ലാതെ വാഹനങ്ങളില് വരുത്താവുന്ന മോഡിഫിക്കേഷന് ഇവയൊക്കെയാണ്:
മുന്കൂര് അനുമതി ആവശ്യമുള്ള മാറ്റങ്ങള് ഇവയൊക്കെ:
എന്നാല് സീറ്റ് കവറുകള്, ഫ്ലോര് മാറ്റുകള് എന്നിവയില് മാറ്റം വരുത്തുന്നത് നയമവിരുദ്ധമല്ല. ഇത് നേരത്തെ തന്നെ പലരും ചെയ്യുന്നതാണ്. സ്റ്റിയറിംഗ് വീല് കവറുകളും ഇഷ്ടത്തിന് അനുസരിച്ച് മാറ്റാവുന്നതാണ്. ഇന്റീരിയര് ആംബിയന്റ്സ് ലൈറ്റിംഗും നേരത്തെ മുതല് തന്നെ വാഹനങ്ങളില് കാണുന്നതാണ്. ഡാഷ് കാമറ, റിവേഴ്സ് കാമറ, പാര്ക്കിംഗ് സെന്സറുകള്, ജിപിഎസ് ട്രാക്കറുകള് എന്നിവയോടെയാണ് മിക്ക വണ്ടികളും വാഹന നിര്മ്മാതാകള് പുറത്തിറക്കാറുള്ളത്.
വണ്ടിയുടെ ലോഗോയുടെ കളര് മാറ്റാവുന്ന ക്രോം ഗാര്ണിഷ് മുമ്പും മോഡിഫിക്കേഷന് ചെയ്യുന്ന സ്ഥാപനങ്ങളില് ചെയ്യാറുണ്ട്. ഇതിന് എംവിഡി പിഴ ചുമത്താറുമില്ല. മഡ് ഫ്ളാപ്പുകള് നേരത്തെയും കസ്റ്റമൈസ് ചെയ്യാറുണ്ട്.
ആന്ഡ്രോയിഡ് ഇന്ഫോടെയിന്മെന്റ് സിസ്റ്റം, ടയര് പ്രഷര് മോണിറ്ററിംഗ് സിസ്റ്റം എന്നിവ നിലവില് പുറത്തിറങ്ങുന്ന വണ്ടികളില് ഉണ്ടാവാറുണ്ട്. 2020 മുതല് പുറത്തിറങ്ങുന്ന കിയ, ഹൈക്രോസ് വണ്ടികളില് അടക്കം മിക്ക കാറുകളിലും ടയര് പ്രഷര് മോണിറ്ററിംഗ് സിസ്റ്റം ഉണ്ടാവാറുണ്ട്.
ബ്രേക്ക്ഡൗണ് ആവുന്ന, അല്ലെങ്കില് അപകടത്തില് പെടുന്ന വണ്ടികളെ വലിച്ചു കൊണ്ടു പോവാനുള്ള ടൗ ഹൂക്കുകളോടെയാണ് നിര്മ്മാതാക്കള് വാഹനങ്ങള് പുറത്തിറക്കാറുള്ളത്. റൂഫ് കാരയര് മോഡിഫിക്കേഷന് നേരത്തെ ചെയ്യറുണ്ടെങ്കിലും ഇതുവരെ പിഴ ചുമത്തിയ സാഹചര്യങ്ങള് ഉണ്ടായിട്ടില്ല. സണ് ഫിലിമുകള് ഒട്ടിക്കുന്നതില് നേരത്തെ ബാന് വന്നിരുന്നെങ്കിലും ഹൈക്കോടതി നിര്ദേശത്തെ തുടര്ന്ന് മാറ്റം വന്നിരുന്നു.
എംവിഡി നല്കിയ മുന്കൂര് അനുമതി ആവശ്യമുള്ള മാറ്റങ്ങള് ഉള്പ്പെടുന്ന ശുപാര്ശയില് നിറം മാറ്റാനായി നേരത്തെ ചെയ്തു കൊണ്ടിരുന്ന അതേ പ്രോസസ് തന്നെയാണ്. കളര് മാറ്റുന്നതിനായി ആര്ടിഒയില് പണമടച്ച് അനുമതി വാങ്ങിയ ശേഷം, നിറം മാറ്റം വരുത്തിയ വണ്ടി കൊണ്ടുപോയി കാണിക്കുകയാണ് നേരത്തെയും ചെയ്തിരുന്നത്. അപകടത്തില് പെട്ട വണ്ടികള് നന്നക്കുന്നതിനിടെയാണ് ചേസിസ് ഫ്രെയിം അടക്കമുള്ളവ മാറ്റം വരുത്തേണ്ടി വരിക.
യുവാക്കളാണ് വാഹനങ്ങളില് മോഡിഫിക്കേഷന് നടത്തുന്നവരില് ഏറെയും. ബോഡി മോഡിഫിക്കേഷന്, ശബ്ദം കൂടിയ സൈലന്സറുകള്, വലിയ ടയറുകള് ഒക്കെ ഘടിപ്പിക്കുന്ന മോഡിഫിക്കേഷനുകളാണ് ഇവര് കൂടുതലും ഇഷ്ടപ്പെടുന്നത്. എന്നാല് ഇത്തരത്തില് മോഡിഫിക്കേഷന് നടത്തിയ വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങിയാല് നിയമം പഴയതു തന്നെ. പൂക്കി ആക്ഷനും വിശ്വസിച്ച് നിരത്തിലിറങ്ങിയാല് കീശ കീറുമെന്ന് ഉറപ്പ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എടിഎസ്) ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സി. പി. ജോൺ പറഞ്ഞു.
തിരുവനന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്സോഴ്സ് പിൻതുണയുള്ള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്നസ് പരിശോധനയിൽ പരമ്പരാഗത രീതികൾക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകൾ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകൾ വഴി കൂടുതൽ സുതാര്യവും ആധുനികവുമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നികുതി വെട്ടിപ്പ് തടയുകയും നികുതി ശേഖരണം കാര്യക്ഷമമാക്കുകയും ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ നിർണായക പങ്ക് വഹിക്കണം.
സംസ്ഥാനത്തെ റോഡുകളിൽ സജീവമായി ഓടുന്ന വാഹനങ്ങളുടെ യഥാർഥ കണക്ക് കണ്ടെത്തുന്നതിനായി വാഹന സെൻസസ് ആരംഭിക്കും. വാഹൻ ഡാറ്റ കൂടുതൽ കൃത്യമാക്കുന്നതിലൂടെ സെർവർ ഡൗൺടൈം കുറയ്ക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും സാധിക്കും.
വരും ദിവസങ്ങളിൽ എഎൻപിആർ (automatic number plate recognition) അധിഷ്ഠിത ഡാഷ് കാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് റോഡ് സുരക്ഷാ നിർവഹണവും ശക്തിപ്പെടുത്തും. അന്തർ സംസ്ഥാന ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് അയൽ സംസ്ഥാനങ്ങളുമായി ധാരണയിലെത്തുമെന്നും മന്ത്രി പറഞ്ഞു.
