പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവിലയിലുണ്ടായ അപ്രതീക്ഷിതമായ ഇടിവ് കുടുംബസമ്പാദ്യത്തിനും വ്യാപാരത്തിനും തിരിച്ചടിയാകുന്നു. സാധാരണക്കാരുടെ ജീവിതകാല സമ്പാദ്യം മുതല്‍ സ്വര്‍ണവ്യാപാരികളുടെ പ്രവര്‍ത്തന മൂലധനം വരെയുള്ള വലിയൊരു സാമ്പത്തികമേഖലയെയാണ് ഈ വിലത്തകര്‍ച്ച ബാധിക്കുന്നത്. 2026 ജനുവരി 29ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 1,31,160 രൂപയായിരുന്നു. എന്നാല്‍, ഈ മാസം 20ന് പവന് വില 92,080 രൂപയിലേക്കു താഴ്ന്നു. ജനുവരിയിലെ ഉയര്‍ന്ന വിലയില്‍നിന്ന് ഒരു പവന് 38,280 രൂപയുടെ ഇടിവാണുണ്ടായത്. ഏകദേശം 29.4 ശതമാനത്തിന്റെ മൂല്യത്തകര്‍ച്ചയാണിത്. ഇന്നലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ് യഥാക്രമം 11,465 രൂപയും 91,720 രൂപയുമായി.
കേരളത്തിലെ കുടുംബങ്ങളുടെ കൈവശം ഏകദേശം 2,000 ടണ്‍ സ്വര്ണമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വില ഉയര്‍ന്നുനിന്ന സമയത്ത് സ്വര്‍ണം വാങ്ങി സൂക്ഷിച്ചവരുടെ കൈവശമുള്ള സമ്പാദ്യത്തിന്റെ വിപണിമൂല്യമാണ് ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നത്. സ്വര്‍ണം വില്ക്കുകയോ പണയംവയ്ക്കുകയോ ചെയ്യുമ്പോള്‍ ലഭിക്കുന്ന തുകയിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. ഗ്രാമിന് 4,785 രൂപയുടെ വിലയിടിവ് പരിഗണിച്ചാല്‍ സംസ്ഥാനത്തെ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ വിപണിമൂല്യത്തില്‍ ഏകദേശം 9.57 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. ഇതു വിപണിവിലയിലെ മാറ്റം അടിസ്ഥാനമാക്കിയുള്ള സാങ്കല്പിക മൂല്യക്കുറവാണ്.
വ്യാപരമേഖലയിലും കനത്ത പ്രഹരം
സംസ്ഥാനത്ത് ഏകദേശം 12,000 സ്വര്ണവ്യാപാരികളുണ്ടെന്നും ഇതില്‍ 7,000ത്തോളം സ്ഥാപനങ്ങള്‍ ഗണ്യമായ സ്റ്റോക്ക് സൂക്ഷിച്ചു വ്യാപാരം നടത്തുന്നവരാണെന്നുമാണ് കണക്ക്. ഉയര്‍ന്ന വിലയില്‍ വാങ്ങി സ്റ്റോക്ക് ചെയ്ത സ്വര്‍ണത്തിന്റെ വിപണിമൂല്യം പെട്ടെന്ന് കുറയുമ്പോള്‍ വ്യാപാരികള്‍ക്കു വലിയ മൂലധന സമ്മര്‍ദമാണ് ഉണ്ടാകുന്നത്. ബാങ്ക് വായ്പയും മറ്റു സാമ്പത്തിക സൗകര്യങ്ങളും ഉപയോഗിച്ചു സ്റ്റോക്ക് നിലനിര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഇതു പ്രതിസന്ധി സൃഷ്ടിക്കാം.
പരമ്പരാഗത സ്വര്‍ണപ്പണിക്കാര്‍, ആഭരണനിര്‍മാണ യൂണിറ്റുകള്‍, ഡിസൈനര്‍മാര്‍, മൊത്തവ്യാപാരികള്‍, വിതരണക്കാര്‍, ചെറുകിട വ്യാപാരികള്‍ തുടങ്ങി വലിയൊരു തൊഴില്‍ ശൃംഖലയാണ് ഈ മേഖലയെ ആശ്രയിക്കുന്നത്. വ്യാപാരത്തിലെ മാന്ദ്യം ഈ മേഖലകളിലെ തൊഴിലവസരങ്ങളെയും വരുമാനത്തെയും ബാധിക്കും.
പണയസ്വര്‍ണത്തിന്റെ വിപണിമൂല്യം കുറയുന്നതിനനുസരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ലഭിക്കാവുന്ന വായ്പയുടെ തുകയും കുറയാം. സ്വര്‍ണവ്യാപാരത്തിന്റെ വാര്‍ഷിക വിറ്റുവരവ് ഒരു ലക്ഷം കോടിക്കു മുകളില്‍ വരുമെന്ന കണക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയിലുണ്ടാകുന്ന തളര്‍ച്ച സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെയും ബാധിക്കും.
വില കുറയുന്നത് പുതിയ വാങ്ങലുകള്‍ക്ക് അവസരമൊരുക്കുമെങ്കിലും വില ഇനിയും താഴുമെന്ന പ്രതീക്ഷയില്‍ ഉപഭോക്താക്കള്‍ വാങ്ങല്‍ മാറ്റിവയ്ക്കുന്ന സാഹചര്യം വ്യാപാരത്തെ പ്രതികൂലമായി ബാധിക്കാമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
Tags : Gold Prices Family Savings Business Setback Drop