ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ വിമോചനനായകൻ നെൽസൺ മണ്ടേലയുടെ വ്യക്തിഗത വസ്തുക്കൾ ലേലം ചെയ്യുന്നതിനെതിരെയുള്ള സർക്കാർ നീക്കം കോടതി തള്ളി. മണ്ടേലയുടെ മൂത്തമകൾ മകാസിവെ മണ്ടേലയും അദ്ദേഹത്തിന്റെ ജയിൽ വാർഡനായിരുന്ന ക്രിസ്റ്റോ ബ്രാൻഡും കൈവശം വച്ചിരിക്കുന്ന എഴുപതോളം അപൂർവ വസ്തുക്കൾ ലേലം ചെയ്യാനാണ് ദക്ഷിണാഫ്രിക്കൻ സുപ്രീം കോടതി അനുമതി നൽകിയത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ഇതോടെ അന്ത്യമായി.
താക്കോൽ മുതൽ പുതപ്പുവരെ
മണ്ടേലയുടെ ജീവിതത്തിലെ നിർണായക നിമിഷങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ വസ്തുക്കളാണ് ലേലത്തിന് എത്തുന്നത്. മണ്ടേലയെ പാർപ്പിച്ചിരുന്ന റോബൻ ഐലൻഡ് ജയിൽ സെല്ലിന്റെ താക്കോൽ, അദ്ദേഹത്തിന്റെ വിഖ്യാതമായ ഷർട്ടുകൾ, ഐഡന്റിറ്റി കാർഡ്, സൺഗ്ലാസുകൾ, വടി എന്നിവയാണ് പ്രധാനമായുള്ളത്. അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന ജോർജ് ബുഷ് നൽകിയ പേന, ബിൽ ക്ലിന്റൺ നൽകിയ ഷാംപെയ്ൻ കൂളർ, ബരാക് ഒബാമ സമ്മാനിച്ച കമ്പിളിപ്പുതപ്പ് എന്നിവയും മണ്ടേല ഒപ്പിട്ട ഭരണഘടനയുടെ പകർപ്പ്, അദ്ദേഹം വരച്ച ചിത്രം, കൈമുഷ്ടിയുടെ വെങ്കല ശിൽപം എന്നിവയും ലേലത്തിൽ ഉൾപ്പെടുന്നു.
സ്മാരകം നിർമിക്കും
മണ്ടേലയുടെ അന്ത്യവിശ്രമസ്ഥലമായ കുനുവിൽ സ്മാരകം നിർമിക്കാനുള്ള ഫണ്ട് ശേഖരിക്കാനാണ് ലേലമെന്ന് മകാസിവെ മണ്ടേല അറിയിച്ചു. തന്റെ പിതാവിന്റെ അവസാന ആഗ്രഹങ്ങൾ കുടുംബത്തേക്കാൾ നന്നായി മറ്റാർക്കും അറിയില്ല. ലേലത്തെ എതിർത്ത സാംസ്കാരിക പൈതൃക അഥോറിറ്റിയുടെ നടപടിയെ വിമർശിച്ചുകൊണ്ട് അവർ പറഞ്ഞു.
മണ്ടേലയുമായി ബന്ധപ്പെട്ട വസ്തുക്കൾ രാജ്യത്തിന്റെ ചരിത്രപരമായ സ്വത്താണെന്നും അവ വിദേശത്തേക്കു കടത്തുന്നതു തടയണമെന്നും ചൂണ്ടിക്കാട്ടിയാണ് ദക്ഷിണാഫ്രിക്കൻ സർക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ, ഈ വസ്തുക്കൾ വിൽക്കാനുള്ള അവകാശം കുടുംബത്തിനാണെന്നു കോടതി നിരീക്ഷിച്ചു. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗേൺസീസ് എന്ന സ്ഥാപനമാണ് ലേലത്തിനു നേതൃത്വം നൽകുന്നത്.