NRI
ജയ്പുർ: സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികെഐ ജയ്പുർ യുവജനപ്രസ്ഥാനം "ദി സൈലന്റ് വാർ: ഫ്ലെഷ് vs സ്പിരിറ്റ്' (ഗലാത്യർ 5:16-17) എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന റിട്രീറ്റ് വിജയകരമായി സംഘടിപ്പിച്ചു.
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ദിനംപ്രതി നടക്കുന്നതായ ദേഹവും ആത്മാവും തമ്മിലുള്ള നിശബ്ദമായ പോരാട്ടത്തിന്റെ ആഴമുള്ള യാഥാർഥ്യത്തെ ഈ റിട്രീറ്റ് ഉന്നയിച്ചു. ഏകദിന പരിപാടി ദീപപ്രജ്വലനച്ചടങ്ങോടെ ആരംഭിച്ചു, അത് ആത്മീയമായി ഉണർത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചു.
റവ.ഫാ. ജോമോൻ ജോർജ് സ്വാഗതം അർപ്പിക്കുകയും വിഷയാവതരണം നടത്തുകയും ചെയ്തു. ദിവസത്തെ പരിപാടിക്ക് അനുയോജ്യമായ ഭാവം നൽകിക്കൊണ്ട്. തുടർന്ന് ഒസിവെെഎം സ്റ്റഡി സെക്രട്ടറി ബിൻസി ജോയൽ വിഷയം ഔപചാരികമായി അവതരിപ്പിച്ചു.
ബൈബിൾ വായനകൾ ലിബി ലിജു ഭക്തിപൂർവം നയിച്ചു, സംഗമത്തിന് ആത്മപരിശോധനാപരമായ ആഴം കൂട്ടി. മുഴുവൻ പരിപാടിയും സിനി അബിൻ നന്നായി ഏകോപിപ്പിക്കുകയും അവതരിക്കുകയും ചെയ്തു. അതിലൂടെ പരിപാടി സുതാര്യവും ആകർഷകവുമായ രീതിയിൽ മുന്നേറി.
പ്രധാനാതിഥിയും മുഖ്യ പ്രഭാഷകയുമായ സിസ്റ്റർ റേച്ചൽ എംഎസ്എ, സെന്റ് ആഞ്ചല സോഫിയ സീനിയർ സെക്കൻഡറി സ്കൂൾ, ഘാട് ഗേറ്റ് വൈസ് പ്രിൻസിപ്പൽ കൂടാതെ ഐസിവെെഎം ജയ്പുർ ഡയോസിസിന്റെ യൂത്ത് ലേഡി അനിമേറ്റർ കൂടിയായ അവർ, ആഴമുള്ളതും ഹൃദയസ്പർശിയായതുമായ ഒരു പ്രഭാഷണം നടത്തി.
ഇന്നത്തെ തലമുറ നേരിടുന്ന ആന്തരിക സംഘർഷങ്ങളെ ബൈബിളിന്റെ അടിസ്ഥാനത്തിലും പ്രായോഗിക ഉദാഹരണങ്ങളോടെയും വിശദീകരിച്ച്, വിശ്വാസത്തിലും ബോധപൂർവമായ തീരുമാനങ്ങളിലൂടെയും ആത്മീയജീവിതം ശക്തിപ്പെടുത്താൻ അവർ യുവാക്കളെ പ്രോത്സാഹിപ്പിച്ചു.
ജോയൽ ജോൺസൺ ആലപിച്ച മധുരമായ ഗാനം പരിപാടിക്ക് ആത്മപരിശോധനാപരമായ ഒരു സ്പർശം നൽകി. അവസാനമായി ഒസിവെെഎം സെക്രട്ടറി അബിൻ ജോർജ് നന്ദിപ്രസംഗം നടത്തി, പരിപാടിയെ അർഥപൂർണവും സുന്ദരവുമായ സമാപ്തിയിലേക്ക് എത്തിച്ചു.
ഷിബി പോൾ മുളന്തുരുത്തി
National
ജയ്പുർ: വസ്ത്ര നിർമാണ ശാലയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം. തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ തത്ക്ഷണം മരിച്ചു.
ഖൈർതാൽ-തിജാറ ജില്ലയിലെ ഭീവൻഡിയിൽ ഇന്നലെ രാത്രിയാണ് സംഭവം. സ്ഫോടനം നടക്കുന്പോൾ 20 പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത്. ഫാക്ടറിയിലെ ഭൂരിപക്ഷം പേരും ബിഹാറിൽനിന്നുള്ള തൊഴിലാളികളാണ്.
