District News
ചെങ്ങന്നൂർ: നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് തെക്ക് കടംതോട്ടിൽ പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 3.15-നായിരുന്നു സംഭവം. പേരിശേരി ഭാഗത്തുനിന്നും ചെങ്ങന്നൂരിലേക്കു വരികയായിരുന്ന കാർ എതിരേ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ചെങ്ങന്നൂർ സ്വകാര്യസ്ഥാപനത്തിലെ ഡെലിവറി ജീവനക്കാരൻ സഞ്ചരിച്ച ബൈക്കിലാണ് വൈദികൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കും കാറും സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. ഓടയ്ക്കു സമീപത്തെ മതിലിനും കാറിനും ഇടയിൽ ഞെരുങ്ങിയ നിലയിലായിരുന്ന ബൈക്ക് യാത്രികനെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്ത് രക്ഷപ്പെടുത്തിയത്.
കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്
തുറവൂർ: കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികനു പരിക്ക്. പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡിൽ കൃഷ്ണലക്ഷ്മിയിൽ യദുകൃഷ്ണനാ(16)ണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചോടെ ദേശീയപാതയിൽ പത്മാക്ഷിക്കവലയിലായിരുന്നു അപകടം.
ദേശീയപാതയിലെ ഉയരപ്പാത കയറുന്നതിനിടെ എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് ഇടിച്ചത്. ബസിലെ കണ്ടക്ടർ തന്നെ ഇയാളെ തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
പാറ്റ്ന: ബിഹാറിൽ സ്വകാര്യ ബസ് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഔറംഗബാദ് ജില്ലയിലെ മുഫാസിൽ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഡിയോ മോറെ പ്രദേശത്താണ് അപകടം നടന്നത്.
ഗയയിൽ നിന്ന് വാരാണസിലേയ്ക്ക് തീർഥാടകരുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. നിർത്തിയിട്ടിരുന്ന ട്രക്കിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ആന്ധ്രാ പ്രദേശിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു
ആന്ധ്രയിലെ നെല്ലൂരിൽ നിന്നുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരിൽ എട്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ഗയയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. ബാക്കിയുള്ള സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Kerala
തൃശൂർ: കാഞ്ഞാണിയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. വാടാനപ്പള്ളി സ്വദേശി കൊടുവത്ത്പറമ്പിൽ പ്രണവ് (17), കരുവന്തല സ്വദേശി അഭിമന്യു (19) എന്നിവരാണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് പരിക്കേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.
ബൈക്കിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് ഗുരുതരമാണ്. പിക്കപ്പ് വാൻ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
Kerala
കൊച്ചി: മുവാറ്റുപുഴയിൽ സിവിൽ സ്റ്റേഷൻ ജംഗ്ഷന് സമീപം ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പുനലൂർ ഇടമൺ, ഹോളിമാസ് സ്കൂളിന് സമീപം ഉത്രം വീട്ടിൽ ബിജുകുമാർ (സാമി- 57) ആണ് മരിച്ചത്.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മൂലമറ്റം സ്വദേശി ഹരി(28)ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. മുടവൂർ ഭാഗത്തുള്ള വർക്ക്ഷോപ്പിലെ ജീവനക്കാരായിരുന്നു ഇരുവരും. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.
ലോറിയുടെ അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു ബിജുകുമാർ. അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ച് നീക്കിയാണ് ബിജുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ഷൈനിയാണ് ബിജുകുമാറിന്റെ ഭാര്യ. മക്കൾ: അഞ്ജിത, അഞ്ജന. ഹരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
National
ചെന്നൈ: പൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
സേലം ജില്ലയിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചിയിൽ നിന്ന് പല്ലടത്തേയ്ക്ക് പോവുകയായിരുന്നു ഇവർ. നെഗമത്ത് വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ധനപാൽ (37), മേനക (35), സ്നേഹ, കനിഷ്ക (17) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന സുർജിത്ത് (12) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ലോറി ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ലോറി കാറിൽ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
District News
പുതുക്കാട്: ദേശീയപാത കുറുമാലിയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം.