Business
മുംബൈ: പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, മഹീന്ദ്ര & മഹീന്ദ്ര, ടൊയോട്ട എന്നിവർ മേയ് മാസത്തിൽ തങ്ങളുടെ വില്പന കണക്കുകളിൽ മികച്ച വളർച്ച രേഖപ്പെടുത്തി.
ആഭ്യന്തര വിപണിയിൽ തുടർച്ചയായി നിലനിൽക്കുന്ന ആവശ്യകതയും, കന്പനികളുടെ പാസഞ്ചർ-കൊമേഴ്സ്യൽ വാഹന വിഭാഗങ്ങളിലെ മികച്ച പ്രകടനവുമാണ് ഈ മുന്നേറ്റത്തിന് കാരണമായത്.
മാരുതി സുസുക്കിക്ക്ചരിത്ര നേട്ടം
2026 മേയ് മാസം ഇന്ത്യയിലെ കാർ നിർമാണത്തിൽ പ്രമുഖരായ മാരുതി സുസുക്കിക്ക് ചരിത്ര നേട്ടം. കന്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വില്പനയാണ് കഴിഞ്ഞ മാസം നടന്നത്. ആകെ 2,42,688 യൂണിറ്റുകൾ മാരുതി സുസുക്കി വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 34.76 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായത്.
2025 മേയിൽ 1,80,077 കാറുകളാണ് വിറ്റത്. ആഭ്യന്തര മാർക്കറ്റിൽ 1,93,535 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ കയറ്റുമതി 41,914 യൂണിറ്റിലേക്ക് വർധിപ്പിക്കാൻ കന്പനിക്ക് സാധിച്ചു. കൂടാതെ, മറ്റ് വാഹന നിർമാതാക്കൾക്കുള്ള വില്പന 7239 യൂണിറ്റുകളായിരുന്നു.
ഹ്യൂണ്ടായി, മഹീന്ദ്ര വില്പന ഉയർന്നു
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ മുൻവർഷം സമാനമാസത്തേക്കാൾ 9.1 ശതമാനം വളർച്ചയാണ് മേയിൽ രേഖപ്പെടുത്തിയത്. 47,837 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചു. 13,300 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ആകെ വില്പന 61,137 യൂണിറ്റുകൾ.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര മേയിൽ കയറ്റുമതി ഉൾപ്പെടെ 20 ശതമാനം വില്പന വളർച്ച നേടി. 99,636 യൂണിറ്റുകളാണ് മേയിൽ വിറ്റത്. കൊമേഴ്സ്യൽ വാഹനങ്ങളുടെ വില്പനയിൽ 19 ശതമാനത്തിന്റെ വർധനയുമായി 24,079 യൂണിറ്റിലെത്തി.
ടൊയോട്ട കിർലോസ്കർ കഴിഞ്ഞ മാസം 33,128 യൂണിറ്റുകളുടെ വില്പനയുമായി ഏഴു ശതമാനം വളർച്ച രേഖപ്പെടുത്തി. ആകെ വിറ്റത് 33,128 യൂണിറ്റുകൾ. ആഭ്യന്തര വില്പന നാലു ശതമാനം വർധിച്ചപ്പോൾ കയറ്റുമതി 61 ശതമാനം ഉയർന്ന് 2,554 യൂണിറ്റുകളായി.
കിയ, ടാറ്റ മോട്ടോഴ്സ്
കിയ ഇന്ത്യക്ക് മേയിൽ 23.6 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. ആകെ വിറ്റത് 27,586 യൂണിറ്റുകൾ. കഴിഞ്ഞ വർഷം ഇതേ മാസം വിറ്റഴിച്ചത് 22,315 യൂണിറ്റുകളായിരുന്നു. ഇന്ത്യൻ മാർക്കറ്റിൽ പ്രവേശിച്ച ശേഷം കന്പനിയുടെ ഏറ്റവും ഉയർന്ന മേയ് മാസ വില്പനയായിരുന്നു ഇത്തവണത്തേത്.
ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് 42 ശതമാനം വളർച്ച മേയിൽ നേടി. 59,790 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുൻവർഷം ഇതേ മാസം 42,040 യൂണിറ്റുകളായിരുന്നു വില്പന. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ കന്പനിയുടെ ഏറ്റവും ഉയർന്ന പ്രതിമാസ വില്പനയാണ് മേയിൽ നടന്നത്. 10,517 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റത്.
ബജാജ് ഓട്ടോ ആകെ വാഹന വില്പനയിൽ 20 ശതമാനം വളർച്ചയാണ് നേടിയത്. കയറ്റുമതി ഉൾപ്പെടെ 4,61,257 യൂണിറ്റുകളുടെ വില്പനയാണ് നടന്നത്.
Kerala
പാലാ: ഭരണങ്ങാനം ഇടമറ്റത്തിനു സമീപം കാറിനു തീപിടിച്ചു കത്തി നശിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന വൈദികൻ അദ്ഭുതകരായി രക്ഷപ്പെട്ടു. ഇടമറ്റം വളഞ്ഞങ്ങാനത്ത് ആണ് കാർ പോസ്റ്റിലിടിച്ച് അപകടമുണ്ടായത്.
ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം ഇടമറ്റം കെ.ടി.ജെ.എം സ്കൂളിലെ മുൻ മാനേജർ ആയിരുന്ന ഫാ. ജോസഫ് നെടുംപാറ സി എം ഐയാണ് അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
രാമപുരത്ത് പോയി തിരികെ വരും വഴിയാണ് അപകടം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച വാഹനം പിന്നീട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തീ പടർന്നു പിടിക്കുകയായിരുന്നു. പാലാ ഫയർഫോഴ്സ് എത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാർ പൂർണമായും കത്തിനശിച്ചു
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാർ വർക്ക്ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് വാഹനങ്ങൾ പൂർണമായും കത്തിയമർന്നു. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമിണ്ടായത്. മുഹമ്മദ് ആരിഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വർക്ക്ഷോപ്പ്. സംഭവം നടക്കുന്പോൾ ഇദ്ദേഹവും മറ്റ് ചില ജീവനക്കാരും വർക്ക്ഷോപ്പിനുള്ളിൽ ഉറങ്ങുകയായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഇന്ധനനിയന്ത്രണ ആഹ്വാനത്തിന് പിന്നാലെ കേരള ഗവർണർ രാജേന്ദ്ര അർലേകറുടെ ഹനവ്യൂഹത്തിന്റെ എണ്ണം കുറച്ചു. ഒന്പത് വാഹനങ്ങൾ ഉണ്ടായിരുന്നത് നിലവിൽ ആറെണ്ണമാക്കി കുറച്ചു.
ഒരു എസ്കോർട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്. പുതിയ സർക്കാരിന്റെ
സത്യപ്രതിജ്ഞാച്ചടങ്ങിൽ അടക്കം ഇത്തരത്തിലായിരിക്കും ഗവർണർ പങ്കെടുക്കുക.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് രാജ്യത്ത് കർശന നിയന്ത്രണത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. . ഇന്ധനം മിതമായി ഉപയോഗിക്കണമെന്ന് മോദി അറിയിച്ചിരുന്നു.
