പ്രതീകാത്മക ചിത്രം
വിദേശ ഫണ്ടുകളില്‍നിന്നുള്ള ശക്തമായ പണപ്രവാഹം ഓഹരി സൂചികകളുടെ തിളക്കം വര്‍ധിപ്പിച്ചതിനൊപ്പം കടപ്പത്ര, നാണയ വിപണികള്‍ക്കും കരുത്തേകി. ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ നാലാം വാരവും നേട്ടത്തില്‍. നിഫ്റ്റി സൂചിക 656 പോയിന്റും സെന്‍സെക്സ് 2,327 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
നവംബറില്‍ ആദ്യ മൂന്ന് ആഴ്ചകളില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഒരു ലക്ഷം കോടി രൂപയിലേറെ ഇന്ത്യയില്‍ നിക്ഷേപിച്ചു. നവംബറിലെ മൊത്തം നിക്ഷേപം 1.22 ലക്ഷം കോടി രൂപയായി. ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വിദേശ നിക്ഷേപമാണിത്.
2020 നവംബറില്‍ അവര്‍ നടത്തിയ 70,896 കോടി രൂപയുടെ റിക്കാര്‍ഡ് നിക്ഷേപമാണ് ഇതോടെ പഴങ്കഥയായത്. പണമൊഴുക്ക് ഇന്ത്യന്‍ വിപണിയുടെ അടിത്തറ കൂടുതല്‍ ശക്തമാക്കുന്നു.
വിദേശ ഫണ്ടുകള്‍ പിന്നിട്ട വാരം 32,647 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. അതേസമയം, ആഭ്യന്തര ഫണ്ടുകള്‍ 12,698 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. ഒരു ദിവസം മാത്രമാണ് അവര്‍ അറ്റവാങ്ങലുകാരായത്.
വിദേശ മൂലധന പ്രവാഹം ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക് വേഗം സമ്മാനിക്കും. ഡോളറിനെതിരേ രൂപ കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലും കരുത്തുനേടി. വിനിമയ നിരക്ക് 1.66 ശതമാനം ഉയര്‍ന്ന് 157 പൈസയുടെ മുന്നേറ്റം നടത്തി. 94.23ല്‍നിന്ന് ഏഴ് മാസത്തെ ഉയര്‍ന്ന നിരക്കായ 92.66ലേക്ക് ശക്തിപ്രാപിച്ചു.
ഏപ്രിലിനുശേഷം ആദ്യമായാണ് രൂപ ഇത്രയും ശക്തമായ നിലയിലെത്തുന്നത്. രൂപയുടെ സാങ്കേതിക ചലനങ്ങള്‍ നിരീക്ഷിച്ചാല്‍ 91.51 എന്ന നിലവാരത്തിലേക്ക് കരുത്തുനേടാം. എന്നാല്‍ രൂപയുടെ കരുത്ത് കയറ്റുമതിയെ ബാധിക്കുന്നതിനാല്‍ കേന്ദ്രം ഇടപെടലുകള്‍ക്ക് മുതിര്‍ന്നേക്കാം.
നിഫ്റ്റി സൂചിക മുന്‍വാരത്തിലെ 25,144ല്‍നിന്ന് വാരത്തിന്റെ തുടക്കത്തില്‍ നിക്ഷേപകര്‍ നടത്തിയ ലാഭമെടുപ്പില്‍ 25,104ലേക്ക് താഴ്ന്നു. ഈ അവസരം നേട്ടമാക്കാന്‍ വിദേശ വാങ്ങലുകാര്‍ വിപണിയില്‍ സജീവമായതോടെ സൂചിക ഇരട്ടി വീര്യത്തോടെ 25,808 വരെ മുന്നേറി. വ്യാപാരാന്ത്യം 25,800 പോയിന്റിലാണ്.