National
ജയ്പുർ: രാജസ്ഥാനിൽ വിനോദസഞ്ചാരത്തിനെത്തിയ രണ്ട് ജപ്പാൻ പൗരന്മാരെ കാണാതായി. ജയ്പുരിലെത്തിയ ഇവരെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് അധികൃതർ അറിയിച്ചു.
യുമാ ടൊയോഡാ(25), ഹിബിക്കി ഷിബാ (25)എന്നിവരെയാണ് കാണാതായത്. ഇവർ വെള്ളിയാഴ്ച ഡൽഹിയിലെത്തിയതിന് പിന്നാലെ പിറ്റേദിവസമാണ് ജയ്പൂരിലേക്ക് തിരിച്ചത്. ഇവരെ കാണാനില്ലെന്ന് വിവരവുമായി ഒരു ടാക്സി ഡ്രൈവറാണ് പോലീസിനെ സമീപിച്ചതെന്നും പരാതി ലഭിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അശോക്നഗർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോത്തിലാൽ പറഞ്ഞു.
ജയ്പൂരിലെ ബ്രഹ്മപുരിയിലുള്ള ഒരു ഹോട്ടലിലാണ് ഇരുവരും തങ്ങിയിരുന്നത്. ഇവിടെ നിന്നും ഇവർ ഒരു ടാക്സി ബുക്ക് ചെയ്ത സമീപത്തുള്ള ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിലേക്ക് പോയെങ്കിലും പിന്നീട് മടങ്ങിവന്നില്ലെന്നാണ് ടാക്സി ഡ്രൈവറുടെ മൊഴി. ഇവരെ കാത്ത് റെസ്റ്റോന്റിന് പുറത്ത് ഡ്രൈവർ കാത്തുനിൽക്കുകയായിരുന്നു.
രണ്ട് മണിക്കൂറോളം കാത്തുനിന്നതിന് ശേഷം ഡ്രൈവർ റെസ്റ്റോറന്റിനുള്ളിൽ കയറി ഇരുവരെയും തിരക്കിയെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പോലീസ് പറയുന്നു. റെസ്റ്റോറന്റ് ജീവനക്കോരാട് അന്വേഷിച്ചപ്പോള് അവർ മടങ്ങിയിട്ട് നേരമേറെയായെന്നാണ് ഡ്രൈവറോട് പറഞ്ഞതെന്നും പോലീസ് അറിയിച്ചു.
പാസ്പോർട്ട് അടക്കമുള്ള ഇവരുടെ രേഖകൾ അടങ്ങുന്ന ബാഗുകൾ ടാക്സി കാറിലാണുള്ളത്. റെസ്റ്റോറന്റിൽ നിന്ന് ഇവർ ഭക്ഷണം കഴിക്കുകയോ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല.
സിസിടിവി ദൃശ്യങ്ങളിൽ റെസ്റ്റോറന്റിൽ എത്തി അഞ്ച് മിനിറ്റിനുള്ളിൽ ഇവർ അവിടെ നിന്നും മടങ്ങിയെന്ന് വ്യക്തമായിട്ടുണ്ട്. പോലീസ് ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ മുറി പരിശോധിച്ചതിന് പിന്നാലെ ഇവർ ആറു ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യയിലെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
ഇവരുടെ പാസ്പോർട്ടിന്റെ കാലാവധി വ്യാഴാഴ്ച വരെയാണ്. ഇരുവരുടെയും ഫോണും സ്വിച്ച്ഓഫാണ്. പോലീസ് ഇവരുടെ ബന്ധുക്കളുടെ അടക്കം വിവരം ശേഖരിക്കാനായി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്.
Business
കൊച്ചി: ഐസിഎല് ഫിന്കോര്പ് ലിമിറ്റഡ് ഇനി രാജസ്ഥാനിലും. ജയ്പുരിലെ റീജണല് ഓഫീസിന്റെയും ബ്രാഞ്ചിന്റെയും ഉദ്ഘാടനം കേന്ദ്രമന്ത്രി രാംദാസ് അത്താവലെ നിര്വഹിച്ചു. എല്എസിടിസിയുടെ ഗുഡ്വില് അംബാസഡറും ഐസിഎല് ഫിന്കോര്പ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്കുമാര് അധ്യക്ഷത വഹിച്ചു.