പിന്നാലെ മോദി തന്നെയാണ് ഈ മാതൃക ആദ്യം മുന്നോട്ടുവച്ചത്. തന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ചതിനൊപ്പം പൈലറ്റ് വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തന്റെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.
National
ബംഗളൂരു: കർണാടകയിലെ ദേവനഹള്ളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു. ചുക്കബല്ലാപ്പൂർ സ്വദേശി ഡി. ശ്രീധർ (34) ആണ് മരിച്ചത്.
ഹൊസ്കോട്ടിൽ നിന്നു ബംഗളൂരുവിലേക്ക് ട്രക്ക് ഓടിച്ചു വരികയായിരുന്നു ശ്രീധർ. നീലേരി ഫ്ലൈഓവറിൽ വാഹനം നിർത്തിയ ശേഷം റോഡിന്റെ മറുഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്പോഴാണ് അപകടമുണ്ടായത്. ഇടിച്ച് വീഴ്ത്തിയ വാഹനം നിർത്താതെ പോയി.
റോഡിൽ മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ശ്രീധറിനെ ഇടിച്ച വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം നേടിയ ദളപതി വിജയ്യുടെ വാർത്തകൾക്കൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് അദ്ദേഹത്തിന്റെ വാഹനങ്ങളിലെ '0277' എന്ന നമ്പറാണ്. വിജയ്യുടെ പ്രചാരണ ബസ്സിലും അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കാറിലുമെല്ലാം ഒരേ നമ്പർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളല്ല, മറിച്ച് തന്റെ പ്രിയപ്പെട്ട സഹോദരിയോടുള്ള തീരാത്ത സ്നേഹമാണുള്ളത്.
വിജയ്യുടെ അനിയത്തി വിദ്യയുടെ ജന്മദിനവുമായി ബന്ധപ്പെട്ടതാണ് ഈ നമ്പർ. ഫെബ്രുവരി 27 ആണ് വിദ്യയുടെ ജന്മദിനം. വിജയ്ക്ക് രണ്ട് വയസുള്ളപ്പോഴാണ് വിദ്യ ജനിക്കുന്നത്. എന്നാൽ വെറും രണ്ട് വയസുള്ളപ്പോൾ തന്നെ ഒരു അസുഖത്തെത്തുടർന്ന് വിദ്യ മരണപ്പെടുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി വിജയ് ഇന്നും വിദ്യയുടെ വേർപാടിനെ കാണുന്നു.
സഹോദരിയുടെ ഓർമകൾ എപ്പോഴും കൂടെയുണ്ടാകാനാണ് വിജയ് തന്റെ പ്രധാന വാഹനങ്ങൾക്കെല്ലാം 0277 എന്ന നമ്പർ നൽകുന്നത്. തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച വലിയ ലക്ഷ്വറി ബസിന്റെ നമ്പർ 0277 എന്നാണ്.
തന്റെ സ്വകാര്യ വാഹനമായ ബിഎംഡബ്ല്യു സീരീസിലും ഇതേ നമ്പർ തന്നെ അദ്ദേഹം നിലനിർത്തിയിട്ടുണ്ട്. സഹോദരിയുടെ സ്നേഹവും അനുഗ്രഹവും എപ്പോഴും തനിക്കൊപ്പമുണ്ടെന്ന് വിജയ് വിശ്വസിക്കുന്നു.
Auto
കൊച്ചി: വാഹനപ്രേമികൾ കാത്തിരുന്ന സാഹസികതയുടെയും കരുത്തിന്റെയും പ്രകടനം കാഴ്ചവച്ച് 'ക്യാമ്പ് ജീപ്പ് 2026' . ആലുവ കുഞ്ഞുന്നിക്കരയിൽ ഒരുക്കിയ താത്കാലിക ഓഫ്റോഡ് ട്രാക്കിലായിരുന്നു ജീപ്പ് ഇന്ത്യയുടെയും പിനാക്കിൾ ജീപ്പിന്റെയും ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ നൂറുകണക്കിനു സാഹസിക പ്രേമികളാണ് ജീപ്പ് വാഹനങ്ങളുടെ കരുത്തറിയാൻ എത്തിയത്.
സാധാരണ ടെസ്റ്റ് ഡ്രൈവുകളിൽ നിന്നു വ്യത്യസ്തമായി ഒരു വാഹനത്തിന്റെ പൂർണമായ ശേഷി അളക്കുന്ന രീതിയിലുള്ള വെല്ലുവിളികളാണ് കുഞ്ഞുന്നിക്കരയിലെ ട്രാക്കിൽ ഒരുക്കിയിരുന്നത്. കുത്തനെയുള്ള കയറ്റങ്ങൾ, വശങ്ങളിലേക്ക് ചരിഞ്ഞ പാതകൾ, കല്ലുകളും വലിയ കുഴികളും നിറഞ്ഞ ട്രാക്കുകൾ എന്നിവ ജീപ്പ് വാഹനങ്ങൾ അനായാസം മറികടക്കുന്നത് കാണികൾക്ക് ആവേശമായി.
വാഹനത്തിന്റെ സസ്പെൻഷൻ കരുത്തും ഫോർ-വീൽ ഡ്രൈവ് (4x4) സാങ്കേതികവിദ്യയും എത്രത്തോളം ഫലപ്രദമാണെന്ന് നേരിട്ട് ബോധ്യപ്പെടുത്താൻ ഈ ക്യാമ്പിലൂടെ കമ്പനിക്കു സാധിച്ചു.
ജീപ്പിന്റെ ഐതിഹാസിക മോഡലായ റാംഗ്ലർ തന്നെയായിരുന്നു ക്യാമ്പിലെ പ്രധാന ആകർഷണം.
കുടുംബങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട ലക്ഷ്വറി എസ്യുവിയായ മെറിഡിയനും കരുത്തനായ കോമ്പസും ട്രാക്കുകളിൽ തങ്ങളുടെ മികവ് പുലർത്തി. പ്രഫഷണൽ ഓഫ്റോഡ് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യത്തിൽ നടന്ന ഡ്രൈവിംഗ് സെഷനുകൾ സുരക്ഷയ്ക്കും സാങ്കേതിക പഠനത്തിനും ഒരുപോലെ മുൻഗണന നൽകുന്നതായിരുന്നു.
ഓഫ്റോഡ് ഡ്രൈവിംഗിനോടുള്ള താല്പര്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പരിപാടികൾ വാഹന വിപണിയിൽ പുതിയ ഉണർവ് നൽകുന്നുണ്ട്. കൊച്ചിയിലെ ഓഫ്റോഡ് സംസ്കാരത്തിനു പുതിയൊരു ദിശാബോധം നൽകിക്കൊണ്ടാണ് 'ക്യാമ്പ് ജീപ്പ് 2026' സമാപിച്ചത്.
