പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈൽ സാങ്കേതികവിദ്യകൾ രാജ്യത്തെ സ്വകാര്യ പ്രതിരോധ നിർമാണ കമ്പനികൾക്കു കൈമാറുന്നതിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അനുമതി നൽകി. പ്രതിരോധമേഖലയിൽ സ്വയംപര്യാപ്തത (ആത്മനിർഭരത) കൈവരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം.
അയൽരാജ്യങ്ങൾ തങ്ങളുടെ മിസൈൽ ശേഷിയെ നൂതന നിരീക്ഷണ-വാർത്താവിനിമയ ശൃംഖലകളുമായും കൃത്യതയാർന്ന ആക്രമണ സംവിധാനങ്ങളുമായും സംയോജിപ്പിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയം ഇത്തരമൊരു നിർണായക തീരുമാനമെടുത്തത്.
സാങ്കേതികവിദ്യ കൈമാറുന്ന പ്രമുഖ മിസൈലുകൾ
ആകാശ്, ആകാശ്-എൻജി, വി-ഷോറാഡ്സ്, അസ്ത്ര, രുദ്രം ആന്റി-റേഡിയേഷൻ മിസൈലുകൾ, നാഗ്, സാന്റ്, മാൻ-പോർട്ടബിൾ എടിജിഎം, എൻഎഎസ്എം-എസ്ആർ ആന്റി-ഷിപ്പ് മിസൈൽ, തദ്ദേശീയ ക്രൂയിസ് മിസൈലുകൾ, ഉപരിതലത്തിൽനിന്ന് ഉപരിതലത്തിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലായ ‘പ്രളയ്’ തുടങ്ങിയവയുടെ നിർമാണ സാങ്കേതികവിദ്യകളാണ് സ്വകാര്യ മേഖലയ്ക്കു കൈമാറുന്നത്.
എന്നാൽ, തന്ത്രപ്രധാനമായ അഗ്നി, കെ-സീരീസ് മിസൈലുകളും വിദേശ പങ്കാളികളുമായി ചേർന്നു നിർമിക്കുന്ന ബ്രഹ്മോസ്, എംആർഎസ്എഎം തുടങ്ങിയവയും ഈ കൈമാറ്റത്തിന്റെ ഭാഗമായിരിക്കില്ല.
ആഭ്യന്തര മിസൈല്‍ നിർമാണം വേഗത്തിലാക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, പ്രതിരോധ വിതരണ ശൃംഖലയില്‍ മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര കമ്പനികളുടെ പങ്ക് വിപുലീകരിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
മിസൈലുകള്‍, പീരങ്കി ഷെല്ലുകള്‍, വെടിക്കോപ്പുകള്‍, മറ്റ് ആയുധസാമഗ്രികള്‍ എന്നിവയുടെ വികസനവും നിർമാണവും സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കാന്‍ പ്രതിരോധമന്ത്രാലയം കഴിഞ്ഞ വര്‍ഷംതന്നെ തീരുമാനിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ശരിയായ യോഗ്യതകളും സർട്ടിഫിക്കേഷനുകളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് പ്രാദേശികമായി ഉത്പാദനം നടത്താൻ പ്രതിരോധ നിർമാണ മേഖലയെ സജ്ജമാക്കുന്നതിൽ ഈ സാങ്കേതികവിദ്യാ കൈമാറ്റം നിർണായക പങ്ക് വഹിക്കും. ഇതോടെ പ്രതിരോധരംഗത്ത് ആഭ്യന്തര വ്യവസായങ്ങളുടെ പങ്കാളിത്തം വലിയതോതിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലക്ഷ്യം പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത
വേഗത്തിലുള്ള നിർമാണം: ആഭ്യന്തര മിസൈൽ ഉത്പാദനം വേഗത്തിലാക്കാനും പ്രതിരോധ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
വ്യവസായ പങ്കാളിത്തം: പ്രതിരോധ വിതരണ ശൃംഖലയിൽ എംഎസ്എംഇകൾ ഉൾപ്പെടെയുള്ള ആഭ്യന്തര കമ്പനികളുടെ പങ്കാളിത്തം വലിയതോതിൽ വിപുലീകരിക്കും.
വളർച്ചാലക്ഷ്യങ്ങൾ: 2024-25 സാമ്പത്തികവർഷത്തിൽ രാജ്യത്തെ പ്രതിരോധ ഉത്പാദനം 1.54 ലക്ഷം കോടി രൂപയായും പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായും ഉയർന്ന് റിക്കാർഡിട്ടിരുന്നു. നടപ്പ് സാമ്പത്തികവർഷത്തിൽ ഉത്പാദനം 1.75 ലക്ഷം കോടി രൂപയായും 2029 ഓടെ മൂന്നു ലക്ഷം കോടി രൂപയായും ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.
Tags : MissileTechnology PrivateSector Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash