പന്തുകളിക്കാൻ മിശിഹാ ഭൂമിയിലേക്കു പറഞ്ഞുവിട്ട റൊസാരിയോക്കാരൻ ലയണൽ ആന്ദ്രേ മെസിയുടെ ഒരു സ്വപ്നയാത്ര പൂർണമായിരിക്കുന്നു. അയാൾക്കുവേണ്ടി ഭൂമിയും കാലവും കാത്തുനിന്ന കാൽപ്പന്തിന്റെ കഥകൾ നാടോടിക്കഥകളായി ഫുട്ബോളിന്റെ ചരിത്രത്തിലുണ്ടാകും.
ഫുട്ബോളിൽ യൗവനം പടിയിറങ്ങിയകാലത്തും മെസി തന്റെ ഇടംകാൽകൊണ്ട് സൃഷ്ടിച്ചതെല്ലാം കാൽപ്പന്തിലെ സൗന്ദര്യപൂർണങ്ങളായ അധ്യായങ്ങളായിരുന്നു. അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിൽനിന്ന് അയാൾ പടിയിറങ്ങുന്പോഴും, ഇന്റർ മയാമിക്കുവേണ്ടി അടിച്ച നാലു ഗോളുകളുടെ മുഴക്കം അവസാനിച്ചിരുന്നില്ല.
ലോകകപ്പ് ഫുട്ബോളിലും നാമത് കണ്ടു. കേപ് വെർദെയ്ക്കെതിരേ, ഇംഗ്ലണ്ടിനെതിരേ മെസി സൃഷ്ടിച്ച പന്തിന്റെ മായികകാഴ്ചകളുടെ അലയൊലി ഇപ്പോഴും അവസാനിച്ചിട്ടില്ല.
ലയണൽ ആന്ദ്രേ മെസിയെക്കുറിച്ച് എഴുതുന്പോഴെല്ലാം തന്റെ വാക്കുകളുടെ അപര്യാപ്തതയെപ്പറ്റി കീർ റാഡ് നെഡ്ജ് എന്ന വിശ്രുത ഫുട്ബോൾ എഴുത്തുകാരൻ പരിതപിച്ചിട്ടുണ്ട്. ഫുട്ബോൾ മൈതാനത്തെ മെസിയുടെ നീക്കങ്ങളും ഗോളുകളുമെല്ലാം വാക്കുകൾകൊണ്ട് വിശദീകരിക്കാനാവാത്ത ഫുട്ബോൾ അനുഭവങ്ങളാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
അർജന്റീനയുടെ ഫുട്ബോൾ സാമ്രാജ്യത്തിൽ അനേകം പോരാളികളുണ്ടെങ്കിലും ചരിത്രത്തിന്റെ ഭാരവും അംഗീകാരവും ഒടുവിൽ വന്നുചേർന്നത് മെസിയിലാണ്. അതിൽ ആദ്യത്തെയാളായ ഡി സ്റ്റിഫാനോ അർജന്റീനയ്ക്കുവേണ്ടി വളരെ കുറച്ചു മത്സരങ്ങളിൽ മാത്രമാണ് ബൂട്ടു കെട്ടിയത്. രണ്ടാമൻ സാക്ഷാൽ ഡിയേഗോ അർമാന്റോ മാറഡോണ 1986ൽ തന്റെ രാജ്യത്തിനുവേണ്ടി കിരീടം നേടിക്കൊണ്ട് ചരിത്രം മാറ്റിയെഴുതി.
1986ൽ മാറഡോണ ഇംഗ്ലണ്ടിനെതിരേ ദൈവത്തിന്റെ കൈകൊണ്ടൊരു ഗോളും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ചൊരു ഗോളും നേടുന്പോൾ മെസി ജനിച്ചിരുന്നില്ല. പിന്നെയും ഒന്നര വർഷം കഴിഞ്ഞാണ് മെസി ഭൂമിയിലെത്തിയത്. പിന്നീട് 20 വർഷം തികഞ്ഞപ്പോൾ ഡിയേഗോയുടെ അതേ കുതിപ്പോടെ ഗെറ്റാഫെയ്ക്കെതിരേ ഒരു ഗോൾ നേടി ചരിത്രത്തിൽ ഇടംപിടിച്ചു. എസ്പാന്യോളിനെതിരേ കൈകൊണ്ടും ഗോളടിച്ച് മാറഡോണയെ വീണ്ടും ഓർമിപ്പിച്ചു. ചില കളിയെഴുത്തുകാർ അപ്പോൾ മെസിഡോണ എന്നു വിളിച്ചു. ഈ താരതമ്യം അതോടെ അവസാനിക്കുന്നു. മാറഡോണയല്ല മെസി. അവർ രണ്ടു കാലങ്ങളിൽ പിറന്നവരും രണ്ടു ശൈലിയിൽ കളിച്ചവരുമാണ്. എന്നാൽ, അവർ രണ്ടുപേരും ഫുട്ബോളിലെ സൃഷ്ടിപരതകൊണ്ട് കളിയുടെ രണ്ടുതരം സൗന്ദര്യലോകങ്ങൾ സൃഷ്ടിച്ചു.