വിപണിയുടെ മറ്റ് സാങ്കേതിക ചലനങ്ങള്‍ വിലയിരുത്തിയാല്‍ ഈ വാരം 25,333ലെ ആദ്യ സപ്പോര്‍ട്ട് നിലനിര്‍ത്തി 26,037-26,274ലേക്ക് സഞ്ചരിക്കാം. വീണ്ടും ഒരു ബുള്‍ റാലിക്ക് അവസരം തെളിഞ്ഞാല്‍ ക്രിസ്മസ് വേളയില്‍ നിഫ്റ്റി 26,987ല്‍ നക്ഷത്രത്തിളക്കം കാഴ്ചവയ്ക്കാം. അതേസമയം, ലാഭമെടുപ്പിന് നീക്കം നടന്നാല്‍ 24,866ല്‍ സപ്പോര്‍ട്ടുണ്ട്.
നിഫ്റ്റി 20, 50 ദിവസങ്ങളിലെ മൂവിംഗ് ആവറേജുകള്‍ക്ക് മുകളില്‍ നീങ്ങുന്നത് ഹ്രസ്വകാലയളവില്‍ ബുള്ളിഷ് ട്രെന്‍ഡ് നിലനിര്‍ത്താന്‍ സഹായിക്കും. എംഎസിഡിയും ബുള്ളിഷ് മൂഡിലാണ്. അതേസമയം, 20 ഡിഎംഎ അടിസ്ഥാനമാക്കിയുള്ള ആര്‍എസ്ഐ 78.13ലേക്ക് ഉയര്‍ന്നത് ഓവര്‍ബോട്ട് മേഖലയിലേക്ക് പ്രവേശിച്ചതിനാല്‍ ഇടക്കാല ലാഭമെടുപ്പിനും സാധ്യത.
നിഫ്റ്റി നവംബര്‍ ഫ്യൂച്ചര്‍ 2.4 ശതമാനം ഉയര്‍ന്നു. മുന്‍വാരത്തിലെ 25,171ല്‍നിന്ന് 25,775ലേക്ക് കയറി. ഡിസംബര്‍ ഫ്യൂച്ചറും സമാനമായ 2.4 ശതമാനം മുന്നേറ്റത്തോടെ 25,932ലാണ്. അതേസമയം, നവംബര്‍ ഫ്യൂച്ചറിലെ ഓപ്പണ്‍ ഇന്ററസ്റ്റ് 117.9 ലക്ഷത്തില്‍നിന്ന് ഏകദേശം 43 ശതമാനം കുറഞ്ഞ് 66.7 ലക്ഷമായി. സെറ്റില്‍മെന്റ് ദിനം അടുക്കുന്നത് ഒരു പരിധിവരെ ഇതിന് കാരണമാണ്. അതേസമയം, ഡിസംബര്‍ ഫ്യൂച്ചറിലെ ഓപ്പണ്‍ ഇന്ററസ്റ്റ് നാലിരട്ടിയിലധികം വര്‍ധിച്ച് 76.8 ലക്ഷം കരാറുകളായി. ഡിസംബര്‍ ഫ്യൂച്ചര്‍ വിലയും ഓപ്പണ്‍ ഇന്ററസ്റ്റും ഒരുമിച്ച് ഉയര്‍ന്നത് പുതിയ ലോംഗ് പൊസിഷനുകള്‍ രൂപപ്പെടുന്നത് ബുള്ളിഷ് ട്രെന്‍ഡിന് പിന്തുണ പകരും.