District News
കണ്ണാടിപ്പറമ്പ്: നാറാത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ ഓടിക്കൊണ്ടിരുന്ന ബൊലേറോ വാഹനത്തിന് മുകളിലേക്ക് വൻമരം കടപുഴകിവീണു. ആർക്കും പരിക്കില്ല.
ഇന്നലെ രാത്രി 8.30 ഓടെ യാണ് മഴയ്ക്കൊപ്പം ഉണ്ടായ കാറ്റിലായിരുന്നു സംഭവം. മരം വാഹനത്തിന്റെ ബോണറ്റിന് മുകളിലേക്ക് പതിച്ചതിനാൽ ഉള്ളിലുണ്ടായിരുന്ന യാത്രക്കാർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.
അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ലൈനുകൾ തകർന്നു. വൈദ്യുതി ബന്ധം തകരാറിലായി. റോഡിൽ മരം വീണതിനാൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും നാട്ടുകാരും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ചുനീക്കി.
Kerala
കാട്ടാക്കട: കിളിമാനൂരിൽ വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. നഗരൂർ നെയ്ത്തുശാല സുശീൽ നിവാസിൽ ബാബുക്കുട്ടൻ (62) ആണ് മരിച്ചത്. എംസി റോഡിൽ കിളിമാനൂർ പാപ്പാലയിൽ രാവിലെ ആറോടെയായിരുന്നു അപകടം നടന്നത്.
പാപ്പാല റോയൽ ഇൻഫീൽഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഷോറൂമിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന ബാബുക്കുട്ടൻ ഡ്യൂട്ടി കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ബാബു കുട്ടനെ ഇടിച്ചുതെറിപ്പിച്ച മിനിവാൻ നിർത്താതെ കടന്നുകളഞ്ഞു. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ബാബുക്കുട്ടനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകട ശേഷം നിർത്താതെ കടന്നുകളഞ്ഞ വാഹനത്തെക്കുറിച്ച് സിസിടിവി കേന്ദ്രീകരിച്ച് കിളിമാനൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് തിരികെ വരികയായിരുന്ന തൃശൂർ രജിസ്ട്രേഷനിലുള്ള വാഹനമാണ് ഇടിച്ചതെന്നുള്ള വിവരം പുറത്തുവരുന്നുണ്ട്.
Kerala
തൃശൂര്: കള്ള് ഷാപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന് അധ്യാപകനെ വാഹനമിടിച്ച് കൊലപ്പെടുത്താന് ശ്രമിച്ചതായി പരാതി. കല്ലേറ്റുംങ്കര പോളി ടെക്നിക്കിലെ അധ്യാപകനായ എം.ജി. സുഗുണനെ(57) യാണ് വാഹനമിടിച്ച് അപായപ്പെടുത്താന് ശ്രമിച്ചത്. പൊറത്തിശേരി വിവണ് നഗറില് ജനവാസ മേഖലയില് കള്ള്ഷാപ്പ് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ സുഗുണനും പരിസരവാസികളും പ്രക്ഷോഭ രംഗത്താണ്. ഇതിനിടയിലാണ് ജോലിക്ക് പോകുന്നതിനിടെ സുഗുണനെ ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിന് സമീപം ആക്രമിച്ചത്.
രാവിലെ 8.30 ഓടെ ഹെല്മെറ്റ് വച്ച് സ്കൂട്ടറിലെത്തിയ രണ്ട് പേര് സുഗുണന് സഞ്ചരിച്ചിരുന്ന ബൈക്കിനെ വട്ടം വെച്ച് നിര്ത്തുകയായിരുന്നു. പൊടുന്നനെ ബ്രേയ്ക്കിട്ട സുഗുണന് ബൈക്കില് നിന്നും വീഴുകയും പരിക്കേല്ക്കുകയും ചെയ്തു. ഇത് കണ്ട സ്കൂട്ടര് യാത്രികര് രക്ഷപ്പെടുകയായിരുന്നുവെന്ന് സുഗുണന് പറയുന്നു. ജനറല് ആശുപത്രിയില് ചികിത്സ തേടിയ സുഗുണന് ഇരിങ്ങാലക്കുട പോലീസില് പരാതി നല്കി.
Kerala
ആലപ്പുഴ: തുറവൂര് ആശുപത്രിയിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ രക്ഷാപ്രവര്ത്തനത്തിന് പോയ ഫയര്ഫോഴ്സിന് വഴി നല്കാത്ത സംഭവത്തില് വാഹനയുടമയുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു.
കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസന്സ് ആറു മാസത്തേക്കാണ് സസ്പെന്ഡ് ചെയ്തത്. കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തില് പരിശീലന ക്ലാസിലും സുജിത്ത് പങ്കെടുക്കണം.
മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ ഉത്കണ്ഠ ഉണ്ടായിരുന്നെന്നും ബോധപൂര്വം തടസപ്പെടുത്താന് ശ്രമിച്ചതല്ലെന്നുമാണ് വാഹനയുടമ നല്കിയ വിശദീകരണം.
സംഭവത്തില് കേസെടുത്ത പട്ടണക്കാട് പോലീസ് വാഹനം പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ചു. ഫയര് ആന്ഡ് റെസ്ക്യൂ ആലപ്പുഴ എസ്എച്ച്ഒ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് കേസെടുത്തത്.
അപകടകരമായ രീതിയില് വാഹനം ഓടിച്ചതിനാണ് കേസ്. ബിഎന്എസ് 281, 285 പ്രകാരവും മോട്ടോര്സ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
തുറവൂര് ആശുപത്രിയിൽ തീപിടിത്ത രക്ഷാപ്രവര്ത്തനത്തിന് ആലപ്പുഴയില് നിന്നും പോയ ഫയര്ഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാര് വഴിമാറാതെ സഞ്ചരിച്ചത്. ഏകദേശം 15 മിനിറ്റോളം ഫയര്ഫോഴ്സിനെ കാര് തടഞ്ഞിരുന്നു.
National
ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്യുടെ വാഹനത്തിൽ തെരഞ്ഞെടുപ്പ് സ്ക്വാഡിന്റെ മിന്നൽ പരിശോധന.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മധുരയിലെത്തിയ വിജയ്യുടെ വാഹനം മധുര-ശിവഗംഗ അതിർത്തിയിൽവച്ചാണ് പരിശോനയ്ക്കു വിധേയമാക്കിയത്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവുപരിശോധനകളാണ് നടന്നതെന്നും വിജയ് ഇതിനോടു പൂർണമായി സഹകരിച്ചെന്നും തെരഞ്ഞെടുപ്പ് ഉദ്യോസ്ഥർ പറഞ്ഞു.
വാഹനത്തിൽനിന്ന് അസ്വാഭാവികമായി ഒന്നുംതന്നെ കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
District News
തൃശൂർ: കോട്ടപ്പുറം ശിവക്ഷേത്ര പരിസരത്ത് ആവേശകരമായ തുടക്കംകുറിച്ച് യുഡിഎഫ് സ്ഥാനാർഥി രാജൻ ജെ. പല്ലന്റെ ഈസ്റ്റ് മണ്ഡലം വാഹന പ്രചാരണയാത്ര.
