പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ ഡിസി: സമാധാനപരമായി വിശ്വാസം പ്രകടിപ്പിച്ചതിന്റെ പേരിൽ ഈജിപ്തിൽ 25 വർഷം തടവോ വധശിക്ഷയോ നേരിടുന്ന ക്രിസ്തുമത വിശ്വാസിയായ സെയ്ദ് അബ്ദുൽറസേക്കിനെ ഉടൻ വിട്ടയക്കണമെന്ന് യുഎസ് ജനപ്രതിനിധികൾ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയോട് ആവശ്യപ്പെട്ടു. ഇസ്ലാം മതത്തിൽനിന്നു ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്ന് 2025 ജൂലൈയിൽ അറസ്റ്റിലായ അദ്ദേഹത്തിനെതിരേ മതനിന്ദ, തീവ്രവാദം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
ഡിസംബർ എട്ടിന് നടക്കുന്ന വിചാരണയിൽ അബ്ദുൽറസേക്കിന് കടുത്ത ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് യുഎസ് സെനറ്റർ ജോഷ് ഹാവ്ലി ഉൾപ്പടെയുള്ള ആറു ജനപ്രതിനിധികൾ കത്തെഴുതിയത്. ജയിലിൽ അദ്ദേഹത്തിനു ചികിത്സ നിഷേധിക്കപ്പെടുന്നതായും പീഡനമേൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലെ പുരോഗതിയെ അടിസ്ഥാനമാക്കിയാണ് ഈജിപ്തിനുള്ള യുഎസ് സഹായങ്ങൾ നൽകുന്നതെന്ന് ജനപ്രതിനിധികൾ ഓർമിപ്പിച്ചു.
മതനിന്ദ, തീവ്രവാദ വിരുദ്ധ നിയമങ്ങൾ ദുരുപയോഗം ചെയ്തു ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അബ്ദുൽറസേക്കിനെതിരായ കുറ്റങ്ങൾ ഒഴിവാക്കി ഉടൻ മോചിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. 2018ൽ ക്രിസ്തുമതം സ്വീകരിച്ചതുമുതൽ അബ്ദുൽറസേക്കിന് കടുത്ത പീഡനങ്ങളും വിവേചനങ്ങളും നേരിടേണ്ടിവന്നതായി യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷൻ വ്യക്തമാക്കുന്നു.
തുടർന്ന് 2019ൽ അദ്ദേഹം റഷ്യയിൽ അഭയം തേടി. എന്നാൽ, സ്വകാര്യ വീഡിയോ ചിത്രീകരിച്ചെന്നാരോപിച്ച് 2023ൽ റഷ്യൻ അധികൃതർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 2024ൽ ഈജിപ്തിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
ഈജിപ്തിലെത്തിയ അദ്ദേഹത്തെ 2025 ജൂലൈയിൽ വാറന്റില്ലാതെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
Tags : Death sentence for faith Deepika DeepikaNewspaper BreakingNews US lawmakers urge Egypt to release Christian