മാറഡോണ ഒരു ബുൾഡോസർപോലെ ഇടിച്ചുകയറി കളിക്കും. എതിരാളികളെ ഫിസിക്കലായി മറികടക്കും. ഓട്ടത്തിന്റെ വേഗത്തിലും പന്തടക്കത്തിലും പോരാട്ടവീര്യത്തിലും അയാളൊരു പ്രതിഭാസമാണ്. ഒരു സൈനികജനറലിനെപ്പോലെ അയാൾ ടീമിനെ നയിക്കുകയും ചെയ്തു. എന്നാൽ, സ്ഥിതിവിവരക്കണക്കുകളിൽ മാറഡോണയേക്കാൾ മുന്നിലാണ് മെസി. മെസിയുടെ കളികളിലാണ് ലോകം സ്തോഭംനിറഞ്ഞ സൗന്ദര്യം കണ്ടത്.
മെസിയുടെ ഏറ്റവും വലിയ ശക്തി അയാളുടെ ശരീരമാണ്. മനസ് ഇച്ഛിക്കുന്നിടത്ത് അയാൾക്ക് ശരീരം കൊണ്ടുപോകാൻ കഴിയുന്നു. അത്യപൂർവമായ സർഗാത്മകശേഷികൂടി ഒത്തുചേരുന്പോൾ സെക്കൻഡുകൾക്കുള്ളിൽ അയാൾക്ക് പന്തുമായി കുതിക്കാൻ കഴിയുന്നു. ശരീരത്തിന്റെ ഈ ഫ്ളക്സിബിലിറ്റികൊണ്ട് അയാൾക്ക് എതിരാളികളെ വെട്ടിയൊഴിഞ്ഞ് മുന്നോട്ടു കുതിക്കാൻ കഴിയുന്നുണ്ട്. എങ്കിലും മെസിയും ഫുട്ബോളിൽ അതിമാനുഷൻ അല്ല. പലപ്പോഴും അയാൾക്ക് സ്വന്തം ടീമിനെ ഒറ്റയ്ക്കു ചുമലേറ്റേണ്ട നിമിഷങ്ങളുണ്ടായിട്ടുണ്ട്.
2006 മുതൽ മെസി അർജന്റീനയുടെ ലോകകപ്പ് പോരാട്ടങ്ങളിലുണ്ട്. 2010ൽ ഡിയേഗോ അർജന്റീനയുമായി ദക്ഷിണാഫ്രിക്കൻ ലോകകപ്പിലെത്തിയപ്പോൾ മെസിയായിരുന്നു വജ്രായുധം. പക്ഷേ, ജർമനിയുടെ കൈകളിൽ തോൽക്കാനായിരുന്നു വിധി. എന്നാൽ, 2014 മുതൽ ഓരോ ലോകകപ്പ് വേദിയിലും മെസിയായിരുന്നു അർജന്റീനയുടെ പ്രതീക്ഷകളുടെ മുഴുവൻ ഭാരവും പേറിയത്.
ഫൈനൽ കളിച്ചെങ്കിലും ബ്രസീലിലെ ലോകകപ്പ് മെസിക്ക് നിരാശ നല്കി. അതിനു പിന്നാലെ കോപ്പ അമേരിക്കയുടെ ഫൈനലിൽ അർജന്റീനയെ ചിലി 4-2ന് തകർത്തപ്പോൾ ആ പരാജയഭാരം താങ്ങാനാവാതെ താൻ കളംവിടുകയാണെന്ന് മെസി പ്രഖ്യാപിച്ചു. ഒടുവിൽ ലോകത്തിന്റെ പ്രാർഥനകളും അഭ്യർഥനകളും മെസി കേട്ടു. 2021ലെ കോപ്പ കിരീടം അർജന്റീനയ്ക്ക് നേടിക്കൊടുത്താണ് മെസി പരാജയത്തിന്റെ വഴികൾ അടച്ചുകളഞ്ഞത്. പിന്നാലെ ഒരു തവണകൂടി മെസി കോപ്പ അമേരിക്ക നാട്ടിലേക്ക് കൊണ്ടുവന്നു.
ഖത്തറിലെ 2022 ലോകകപ്പ് നേടിയില്ലായിരുന്നുവെങ്കിൽ മെസിയുടെ കളിജീവിതത്തിന്റെ പ്രകാശം കുറയുമായിരുന്നോ? ഇല്ല എന്നാണ് അതിന്റെ ഉത്തരം. ഷോക്കേസുകളിലെ കിരീടങ്ങൾകൊണ്ടല്ല നാം ഡിസ്റ്റിഫാനോയേയും ക്രൈഫിനേയും പുഷ്കാസിനേയും പെലെയേയും അളന്നത്.
