പ്രതീകാത്മക ചിത്രം
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ യുവാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി ചേർന്ന യോഗത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ജയ്പുരിലെ വിദ്യാധർ നഗർ മേഖലയിലാണ് സംഭവം. സംഭവത്തിൽ യുവാവിന്റെ മൂത്ത സഹോദരനും പരിക്കേറ്റതായി പോലീസ് അറിയിച്ചു.
ഷാക്കിർ (22) എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാക്കിർ ചികിത്സയിലിരിക്കെ സവായ് മാൻ സിംഗി ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു. സഹോദരൻ ഖയ്യൂമിനും (38) കുത്തേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് ഒരു ദിവസം മുമ്പ് മദ്യപിക്കുന്നതിനിടെ ഷാക്കിറും സഹോദരനും ഒരു കൂട്ടം യുവാക്കളുമായി വാക്കുതർക്കമുണ്ടാവുകയും സംഘർഷത്തിലേയ്ക്ക് നീളുകളും ചെയ്തിരുന്നു.
തർക്കം പരിഹരിക്കുന്നതിനായി തിങ്കളാഴ്ച രാത്രി വൈകി മന്ദിർ മോഡിന് സമീപം ഇരു വിഭാഗങ്ങളും കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ചയ്ക്കിടെ സ്ഥിതിഗതികൾ വഷളാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭട്ട ബസ്തിയിലെ ചില യുവാക്കളുമായി ഖയ്യൂമിന് നേരത്തെ സാമ്പത്തിക തർക്കമുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ആദ്യം ഖയ്യൂം ഒറ്റയ്ക്കാണ് സ്ഥലത്തെത്തിയത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇളയ സഹോദരൻ ഷാക്കിറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
സംഭവസ്ഥലത്ത് അഞ്ച് മുതൽ ആറ് പേർ വരെ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഇവർ കത്തികൾ പുറത്തെടുത്ത് ആദ്യം ഷാക്കിറിന്റെ തുടയിൽ കുത്തുകയായിരുന്നു. തുടർന്ന് ഖയ്യൂമിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. ഷാക്കിറിനെ എസ്എംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചില യുവാക്കളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.