പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗണ്‍സിൽ മുൻ പ്രസിഡന്റ് യു.ഷറഫലിയെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ടു രണ്ടു കോടി രൂപയുടെ ഇടപാടുകൾ ഷറഫലിയുടെ പേരിൽ നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഷറഫലിയുടെ സ്പോർട്സ് അക്കാദമിക്ക് അർജന്റീന ടീമിന്റെ സ്പോണ്‍സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കന്പനി (ആർബിസി) രണ്ടു കോടി രൂപ നൽകിയെന്നാണ് കണ്ടെത്തൽ. ആർബിസിയുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഷറഫലിയുടെ സ്ഥാപനത്തിന് രണ്ടു കോടി രൂപ കൈമാറിയതിന്റെ രേഖകൾ ലഭിച്ചത്. പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ എസ്ഐടി ശേഖരിച്ചു.
സംസ്ഥാന സർക്കാരിന്റെ അനുമതി കിട്ടും മുന്‍പേ സ്പോണ്‍സറും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുണ്ടാക്കിയ കരാറിൽ സാക്ഷിയായി ഒപ്പിട്ടത് ഷറഫലിയായിരുന്നു.
മുൻ മന്ത്രി വി. അബ്ദുറഹ്മാനൊപ്പം സ്പോർട്സ് കൗണ്‍സിൽ മുൻ പ്രസിഡന്റായ ഷറഫലിയെയും കേസിൽ പ്രതി ചേർത്തിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഷറഫലിക്കെതിരേയും കേസെടുത്ത് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ചട്ടങ്ങൾക്ക് വിരുദ്ധമായി കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ആർബിസിക്ക് വിട്ടുനൽകിയത് പണം കൈമാറ്റം നടന്ന കാലയളവിലാണെന്നതും പരിശോധിച്ചുവരുന്നു.
Tags : Fraud in Messi name Deepika DeepikaNewspaper BreakingNews NewsUpdate SIT to question U. Sharafali