സുപ്രീംകോടതി
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിട്ടു നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ചേർന്ന 20 വിമത എംപിമാരുടെ അയോഗ്യതാ നടപടികളിൽ തീരുമാനമെടുക്കുന്നതിൽ കാലതാമസം ചോദ്യം ചെയ്തുള്ള ഹർജിയിൽ എംപിമാരിൽനിന്ന് പ്രതികരണം തേടി സുപ്രീംകോടതി.
ലയനത്തിൽ ലോക്സഭാ സ്പീക്കർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അതിനാൽ എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
അതേസമയം, വിഷയത്തിൽ സ്പീക്കർ ഓം ബിർള എംപിമാർക്കു നോട്ടീസ് അയച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ നോട്ടീസ് അയക്കുന്നതിനേക്കാൾ പ്രധാനം നടപടികൾ കൃത്യമായ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുന്നതാണെന്ന് ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി വാക്കാൽ നിരീക്ഷിച്ചു. വിഷയത്തിൽ കോടതി സ്പീക്കർക്കു നോട്ടീസ് അയക്കരുതെന്നും അദ്ദേഹത്തിന്റെ പേരിൽ താൻ ഹാജരാക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
വിഷയത്തിൽ കഴിഞ്ഞതവണ വാദം കേട്ടപ്പോൾ സ്പീക്കറുടെ ഓഫീസിനെ പ്രതിനിധീകരിച്ച് ആരും ഹാജരായിരുന്നില്ല. പാർട്ടി ചിഹ്നത്തിൽ വിജയിച്ച എംപിമാർ മറ്റൊരു രാഷ്ട്രീയപാർട്ടിയിൽ ചേർന്നത് കൂറുമാറ്റ നിരോധ നിയമത്തിൽ വരുമെന്നാണ് തൃണമൂൽ കോൺഗ്രസ് വാദിക്കുന്നത്.
ലോക്സഭാ സ്പീക്കറെയും സെക്രട്ടറി ജനറലിനെയും 20 എംപിമാരെയും ഉൾപ്പെടുത്തിയാണ് തൃണമൂൽ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. അടുത്തിടെ അവസാനിച്ച മൺസൂൺ സമ്മേളനത്തിൽ 20 വിമത എംപിമാർക്ക് സ്പീക്കർ പ്രത്യേക ഇരിപ്പിടം ക്രമീകരിച്ചുനൽകിയിരുന്നു.
Tags : Merger TrinamoolMPs SupremeCourt Issues Notice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash