ഡിയേഗോ മറഡോണയുടെ വിവാദ ഗോള്‍ ദൃശ്യം. വലത്ത് ലേലത്തിനു വച്ചിരിക്കുന്ന ബോൾ.
ന്യൂയോർക്ക്: 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അർജന്റൈൻ ഇതിഹാസതാരം ഡിയേഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിലെ പന്തിന് ലേലത്തിൽ 32.61 കോടി രൂപ.
അമേരിക്കയിലെ ഹെറിറ്റേജ് ഓക്്ഷൻസിലാണ് ഈ ചരിത്ര പന്ത് ശനിയാഴ്ച ലേലത്തിന് വച്ചത്. ലേലത്തിൽ പന്തിന് 95 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളിലൊന്നായാണ് ഈ പന്തിനെ കണക്കാക്കുന്നത്.
ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ 2-1ന് അർജന്റീന വിജയിച്ച മത്സരത്തിലായിരുന്നു ചരിത്രം പിറന്നത്. ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെ മറികടന്ന് മറഡോണ കൈകൊണ്ട് തട്ടിയിട്ട പന്ത് വലയിൽ കയറുകയായിരുന്നു. ഇതേ മത്സരത്തിൽതന്നെ അഞ്ച് ഇംഗ്ലണ്ട് താരങ്ങളെ മറികടന്ന് അദ്ദേഹം നേടിയ മറ്റൊരു ഗോൾ പിന്നീട് ഫുട്ബോൾ ലോകത്തെ ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നറിയപ്പെട്ടു.
അന്ന് മത്സരം നിയന്ത്രിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസർ പന്ത് മൂന്ന് പതിറ്റാണ്ടിലേറെ സൂക്ഷിച്ചിരുന്നെങ്കിലും 2022ൽ 22 കോടി രൂപയ്ക്ക് വിറ്റു. പുതിയ ഉടമ 2023ൽ വീണ്ടും ലേലത്തിന് വച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാൽ വിൽപന നടന്നില്ല. 2022ലെ ലേലത്തിൽ മറഡോണ ഇതേ മത്സരത്തിൽ ധരിച്ച ഷർട്ടിന് 92 കോടി ലഭിച്ചിരുന്നു.
Tags : ArgentineLegend DiegoMaradona HandofGod Goal England 1986WorldCup Auction Sports