സ്വാമി ബാല്മുകുന്ദാചാര്യ ജി. മഹാരാജ് എംഎല്എ, രാജസ്ഥാന് എഡിജിപി ബിജു ജോര്ജ് ജോസഫ്, ഐസിഎല് ഹോള് ടൈം ഡയറക്ടറും വൈസ് ചെയര്മാനും സിഇഒയുമായ ഉമ അനില്കുമാര്, എക്സിക്യൂട്ടീവ് ഡയറക്ടര് ഡോ. രാജശ്രീ അജിത്, ഓപ്പറേഷന്സ് ആന്ഡ് ഡെവലപ്മെന്റ് എജിഎം കെ.പി. സതീശന് എന്നിവര് പ്രസംഗിച്ചു.
ജയ്പുരിലെ വൈശാലി നഗറിലാണ് ഐസിഎല് റീജണല് ഓഫീസ്. കമ്പനിയുടെ രാജസ്ഥാനിലെ പ്രധാന പ്രവര്ത്തനകേന്ദ്രമായി ഓഫീസ് മാറും. രാജസ്ഥാനിലെ ഉപഭോക്താക്കള്ക്ക് ഇനി കൂടുതല് വേഗത്തിലും മികച്ച രീതിയിലും സാമ്പത്തിക സേവനങ്ങള് നല്കാനാകുമെന്ന് അഡ്വ. കെ.ജി. അനില്കുമാര് പറഞ്ഞു.
National
ജയ്പുർ: ജയ്പുരിലെ സർക്കാർ ആശുപത്രി ഐസിയുവിൽ പൈപ്പുപൊട്ടി വെള്ളപ്പൊക്കം.
വെന്റിലേറ്ററിലുള്ള രോഗികളെ ഉൾപ്പെടെ പുറത്തേക്കുമാറ്റേണ്ടിവന്നു. തിങ്കളാഴ്ച രാത്രി സ്വാമി മാൻസിംഗ് (എസ്എംഎസ്) ആശുപത്രിയിലായിരുന്നു സംഭവം.
ഐസിയുവിൽ വെന്റിലേറ്ററിലുള്ള 10 പേരുൾപ്പെടെ 14 രോഗികളാണുണ്ടായിരുന്നത്.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ അമിതവേഗത്തിലെത്തിയ കാർ കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ സവായ് മാൻ സിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പത്രകർ കോളനി പ്രദേശത്തുള്ള ഖരാബസ് സർക്കിളിന് സമീപത്താണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ കാർ ആദ്യം ഡിവൈഡറിലാണ് ഇടിച്ചത്. തുടർന്ന് വഴിയരികിലുള്ള കടകളിൽ ഇടിക്കുകയും കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയും ആയിരുന്നു.
കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. ഇവർ മദ്യപിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. അപകടത്തിന് ശേഷം മൂന്ന് പേർ കടന്നുകളഞ്ഞു. ഒരാളെ മാത്രമാണ് പിടികൂടാൻ സാധിച്ചത്.
ഭിൽവാര സ്വദേശിയായ രമേശ് ഭൈരവയാണ് മരിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Sports
ജയ്പുര്: ഇന്ത്യന് ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന് ഗില് വിജയ് ഹസാരെ ട്രോഫിക്കായി ഇന്നു കളത്തില് ഇറങ്ങും. സിക്കിമിന് എതിരായ പഞ്ചാബിന്റെ മത്സരത്തിലാണ് ഗില് കളിക്കുക. ഗാലറി ഇല്ലാത്ത ജയ്പുരിയ വിദ്യാലയ ഗ്രൗണ്ടിലാണ് മത്സരം. അതുകൊണ്ടുതന്നെ കാണികള് ഇല്ലാത്ത മത്സരമാണിത്.
മുംബൈക്കായി രോഹിത് ശര്മ, യശസ്വി ജയ്സ്വാള്, ഡല്ഹിക്കായി വിരാട് കോഹ്ലി തുടങ്ങിയ ഇന്ത്യന് ദേശീയ ടീമിലെ മുന്നിര താരങ്ങള് ഇതിനോടകം വിജയ് ഹസാരെ ഏകദിന ടൂര്ണമെന്റില് ഇറങ്ങി. എലൈറ്റ് സിയിൽ നാല് മത്സരങ്ങള് പൂര്ത്തിയാക്കിയ മുംബൈ 16 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. പഞ്ചാബാണ് (12) രണ്ടാമത്.