യുഡിഎഫ് തൃശൂർ നിയോജകമണ്ഡലം ചെയർമാൻ ഗിരീഷ്കുമാർ ജാഥ ഉദ്ഘാടനം ചെയ്തു. ടി.വി. ചന്ദ്രമോഹൻ മുഖ്യാതിഥിയായി. ഡിസിസി ഭാരവാഹികളായ ശിവരാമകൃഷ്ണൻ, സജി പോൾ, കെ. രാമനാഥൻ, സുബി ബാബു എന്നിവരും പങ്കെടുത്തു.
കോർപറേഷൻ കൗണ്സിലർമാരായ ജോയ് ബാസ്റ്റ്യൻ, അഞ്ജലി രാകേഷ് എന്നിവർ ഉൾപ്പെടെ നിരവധി പ്രാദേശികനേതാക്കളും പ്രവർത്തകരും സ്ഥാനാർഥിക്ക് അഭിവാദ്യമർപ്പിക്കാൻ എത്തിച്ചേർന്നു.
മണ്ഡലത്തിലെ വികസനമുരടിപ്പിനെതിരേയും ജനകീയപ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയും നടത്തുന്ന ഈ പര്യടനം വരുംദിവസങ്ങളിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.
NRI
ഡാളസ്: ഡാളസ് കൗണ്ടിയിലെ വിൽമറിന് സമീപം ട്രെയിനും എസ്യുവി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40ഓടെ ലാവെൻഡർ റോഡും മില്ലർ ഫെറി റോഡും സംഗമിക്കുന്ന ജംഗ്ഷനിലാണ് അപകടം നടന്നത്.
അമിതവേഗതയിലെത്തിയ ട്രെയിൻ എസ്യുവിയിൽ ഇടിക്കുകയും ആഘാതത്തിൽ വാഹനം മറിയുകയുമായിരുന്നു. കാർ ഓടിച്ചിരുന്ന വ്യക്തി വാഹനത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.
മരിച്ച വ്യക്തിയുടെ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഡാളസ് കൗണ്ടി ഷെരീഫ് ഓഫീസും വിൽമർ പോലീസും അന്വേഷണം നടത്തിവരികയാണ്.
Business
കൊച്ചി: നിസാന് മോട്ടോര് ഇന്ത്യ, യൂസ്ഡ് കാര് പ്ലാറ്റ്ഫോമായ സ്പിന്നിയുമായി ചേര്ന്നു രാജ്യവ്യാപകമായി 55 മിനിറ്റിനുള്ളില് വാഹന എക്സ്ചേഞ്ച് സാധ്യമാക്കുന്ന പദ്ധതി അവതരിപ്പിച്ചു.
ഉപഭോക്താക്കള്ക്കു നിലവിലെ വാഹനം അവിടെ വച്ചുതന്നെ വിലയിരുത്താനും പുതിയ നിസാന് കാര് വാങ്ങുമ്പോള് എക്സ്ചേഞ്ച് ബോണസ് നേടാനും അവസരമൊരുക്കുന്നതാണു പദ്ധതി.
30 നഗരങ്ങളിലെ ഡീലര്ഷിപ്പുകളിലൂടെയും സ്പിന്നിയുടെ ഡിജിറ്റല് പ്ലാറ്റ്ഫോം വഴിയും സേവനം ലഭ്യമാകും.
International
ലക്നോ: ഉത്തർപ്രദേശിലെ സിക്കന്ദ്ര റാവുവിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് പേർ മരിച്ചു. ഡൽഹിയിൽ ജോലി ചെയ്തിരുന്ന സമീർ (19), അസ്ലം (25), മുസ്തകീം (25) എന്നിവരാണ് മരിച്ചത്.
അലിഗഡിൽ നിന്ന് ഇറ്റയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി.
വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: അങ്കമാലിയില് ജാസ്ലിയ ജോണ്സനെ ഇടിച്ച വാഹനം ഓടിച്ചയാളെ കണ്ടെത്താനായില്ല. അതിരമ്പുഴ സ്വദേശി ജോര്ജ് തോമസിന്റേതാണ് അപകടമുണ്ടാക്കിയ വാഹനം.
മഹീന്ദ്ര എക്സ് യുവി വാഹനം ഓടിച്ചിരുന്നത് ജോര്ജ് തോമസിന്റെ മകന് ഡോ. സിറിയക് ആണെന്നു പോലീസ് പറയുന്നു. വാഹനം ആലപ്പുഴ തുറവൂരില്നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്, സിറിയക്കിനെ കണ്ടെത്തിയിട്ടില്ല.
ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്സ് കോളജിനു സമീപം ജാസ്ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടത്തില്പെട്ടത്. കാര് ഇടിച്ചുണ്ടായ അപകടത്തില് ജാസ്ലിയയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.
പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാല് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പുലര്ച്ചെ 6.38ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെത്തുടര്ന്നു ബന്ധുക്കള് അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു.
ജാസ്ലിയയുടെ കരള് ആലുവ രാജഗിരി ആശുപത്രിയില് തന്നെ ചികിത്സയിലുള്ള രോഗിക്കും വൃക്ക കോട്ടയം മെഡിക്കല് കോളജിലേക്കും നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷന് ഓഫ് കേരളയിലേക്കും കൈമാറി. ഇന്നു വൈകുന്നേരം മൂന്നിനാണ് ജാസ്ലിയയുടെ സംസ്കാരം.
Kerala
പാമ്പാടി: ഓട്ടോ ഡ്രൈവറെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അണ്ണടിവയലിൽ ചെറുകുന്ന് റോഡിലാണ് സംഭവം.
ചിരട്ടപറമ്പിൽ രാജു (60)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡിൽ ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തൃശൂർ: നടൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊടുങ്ങല്ലൂരിൽ വച്ച് നിരഞ്ജ് സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.
മസ്തിഷ്ക മരണം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി പോകുന്നതിനിടെയായിരുന്നു അപകടം.
ഏതാനും ദിവസങ്ങൾക്കുമുൻപ് മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ട്രിവൻഡ്രം ക്ലബ്ബിന് മുന്നിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു അപകടം. അപകടത്തിന് ശേഷം അദ്ദേഹം വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നു.
Kerala
പത്തനംതിട്ട: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. അടൂർ നെല്ലിമുകളിലാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്നവരെ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്ത് നിന്നും അടൂരിലേക്ക് വരികയായിരുന്നു വിദ്യാഭ്യാസ മന്ത്രി. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും മറ്റ് സഹായികളും സഞ്ചരിച്ച ഇന്നോവ കാർ ഗുഡ്സ് ഓട്ടോയിൽ ഇടിക്കുകയും ഈ വാഹനം മറ്റൊരു കാറിൽ ഇടിക്കുകയുമായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
District News
തലശേരി: പാനൂർ പൂക്കോത്ത് വാഹനാപകടത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്കെതിരേ പോലീസ് കേസെടുത്തു. പൂക്കോം ലൗഷോറിന് സമീപമായിരുന്നു സംഭവം.
