തെരുവ് വിളക്കുകൾ നീക്കം ചെയ്യുന്നു
ജയ്പുർ: രാജസ്ഥാനിലെ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ ഭാര്യ പരാജയപ്പെട്ടതിനെ തുടർന്ന് ഗ്രാമങ്ങളിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ കൂട്ടത്തോടെ നീക്കം ചെയ്ത് ബിജെപി സ്ഥാനാർഥിയുടെ ഭർത്താവ്. രാജസ്ഥാനിലെ ടോംഗ് ജില്ലയിലാണ് സംഭവം.
നിവായ് എംഎൽഎ റാം സഹായ് വർമയുടെ പിഎയുടെ ഭാര്യയും ബിജെപി സ്ഥാനാർഥിയുമായ പ്രിയങ്ക ശർമ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. പീപ്ലു പഞ്ചായത്ത് സമിതിക്ക് കീഴിൽ വരുന്ന നാലാം വാർഡിൽ 50 ഓളം എൽഇഡി തെരുവുവിളക്കുകൾ ആയിരുന്നു സ്ഥാപിച്ചിരുന്നത്.
കുംഹാരോൻ കി ധാനി, ബീഗംപുര, ഹനീഫ്ഗഞ്ച്, ബിജൽപുര എന്നീ ഗ്രാമങ്ങളിലായി ആയിരുന്നു ഇത്. നിവായ് എംഎൽഎ റാം സഹായ് വർമ്മയുടെ പേഴ്സണൽ അസിസ്റ്റന്റായ അലോക് ശർമ്മയുടെ നിർദേശപ്രകാരമാണ് ഇവ സ്ഥാപിച്ചതെന്നാണ് പ്രദേശവാസികൾ വിശദമാക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എൽഇഡി തെരുവ് വിളക്കുകൾ ഊരി മാറ്റിയെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഇത് പ്രിയങ്ക ശർമ്മയുടെ തോൽവിയുമായി ബന്ധപ്പെട്ട നടപടിയാണെന്നും ഗ്രാമവാസികളോടുള്ള പ്രതികാരമാണെന്നും നാട്ടുകാർ ആരോപിക്കുന്നത്.
എന്നാൽ വൈദ്യുതി തൂണുകളിലേക്ക് അനധികൃതമായി വൈദ്യുതി കണക്ഷൻ എടുത്താണ് വിളക്ക് സ്ഥാപിച്ചതെന്നാണ് ജയ്പുർ വൈദ്യുതി വകുപ്പ് വിശദമാക്കുന്നത്. ഇതിനാലാണ് വിളക്കുകൾ നീക്കിയതെന്നും വകുപ്പ് അറിയിച്ചു. പത്തോളം തൂണുകളിൽ നിന്ന് വിളക്കുകൾ മാറ്റിയതോടെ മേഖലയിൽ പ്രതിഷേധം ശക്തമായിരുന്നു.
ഇതോടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ വൈദ്യുതി ബിൽ അടക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എൽഇഡി ബൾബുകൾ നീക്കുന്ന നടപടി നിർത്തി വച്ചത്. വൈദ്യുതി തകരാറുകൾ പരിഹരിക്കാനായി ഗ്രാമങ്ങളിലെത്തിയപ്പോഴാണ് തൂണുകളിലെ അനധികൃത തെരുവുവിളക്കുകൾ ശ്രദ്ധയിൽ വന്നതെന്നാണ് അധികൃതർ വിശദമാക്കുന്നത്.
Tags : Rajastan Jaipur StreetLight BJP NewsUpdate Headlines