കേരളം x ജാര്ഖണ്ഡ്
വിജയ് ഹസാരെ എലൈറ്റ് ഗ്രൂപ്പ് എയില് കേരളം ഇന്നു ജാര്ഖണ്ഡിനെ നേരിടും. രാവിലെ ഒമ്പതിനാണ് മത്സരം. ഗ്രൂപ്പില് നാലു മത്സരങ്ങള് പൂര്ത്തിയായപ്പോള് മധ്യപ്രദേശ്, കര്ണാടക ടീമുകള് നാല് ജയത്തോടെ 16 പോയിന്റുമായി യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്. ജാര്ഖണ്ഡിനു (12 പോയിന്റ്) പിന്നില് നാലാം സ്ഥാനത്താണ് കേരളം (8).
National
ജയ്പുർ: രാജസ്ഥാനിൽ വൻ തോതിൽ സ്ഫോടക വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ. ടോംഗ് ജില്ലയിലാണ് സംഭവം. സുരേന്ദ്ര മോച്ചി, സുരേന്ദ്ര പട്വ എന്നിവരാണ് കാറിൽ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കളുമായി രാജസ്ഥാൻ പോലീസിന്റെ പിടിയിലായത്.
യൂറിയ വളത്തിന്റെ ചാക്കിൽ ഒളിപ്പിച്ച നിലയിൽ150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് കാറിലുണ്ടായിരുന്നത്. ഇതുകൂടാതെ സ്ഫോടനത്തിനുപയോഗിക്കുന്ന 1100 മീറ്റർ ഫ്യൂസ് വയറും 200 ബാറ്ററികളും പോലീസ് കാറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ബുന്ദിയിൽ നിന്ന് ടോംഗിലേക്ക് സ്ഫോടകവസ്തുക്കൾ കടത്തുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായതെന്ന് ഡിഎസ്പി മൃത്യുഞ്ജയ് മിശ്ര പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു.
National
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ ചാക്കിനുള്ളിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. പരശുറാം പാർക്കിന് സമീപമുള്ള സുഭാഷ് കോളനിയിലെ വീടിന്റെ കാർപോർച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ആണ് വീട്ടുടമസ്ഥയായ മുന്നി ദേവി പോർച്ചിലുണ്ടായിരുന്ന ചാക്ക് കെട്ട് കാണുന്നത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മുകളിലെ രണ്ട് നിലകൾ വാടകയ്ക്ക് നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ചാക്കുകെട്ടിൽ കാണപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിന്റെ മുഖത്ത് മുറിവുകളുണ്ടായിരുന്നതായി പോലീസ് പറയുന്നു. മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ ശേഷം രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ നിലയിലാണ് കണ്ടെത്തിയത്.
ഫോറൻസിക് സംഘം സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡ് എത്തിയതിന് പിന്നാലെ പ്രദേശവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
NRI
ജയ്പുർ: സെന്റ് മേരീസ് ഓർത്തഡോക്സ് ജയ്പുർ ഇടവകയുടെ രജത ജൂബിലി വാർഷികാഘോഷങ്ങളും പൊതുസമ്മേളനവും റവ.ഫാ. വൈ. തോമസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പള്ളി സ്ഥാപിതമായതിന്റെ 25 വർഷത്തെ സ്മരണയ്ക്കായി ഒരു വർഷം നീണ്ടുനിൽക്കുന്ന ഒരു പരിപാടിയുടെ തുടക്കം കുറിച്ചു.
സെന്റ് മേരീസ് ഇടവകയുടെ വികാരി റവ. ഫാ. ജോമോൻ ജോർജ് ജൂബിലി വർഷത്തിനായി ആസൂത്രണം ചെയ്ത പരിപാടിയുടെ വിശദാംശങ്ങൾ വിശദീകരിച്ചു.
അതിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.
