വന്ദേഭാരത് എക്സ്പ്രസ്, ആനന്ദിബെൻ പട്ടേൽ
സൂറത്ത്: ഗുജറാത്തിൽ മുംബൈ–അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാളെ റെയിൽവേ സംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നരം സൂറത്തിന് സമീപമാണ് സംഭവം നടന്നത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു കല്ലേറ്.
ഡാമൻ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ശേഷം വാപി സ്റ്റേഷനിൽ നിന്നാണ് ഗവർണർ ആനന്ദിബെൻ പട്ടേൽ വന്ദേഭാരതിൽ കയറിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സൂറത്ത് ജില്ലയിലെ ഉത്രാൻ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് പശ്ചിമ റെയിൽവേ വഡോദര ഡിവിഷൻ സൂപ്രണ്ടിംഗ് പോലീസ് ഓഫീസർ അഭയ് സോണി പറഞ്ഞു. കസ്റ്റഡിയിലെടുത്തയാളുടെ ബാഗിൽ നിന്ന് കല്ലുകൾ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
ചോദ്യം ചെയ്യലിൽ നായയ്ക്ക് നേരെയാണ് കല്ലെറിഞ്ഞതെന്നാണ് ഇയാൾ ആർപിഎഫിനോട് പറഞ്ഞത്. അതിന് മുന്പ് കടന്നുപോയ ചരക്ക് ട്രെയിനിന് നേരെയും ഇയാൾ കല്ലെറിഞ്ഞതായി സോണി വ്യക്തമാക്കി.
ഇയാൾക്ക് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് തോന്നുന്നതായും സംഭവത്തിന് പിന്നിൽ ആസൂത്രിതമായ ആക്രമണമോ ഗൂഢാലോചനയോ നടത്തിയതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ആർപിഎഫ് അറിയിച്ചു.
കല്ലേറിൽ വന്ദേഭാരതിലെ ഒരു കോച്ചിന്റെ ഗ്ലാസിൽ ചെറിയ പോറൽ മാത്രമാണ് ഉണ്ടായത്. ഗവർണർ യാത്ര ചെയ്തിരുന്ന കോച്ചിലല്ല കല്ല് പതിച്ചതെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഉത്രാൻ പോലീസും റെയിൽവേ അധികൃതരും തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.