പാനൂർ സ്വദേശി കാമ്പ്രത്ത് വൈഷ്ണവിനെയും(24) സുഹൃത്തുകളെയും ആക്രമിച്ചതിന് പൂക്കോം പന്ന്യന്നൂർ സ്വദേശികളായ കൊയ്യോത്തി വിസ്മയ്, പുല്ലായികണ്ടിയിൽ വിഷ്ണു, ചാത്താണ്ടിയിൽ സായന്ത്, അമ്പിളി റംഷിത്ത് , പുല്ലായികണ്ടി സുനിത്ത് എന്നിവർക്കെതിരേയാണ് വൈഷ്ണവിന്റെ പരാതിയിൽ ചൊക്ലി പോലീസ് കേസെടുത്തത്.
വാഹനാപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ട സംഭവം ചോദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണ ത്തിൽ കലാശിച്ചതെന്ന് പറയുന്നു. ഇതിനിടെ പൂക്കോം സ്വദേശി മുഹമ്മദ് ആസിഫിനെ മർദിച്ചെന്ന പരാതിയിലും സായന്തിനെതിരെ ചൊക്ലി പോലീസ് കേസെടുത്തു. ആസിഫ് വീട്ടിൽ നിന്നും കാറുമായി റോഡിലേക്കിറങ്ങുന്നതിനിടെ സായന്തും സംഘവും സഞ്ചരിച്ച കാർ ആസിഫിന്റ കാറിൽ ഇടിച്ചത് ചോദ്യം ചെയ്തതോടെ മർദിച്ചെന്നാണ് പരാതി.
Kerala
കോഴിക്കോട്: വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഫീസിൽ കേന്ദ്ര സർക്കാർ വരുത്തിയ വലിയ വർധന സംസ്ഥാന സർക്കാർ പകുതിയോളം വെട്ടിക്കുറച്ചെങ്കിലും മുന്പ് പണം അടച്ചവരുടെ കാര്യത്തില് അവ്യക്തത.
കേന്ദ്ര നിയമഭേദഗതി പ്രകാരം 10, 15, 20 വർഷം പിന്നിട്ട ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന നിരക്കുകളിൽനിന്നും 50 ശതമാനം വരെ കുറവ് വരുത്തിയതായാണു സര്ക്കാര് അറിയിച്ചിരിക്കുന്നത്. എന്നാല്, കേന്ദ്ര നിര്ദേശം വന്ന് മാസങ്ങള്ക്കു ശേഷമാണ് പുതിയ ഉത്തരവ് സംസ്ഥാനം പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില് മുതല് നിരവധി വാഹനങ്ങളാണ് ഉയര്ന്ന ഫീസ് നല്കി ഫിറ്റ്നസ് പുതുക്കിയത്. ഫീസില് കുറവുണ്ടായതോടെ ഈ തുക ഇവര്ക്ക് തിരിച്ചുകിട്ടുമോ എന്ന കാര്യത്തിലാണ് ആശങ്ക.
ഫീസ് ഇന പരിഷ്കാരം നടപ്പിലാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ സോഫ്റ്റ്വേറില് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുകൂടി കഴിഞ്ഞ ശേഷമായിരിക്കും തുടര്നടപടികള് എന്നാണ് അറിയുന്നത്.
15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ഫിറ്റ്നസ് അനുവദിക്കുമ്പോൾ പുക പരിശോധനകൾ ഉൾപ്പെടെ ആവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തി അന്തരീക്ഷ മലിനീകരണം ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമാണു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിവരുന്നത്.
Kerala
കോന്നി: പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ എതിർദിശയിൽ വന്നിടിച്ച കാർ ഡ്രൈവർക്കെതിരെ കേസ്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്
അപകടത്തിൽ കളക്ടർ ഉൾപ്പെടെ മൂന്ന് പേർ ചികിത്സയിലാണ്. കോന്നിയിൽ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് കളക്ടറുടെ വാഹനം തലകീഴായി മറിയുകയായിരുന്നു.
കളക്ടർക്കു പുറമേ ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവർക്കാണ് പരിക്കേറ്റത്.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാലു സൈനികർക്ക് വീരമൃത്യു. ഒൻപത് സൈനികർക്ക് പരിക്കേറ്റു.
200 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി ഉയർന്ന പ്രദേശത്തേക്ക് പോവുകയായിരുന്നു ഇവർ. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. പരിക്കേറ്റ സൈനികരെ ചികിത്സയ്ക്കായി ഉദംപുരിലെ ആശുപത്രിയിലേക്കു മാറ്റി.
Kerala
കുമളി: മധുരയില് നിന്നും തേക്കടിയിലെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കുമളിയ്ക്കു സമീപം ലോവര് പെരിയാറില് കത്തി നശിച്ചു.
വിനോദയാത്രയ്ക്കായി എത്തിയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് പൂര്ണമായും കത്തിനശിച്ചത്. വാഹനത്തില് ഉണ്ടായിരുന്ന മുഴുവന്പേരും പരിക്കേല്ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കുമളി ലോവര് ക്യാമ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഡ്രൈവറും അടക്കം 13 പേരാണ് വാഹനത്തില് ഉണ്ടായിരുന്നത്.
ലോവര് ക്യാമ്പില് നിന്നുള്ള കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ മുന്ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്പ്പെട്ട ഡ്രൈവര് ഉടന് തന്നെ പാതയോരത്തേക്ക് മാറ്റി നിര്ത്തുകയായിരുന്നു.
പുക കണ്ട ഉടന് തന്നെ യാത്രക്കാര് എല്ലാവരും വാഹനത്തില് നിന്നും പുറത്തേക്ക് ഇറങ്ങി ഓടിയതിനാല് വലിയ ദുരന്തം ഒഴിവായി. യാത്രക്കാര് പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം പൂര്ണമായും അഗ്നിക്കിരയാകുകയായിരുന്നു.
വിവരം അറിഞ്ഞ് കമ്പത്തു നിന്നെത്തിയ അഗ്നിരക്ഷാസേന ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തീ പൂര്ണമായും നിയന്ത്രണവിധേയമാക്കിയത്. ഷോര്ട്ട് സര്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടര്ന്ന് കുമളി -കമ്പം പാതയില് ഒരു മണിക്കൂറിലധികം ഗതാഗത തടസപ്പെട്ടു. ഗൂഡല്ലൂര് പോലീസും സ്ഥലത്തെത്തിയിരുന്നു.
Kerala
മലപ്പുറം: എംവിഡിയുടെ വാഹന പരിശോധനയ്ക്കിടെ വിദ്യാർഥികൾ കാർ നിർത്താതെ പോയി. മലപ്പുറം തിരൂർ പറവണ്ണയിലാണ് സംഭവം. തിരൂർ ജോയിൻ ആർടി ഓഫീസിന്റെ കീഴിലെ ഉദ്യോഗസ്ഥര് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ് ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ പോയത്. മോഡിഫൈ ചെയ്ത വാഹനമാണ് ഉദ്യോഗസ്ഥൻ നിർത്താൻ ശ്രമിച്ചത്.