National
ജയ്പുര്: രാജസ്ഥാനില് നാലാം ക്ലാസ് വിദ്യാര്ഥിനി സ്കൂള് കെട്ടിടത്തിന്റെ നാലാംനിലയില്നിന്ന് ചാടി മരിച്ചു. ജയ്പുരിലെ നീരജ മോദി സ്കൂളിലെ വിദ്യാര്ഥിനിയായ അമൈറയാണ് (ഒൻപത്) മരിച്ചത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. പെണ്കുട്ടി കെട്ടിടത്തിന്റെ മുകളില്നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടോടെയാണ് പെണ്കുട്ടി സ്കൂള് കെട്ടിടത്തില് നിന്ന് താഴേക്ക് ചാടി മരിച്ചത്. പെണ്കുട്ടി കെട്ടിടത്തിലെ ഗോവണിക്ക് സമീപത്തെ കൈവരിയില് കയറുന്നതും പിന്നാലെ താഴേക്ക് ചാടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ഏകദേശം 47 അടി ഉയരത്തില് നിന്നാണ് പെണ്കുട്ടി വീണത്. ഉടന്തന്നെ സമീപത്തെ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം, വിവരമറിഞ്ഞ് പോലീസ് സംഘം എത്തിയപ്പോഴേക്കും പെണ്കുട്ടി വീണ സ്ഥലം സ്കൂള് അധികൃതര് വൃത്തിയാക്കിയിരുന്നതായാണ് വിവരം. സ്ഥലത്ത് ചോരപ്പാടുകളോ മറ്റോ കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.
സംഭവത്തില് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സ്കൂള് അധികൃതര്ക്കെതിരേ കുട്ടിയുടെ മാതാപിതാക്കള് പരാതി നല്കിയിട്ടുണ്ട്. പെണ്കുട്ടിയുടെ മരണത്തില് അധ്യാപകരുടെയും ജീവനക്കാരുടെയും പങ്ക് അന്വേഷിക്കണമെന്നും മാതാപിതാക്കള് ആവശ്യപ്പെട്ടു.
അമൈറയുടെ പിതാവ് സ്വകാര്യകമ്പനിയിലെ ജീവനക്കാരനാണ്. മാതാവ് ബാങ്ക് ജീവനക്കാരിയും. ഇവരുടെ ഏകമകളാണ് ഒന്പതുവയസുകാരിയായ അമൈറ.
National
ജയ്പൂർ: ഫോട്ടോ പകർത്തിയ ശേഷം രോഗിക്ക് നൽകിയ ബിസ്ക്കറ്റ് തിരികെ വാങ്ങുന്ന ബിജെപി നേതാവിന്റെ വീഡിയോയ്ക്ക് വ്യാപക വിമർശനം.
രാജസ്ഥാനിലെ ജയ്പൂരിലെ ആർയുഎച്ച്എസ് ആശുപത്രിയിലാണ് സംഭവം. ബിജെപി സംഘടിപ്പിച്ച സന്നദ്ധസേവന കാംമ്പെയ്നായ ബിജെപി സേവ പഖ് വാഡയുടെ ഭാഗമായാണ് നേതാക്കൾ ആശുപത്രിയിലെത്തിയത്.
രോഗികൾക്ക് പഴങ്ങളും ബിസ്ക്കറ്റുമടക്കം എത്തിച്ചു കൊടുക്കുകയായിരുന്നു കാംമ്പെയ്ന്റെ ലക്ഷ്യം. എന്നാൽ സന്നദ്ധ പ്രവർത്തനമോ പരിചരണമോ നടത്തുന്നതിന് പകരം നേതാക്കളെല്ലാം ഫോട്ടോ എടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇതിനിടെ ബിജെപിയുടെ വനിതാ നേതാവ് രോഗിയായ യുവതിക്ക് പത്ത് രൂപ വില വരുന്ന ബിസ്ക്കറ്റ് നൽകുകയും ഫോട്ടോ എടുത്തതിന് പിന്നാലെ തിരിച്ച് വാങ്ങുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
രാജസ്ഥാൻ മുഖ്യമന്ത്രി ബജൻലാൽ ശർമയുടെ സാംഗനേർ നിയോജക മണ്ഡലത്തിലെ പ്രവർത്തകരാണ് ആശുപത്രിയിലെത്തിയത്. എന്നാൽ വിമർശനങ്ങളെ തള്ളിയ നേതാക്കൾ വ്യാജ വീഡിയോയാണ് പങ്കുവയ്ക്കപ്പെടുന്നതെന്ന് ആരോപിച്ചു. വീഡിയോ എഡിറ്റ് ചെയ്ത് ഇറക്കിയതാണെന്ന് ബിജെപി ഷിയോപൂർ മണ്ഡലം പ്രസിഡന്റ് ഗോപാൽ ലൈൽ സൈനി പറഞ്ഞു.