സെന്‍സെക്സ് 81,592 പോയിന്റില്‍നിന്ന് നേട്ടത്തോടെയാണ് ഇടപാടുകള്‍ തുടങ്ങിയത്. മുന്‍നിര ഓഹരികളില്‍ വിദേശ ഫണ്ടുകള്‍ കാണിച്ച താത്പര്യം സൂചികയെ 84,037 വരെ ഉയര്‍ത്തി. വാരാന്ത്യം സെന്‍സെക്സ് 83,919 പോയിന്റിലാണ്. വാങ്ങല്‍ താത്പര്യം ശക്തമായാല്‍ സെന്‍സെക്സ് 84,716-85,514 റേഞ്ചിലേക്ക് ചുവടുവയ്ക്കാം. വിപണി തിരുത്തലിന് മുതിര്‍ന്നാല്‍ 82,441ല്‍ ആദ്യ സപ്പോര്‍ട്ടുണ്ട്. ഇത് നഷ്ടപ്പെട്ടാല്‍ 80,964ലേക്ക് തിരുത്തല്‍ സാധ്യതയുണ്ട്.
വിദേശ നിക്ഷേപകരുടെ വാങ്ങല്‍ താത്പര്യവും രൂപ സൃഷ്ടിച്ച മുന്നേറ്റവും ക്രൂഡ് ഓയില്‍ വിലയിലെ മാറ്റവും ഈ വാരം വിപണിയുടെ കയറ്റിറക്കങ്ങളെ സ്വാധീനിക്കും. യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബര്‍ രണ്ടാം വാരം യോഗം ചേരും.
ഡിസംബര്‍ ആദ്യവാരം ആര്‍ബിഐയും വായ്പാ അവലോകനത്തിന് ഒത്തുകൂടും. നിലവിലെ റിപ്പോ നിരക്ക് 5.50 ശതമാനമാണ്. പണപ്പെരുപ്പവും രൂപയുടെ നിലയും സാമ്പത്തിക വളര്‍ച്ചയും കേന്ദ്ര ബാങ്ക് നിരീക്ഷിക്കുന്നു. പണപ്പെരുപ്പം നിയന്ത്രണ പരിധിക്ക് പുറത്താണ്. ഒക്ടോബറില്‍ ചില്ലറ പണപ്പെരുപ്പം 6.09 ശതമാനമായി. സെപ്റ്റംബറില്‍ ഇത് 5.54 ശതമാനമായിരുന്നു. ഭക്ഷ്യവിലക്കയറ്റം കേന്ദ്ര ബാങ്കിന്റെ കണക്കുകൂട്ടലുകള്‍ക്ക് തിരിച്ചടിയായി.
സ്വര്‍ണവിലയിലെ തകര്‍ച്ച ആഗോള നിക്ഷേപകരെ ഞെട്ടിച്ചു. ട്രോയ് ഔണ്‍സിന് 351 ഡോളര്‍ കുറഞ്ഞു. 3888 ഡോളറില്‍നിന്ന് 3502 ഡോളര്‍ വരെ ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം 3537 ഡോളറിലാണ്.
താഴ്ന്ന നിരക്കുകളില്‍ പുതിയ വാങ്ങലിനും ഷോര്‍ട്ട് കവറിംഗിനും ഫണ്ടുകള്‍ നീക്കം തുടങ്ങിയാല്‍ ഒരു പുള്‍ബാക്ക് റാലി പ്രതീക്ഷിക്കാം. ഈ വാരം 3500ലെ താങ്ങ് നിലനിര്‍ത്താനായാല്‍ 3690-3700 ഡോളറിലേക്ക് ഉയരാം. ഈ പ്രതിരോധം മറികടക്കാനായാല്‍ 3800 ഡോളറാവും അടുത്ത ലക്ഷ്യം. എന്നാല്‍ ആദ്യ താങ്ങ് നഷ്ടപ്പെട്ടാല്‍ 3430 ഡോളറില്‍ കടുത്ത പരീക്ഷണം നേരിടാം. ഡിസംബറിന് മുന്നോടിയായി ഒരു സാങ്കേതിക തിരിച്ചുവരവ് പ്രതീക്ഷിക്കാമെങ്കിലും അത് ബുള്‍ റാലിയുടെ തുടക്കമായി വിലയിരുത്താനാവില്ല.
Tags : Market posts Business Entrepreneur Startup Market Money gains for the 4th consecutive week