തിരൂർ കൊടക്കൽ ഭാഗത്തു വെച്ച് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എംവിഡി അറിയിച്ചു.
District News
മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഓരോ ദിവസവും ഈ റോഡിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥയും കൊടും വളവും വാഹനങ്ങളുടെ പെരുപ്പവും അമിത വേഗവുമെല്ലാം അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ പൈങ്ങന സെന്റ് തോമസ് പള്ളിയുടെ മുൻവശത്തെ വളവിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. തിങ്കളാഴ്ച ഇടച്ചോറ്റിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർഥികളടക്കമുള്ളവർക്ക് പരിക്കേറ്റു. ഇടച്ചോറ്റി ഭാഗത്ത് മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നോളം അപകടങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. ചിറ്റടിക്ക് സമീപം സ്കൂട്ടർ അപകടത്തിൽ യാത്രക്കാരന് പരിക്കേറ്റിരുന്നു.
അപകടങ്ങൾക്ക് നിരവധി കാരണങ്ങൾ
ദേശീയപാതയായി ഉയർത്തി പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയുടെ ഭാഗമായ റോഡിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടില്ല. കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ റോഡിലെ കൊടുംവളവുകളാണ് അപകടങ്ങൾക്കു കാരണമാകുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ചിലയിടങ്ങളിൽ ഓടയുടെയും കലുങ്കിന്റെയും നിർമാണമല്ലാതെ മറ്റ് യാതൊരു നവീകരണ പ്രവർത്തനവും നടന്നിട്ടില്ല.
എന്നാൽ, വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. മറ്റ് ജില്ലകളിൽ നാലുവരി പാതയ്ക്ക് സമാനമായി ദേശീയപാത ഉയരുമ്പോഴും പഴയ കെകെ റോഡിന് ഇപ്പോഴും പഞ്ചായത്ത് റോഡുകളുടെ നിലവാരം മാത്രമാണുള്ളതെന്നും ആക്ഷേപം ഉയരുകയാണ്. റോഡിന്റെ ചിലയിടങ്ങളിൽ ഐറിഷ് ഓടയുടെ അഭാവം മൂലം വശങ്ങളിൽ വലിയ കട്ടിംഗാണ് രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങൾ ഇത്തരം കട്ടിംഗിൽ ചാടി അപകടം സംഭവിക്കുന്നതും പതിവാണ്.
സ്ഥിരം അപകട മേഖലകൾ
കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ പതിവായി അപകടങ്ങൾ നടക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. പൈങ്ങനയിലെ അടുപ്പിച്ചുള്ള കൊടുംവളവുകൾ സ്ഥിരം അപകടവേദിയാണ്. ചിറ്റടി ഗുരുമന്ദിരത്തിന് സമീപവും അട്ടിവളവും അപകട കേന്ദ്രങ്ങളാണ്. ചോറ്റി നിർമലാരം ജംഗ്ഷനും ഇടച്ചോറ്റിയും പൊടിമറ്റത്തിന് സമീപത്തെ വളവുകളും പതിവായി വാഹനാപകടങ്ങൾ നടക്കാറുള്ള മേഖലയാണ്.
പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്ന വികസനം
നിലവിലെ ദേശീയപാതയായ പഴയ കോട്ടയം-കുമളി റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതികൾ വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതാണ്. സർവേ നടപടികളെല്ലാം പൂർത്തിയായെന്നും റോഡ് നവീകരണം ഉടൻ ആരംഭിക്കുമെന്നും പ്രചാരണം വ്യാപകമായി നടന്നിരുന്നു. എന്നാൽ, ഒന്നുമുണ്ടായില്ല. റോഡ് വികസനത്തിനായി സർവേ നടപടികൾക്ക് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചിരുന്നു.എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും സർവേ നടപടികൾ പൂർത്തിയാക്കാത്തതിനെത്തുടർന്ന് മറ്റൊരു ഏജൻസിക്ക് ഈ ചുമതല നൽകിയതായി കഴിഞ്ഞമാസം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിൻ ഗഡ്ഗരി കേരളത്തിലെ എംപിമാരെ അറിയിച്ചിരുന്നു.
Kerala
കണ്ണൂർ: കൂത്തുപറമ്പിൽ വനംവകുപ്പിന്റെ വാഹനം കാറിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. കാർ യാത്രക്കാരിയായ കതിരൂർ സ്വദേശി നിബയ്ക്കാണ്(29) പരിക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ രാവിലെ 9.45 ഓടെയായിരുന്നു സംഭവം. തലശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിന്റെ പിറകിൽ ഇടിച്ച് അപകടമുണ്ടാക്കി നിർത്താതെ പോയ വനംവകുപ്പിന്റെ വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പാറാലിൽ വച്ച് പിടികൂടുകയായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡ്രൈവറെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറളം ഫോറസ്റ്റ് ഓഫീസ് വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി പി. രഘുനാഥനെ (54) ആണ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. വനംവകുപ്പിന്റെ വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.
Kerala
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ഡൽഹി സ്വദേശി രോഹിത് ബേദിക്കെതിരെ കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്. എറണാകുളം സ്വദേശി യഹിയ എന്നയാളാണ് പരാതിക്കാരന്.
നേപ്പാളിലെ ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ച ലാൻഡ് ക്രൂയിസർ കാർ എന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയതിനാണ് കേസ്. രോഹിത് ബേദി 14 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി.
പരാതിക്കാരന്റെ വാഹനം ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ കസ്റ്റംസ്, പോലീസിന്റെ സഹായം തേടിയിരുന്നു. എന്നാൽ ആദ്യമായാണ് ഒരു പരാതിയിൽ കേസെടുക്കുന്നത്.
ഭൂട്ടാനില് നിന്ന് പട്ടാളം ഉപേക്ഷിച്ച 40ഓളം വാഹനങ്ങള് ഇന്ത്യയിലെക്ക് കടത്തി എന്ന പരാതി നേരത്തെ തന്നെ ഉയര്ന്നിരുന്നു. വാഹനങ്ങള് ഹിമാചല്പ്രദേശിലെത്തിച്ച് രജിസ്ട്രേഷന് ചെയ്ത് രാജ്യമെമ്പാടും വില്പ്പന നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില് രാജ്യവ്യാപകമായി കസ്റ്റംസ് ഓപറേഷന് നുംഖൂർ എന്ന പേരില് സെപ്തംബര് മാസത്തില് പരിശോധന നടത്തിയിരുന്നു.
നടന്മാരായ ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ തുടങ്ങിയവരുടെ വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
District News
പൂഞ്ഞാർ: നിയന്ത്രണം വിട്ട കാർ റോഡിന് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ചേർപ്പുങ്കൽ സ്വദേശിനി അനു സിജോ (30), മകൾ ജെന്ന സിജോ (മൂന്ന്), ഗിരിജാ ബാബു എന്നിവർക്കാണ് പരിക്കേറ്റത്. കുന്നോന്നി ഏന്തയാർ റോഡിൽ തകിടി കുരിശുപള്ളിക്ക് സമീപത്തെ വളവിലാണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്.