പക്ഷേ, ഇന്നത്തെ ആരാധകർ അന്പതുകളിൽ ഫുട്ബോളിനെ ഹൃദയത്തിലേറ്റിയ മനുഷ്യരല്ല. ഇന്നത്തെ ഫുട്ബോൾ മനോരഥങ്ങൾ പുതിയതരം ആരാധന സൃഷ്ടിച്ചുകഴിഞ്ഞു. ഡിജിറ്റൽ യുഗത്തിൽ സൂക്ഷ്മമായ കണക്കുകളും വിശകലനങ്ങളും രാഷ്ട്രീയ ചായ്വുകളും സോഷ്യൽ മീഡിയയുടെ സ്വപ്നങ്ങളും ചേർന്ന് പ്രത്യേകതരം ഐക്കണ് നിർമാണത്തിൽ എത്തിനിൽക്കുന്നു. ഇനി ഈ കണക്കുകളിലും മെസി നിൽക്കുന്ന ലോകം മറ്റെല്ലാവരേക്കാളും ഒരുപിടി മുകളിലാണ്. അതുകൊണ്ടാവണം ഖത്തറിലെ ലോകകപ്പ് മറ്റൊരു സ്വപ്നസാക്ഷാത്കാരമായി അയാൾക്കു തോന്നിയത്.
ഏഴു ഗോളുകൾ, മൂന്ന് അസിസ്റ്റുകൾ, ഏഴു കളികൾ - മെസി ആ ലോകകപ്പ് മാറോടണച്ച് കിടന്നുറങ്ങി. 347 പാസുകൾ, അഞ്ച് ടാക്കിളുകൾ, 32 ഷോട്ടുകൾ, 18 ലക്ഷ്യവേധിയായ ഷോട്ടുകൾ, 21 കീപാസുകൾ, 34 ഡ്രിബ്ബിളുകൾ, 15 വിജയകരമായ ഡ്രിബ്ബിളുകൾ. ഇതെല്ലാം ഖത്തർ ലോകകപ്പിലെ മെസിയുടെ കണക്കുകൾ മാത്രമാണ്. പക്ഷേ മെസി നല്കിയ പന്തുകളിയുടെ ആനന്ദം അതിനേക്കാൾ നിരുപമമാകുന്നു.
മെസി നീന്തിത്തുടിച്ച പരാന നദിയുടെ തീരത്താണ് അയാളുടെ റൊസാരിയോ നഗരം. അത് ഏണസ്റ്റോ ചെഗുവേരയുടെ ജന്മനഗരംകൂടിയാണ്. "ചെ'യുടെ ജീവിതം വിപ്ലവത്തിനാണ് സമർപ്പിക്കപ്പെട്ടത്. അതേ റൊസാരിയോ മാറഡോണയുടെ ആദ്യത്തെ പ്രഫഷണൽ ക്ലബ്ബായ ന്യൂ വെൽ ഓൾഡ് ബോയ്സിന്റെ നഗരംകൂടിയാണ്.
ഡിയേഗോയ്ക്ക് ചെഗുവേര ദൈവതുല്യനായിരുന്നു. ആ ക്ലബ്ബിനു കരാർവച്ച ദിനം ഡിയേഗോ പോയത് ഉർക്വിസ് തെരുവിലെ ചെയുടെ ഭവനത്തിലേക്കാണ്. പിന്നീട് ഡിയേഗോ, തന്റെ ഹൃദയതാരത്തിന്റെ ചിത്രം പച്ചകുത്തി. ഡിയേഗോയിൽനിന്ന് തുടങ്ങിയ തുകൽപ്പന്തിന്റെ യാത്ര മെസിയിലാണ് പൂർണമായത്. തന്റെ മഹത്തായ ദൗത്യം പന്തുകളിയാണെന്ന് വിശ്വസിച്ച മെസി ഗോളുകൾ അടിച്ചുകൊണ്ട് മാത്രമല്ല തലക്കെട്ടുകൾ സൃഷ്ടിച്ചത്; 500 ഗ്രാം ഭാരമുള്ള പന്തിലൂടെ ചലനങ്ങളുടെ സാമ്രാജ്യം സൃഷ്ടിച്ചുകൊണ്ടാണ്. ഫുട്ബോളിലെ ഈ സിയോണ് സഞ്ചാരി, സൃഷ്ടിച്ചതിനെല്ലാം ഇന്നു സംഘർഷപൂർണമായ ലോകം ഹൃദയപൂർവം നന്ദി പറയുന്നു...