തകിടി പള്ളിയിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു മടങ്ങവെയാണ് അപകടം. നിയന്ത്രണം വിട്ട കാർ 50 അടിയോളം താഴ്ചയിലേക്കാണ് പതിച്ചത്. പരിക്കേറ്റ ഗിരിജാ ബാബുവിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാലാ: വിവിധ അപകടങ്ങളില് പരിക്കേറ്റ മൂന്ന് പേരെ ചേര്പ്പുങ്കല് മാര് സ്ലീവാ മെഡിസിറ്റിയില് പ്രവേശിപ്പിച്ചു. ഇന്നലെ പുലര്ച്ചെ പാലായില് ബൈക്കും കാറും കൂട്ടിയിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികന് പുലിയന്നൂര് സ്വദേശി അഖിലേശ്വരന് (14), ഇന്നലെ ഉച്ചക്ക് പൈകയില് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ കാഞ്ഞിരമറ്റം സ്വദേശികളായ ജോജോ (46) ജോഹന് (എട്ട്) എന്നിവരെയാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
Kerala
ചെന്നൈ: കരൂരിൽ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു.
ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടർന്ന് പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി.
കഴിഞ്ഞ സെപ്റ്റംബർ 27-നാണ് കരൂരിൽ ദുരന്തമുണ്ടായത്. സംഭവത്തിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഈ മാസം 12-ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ വിജയ്യ്ക്ക് നേരത്തെ തന്നെ നോട്ടിസ് അയച്ചിരുന്നു. ദുരന്തത്തിന് പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്.
നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്ന് സിബിഐ വിവരങ്ങൾ ശേഖരിച്ചിരുന്നു. വിജയ്യെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായാണ് വാഹനം പിടിച്ചെടുത്തത്.
Kerala
തൃശൂർ: മാള വടമയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ പള്ളിപ്പുറം സ്വദേശി കളത്തിൽ തോമസ് (60) മരണപ്പെട്ടു. ഞായറാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം.
ചാലക്കുടിയിൽ നിന്നും മാള ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് റോഡിൽ മറിയുകയായിരുന്നു.
കോഴിഫാമിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തോമസ് റോഡിൽ മറിഞ്ഞുകിടന്ന പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
വെളിച്ചക്കുറവ് മൂലം റോഡിലെ തടസം ശ്രദ്ധയിൽപ്പെടാത്തതാണ് അപകടത്തിന് കാരണമായത്. കെഎസ്ഇബി ജീവനക്കാർ ഉടൻ തന്നെ തോമസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽപ്പെട്ട പിക്കപ്പ് വാനിലുണ്ടായിരുന്ന മൂന്ന് യുവാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച തോമസിന്റെ ഭാര്യ ഷിജി വിദേശത്താണ്. ജോയിലിൻ, ജെറാഡ് എന്നിവർ മക്കളാണ്.
International
വെസ്റ്റ് ബാങ്ക്: വഴിയരികിൽ പ്രാർഥിക്കുകയായിരുന്ന പലസ്തീൻ സ്വദേശിയെ ആയുധധാരിയ ഇസ്രയേലി സൈനികൻ വാഹനം ഇടിപ്പിച്ച് വീഴ്ത്തി. പലസ്തീനിലെ വെസ്റ്റ് ബാങ്കിലാണ് സംഭവം. എന്നാൽ വാഹനം ഇടിച്ചു കയറ്റിയ യുവാവ് മുൻ സൈനികനാണെന്നും ഇയാളുടെ സൈനിക സേവനം നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നതയും ഇസ്രയേൽ സൈന്യം അറിയിച്ചു.
ഗുരുതരമായ നിയമലംഘനം നടത്തിയതിനാൽ ഇസ്രയേൽ പൗരന്റെ ആയുധം കണ്ടുകെട്ടിയതായും ഇസ്രയേൽ സൈന്യം പറഞ്ഞു. ദൃശ്യങ്ങളിൽ ഇസ്രയേൽ സൈനികൻ സിവിലിയൻ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്ന് വ്യക്തമാണ്. ഇയാൾ പിന്നീട് പലസ്തീൻ പൗരന് നേർക്ക് ആക്രോശിക്കുകയും പ്രദേശം വിട്ടുപോകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
അതേസമയം ഇസ്രയേൽ സൈനികൻ കുരുമുളക് സ്പ്രേ പ്രയോഗിച്ചതായും ആരോപണമുണ്ട്. ഐക്യരാഷ്ട്രസംഘടനയുെട കണക്കുകൾ പ്രകാരം വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ രേഖപ്പെടുത്തിയ വർഷങ്ങളിലൊന്നായിരുന്നു ഇത്.
Kerala
ആലപ്പുഴ: മുന് എംപിയും സിപിഎം നേതാവുമായ എ.എം. ആരിഫിന്റെ വാഹനം അപകടത്തില്പ്പെട്ടു. നേരിയ പരിക്കേറ്റ ആരിഫിനെ ചേര്ത്തല താലൂക്കാശുപത്രിയില് പ്രവേശിപ്പിച്ചു.
ചേര്ത്തല ദേവീ ക്ഷേത്രത്തിന് തെക്ക് വശത്താണ് അപകടം. ഓട്ടോയുടെ പിന്നില് ഇടിച്ച കാറിന്റെ മുന്ഭാഗം തകര്ന്നു.
Kerala
കോട്ടയം: സീരിയൽ നടന്റെ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. എംസി റോഡിൽ ബുധനാഴ്ച രാത്രി 8.30ഓടെ ആയിരുന്നു സംഭവം. സീരിയൽ നടനായ സിദ്ധാർഥ് ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്.
അപകടം കണ്ട് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരേയും പോലീസിനേയും സിദ്ധാർഥ് ആക്രമിച്ചതായും പരാതിയുണ്ട്. കോട്ടയം ഭാഗത്തുനിന്നെത്തിയ കാർ നിയന്ത്രണംവിട്ട് കാൽനട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ റോഡിൽ വീണയാളെ രക്ഷിക്കുന്നതിനിടെ സിദ്ധാർഥ് ഇവരെ കൈയേറ്റം ചെയ്തതായാണ് പരാതി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുമായും നടൻ വാക്കുതർക്കമുണ്ടായി. ബലംപ്രയോഗിച്ചാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.
Kerala
കോട്ടയം: ശബരിമല തീർഥാടക വാഹനം ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. മടുക്ക മൈനാകുളം വയലക്കൊമ്പിൽ എബി തോമസ്(29) ആണ് മരിച്ചത്.
കോരുത്തോട് റോഡിൽ മടുക്ക പാറമട ഭാഗത്ത് വച്ചാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവം.
ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട് രാജപാളയം സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം എബി സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.