കണ്ടെയ്നർ ലോറി, മൂന്ന് കാറുകൾ, ടെമ്പോ വാൻ എന്നിവയാണ് ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ചത്. ദേശീയപാതയിലെ ഡ്രൈനേജ് വൃത്തിയാക്കുന്ന തൊഴിലാളികൾ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയതോടെ ഇവരെ ഇടിക്കാതിരിക്കാൻ കാർ പെട്ടെന്ന് ബ്രേയ്ക്കിട്ടതാണ് അപകടകാരണം. ഈ കാറിന് പിറകിൽ വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ അഞ്ച് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല.അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പുതുക്കാട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.
Kerala
കൊല്ലം: ആയൂരിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. കാറിലും ബസിലും സഞ്ചരിച്ചവർക്ക് പരിക്കേറ്റിട്ടുണ്ട്.
ആയൂർ വഞ്ചിപ്പേട്ടയിൽ ആണ് അപകടമുണ്ടായത്. കാറിലും ബസിലും സഞ്ചരിച്ചവർക്ക് പരിക്കേറ്റിട്ടുണ്ട്. ആയൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസും കൊട്ടാരക്കരയിൽ നിന്ന് കിളിമാനൂരിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
കിളിമാനൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാറിൽ സഞ്ചരിച്ച മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ബസിൽ ഉണ്ടായിരുന്ന ഏഴ് പേരുടെ പരിക്ക് ഗുരുതരമല്ല.
International
കോപ്പൻഹേഗൻ: ഡെന്മാർക്കിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 17 പേർക്കു പരിക്ക്. അഞ്ചു പേരുടെ നില ഗുരുതരമാണ്. തലസ്ഥാനമായ കോപ്പൻഹേഗനു വടക്കുപടിഞ്ഞാറ് നോർത്ത് സീലാൻഡ് മേഖലയിലെ ലെവൽ ക്രോസിൽ ഇന്നലെ രാവിലെയായിരുന്നു അപകടം.
എതിർദിശയിൽനിന്നു വന്ന രണ്ടു ട്രെയിനുകൾ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു ട്രെയിനുകളിലുമായി 38 യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. ട്രെയിനുകൾക്ക് വലിയ തോതിൽ നാശമുണ്ടായി. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരുന്നു.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊറ്റാമം ആറയൂര്‍ അഴുവ് തോട്ടം ലിയോ നിവാസില്‍ ലിയാനാര്‍ഡോ ദേവ് എബ്രഹാം (25) ആണ് മരിച്ചത്.
ഇന്ന് രാവിലെ രാവിലെ ഉദിയന്‍കുളങ്ങര സേതുലക്ഷ്മി ഭായ് പബ്ലിക് മാര്‍ക്കറ്റിന് മുന്നിലായിരുന്നു അപകടം. പാറശാല ഭാഗത്തു നിന്നും നെയ്യാറ്റിന്‍കരയിലേയ്ക്ക് പോവുകയായിരുന്ന ലിയാനാര്‍ഡോ ദേവ് മാര്‍ക്കറ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് കാൽനടക്കാരനെ തട്ടി നിയന്ത്രണം വിട്ട് ലോറിക്ക് മുന്നിലേക്ക് വീണത്.
ലോറിയിടിച്ചതോടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിയാ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറിയതായി പാറശാല പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: കുറ്റിപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പൊന്നാന്നി സ്വദേശികളായ അസ്ലം (19) , അൻസിഫ് (19) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്. പൊന്നാനി-കുറ്റിപ്പുറം ദേശീയപാതയിലെ സർവീസ് റോഡിൽ വച്ചാണ് ബൈക്കുകൾ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ രണ്ട് വശങ്ങളിലേയ്ക്ക് തെറിവീഴുകയായിരുന്നു.
അപകടത്തിൽ അൻസിൽ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മരിച്ച അസ്ലമും അൻസിഫും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഇവരുടെ മൃതദേഹങ്ങൾ പോസറ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
District News
കുണ്ടറ : നെടുമ്പായിക്കുളത്തു ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടുകൂടി നെടുമ്പായിക്കുളത്തിനും ഓള്‍ഡ് ഫയര്‍ സ്റ്റേഷനും മധ്യേ ആയിരുന്നു അപകടം.
കുണ്ടറ ഭാഗത്തു നിന്നു വന്ന പിക്ക് അപ് വാന്‍ വലതു വശത്തേക്ക് തിരിക്കവേ കൊട്ടാരക്കര ഭാഗത്തു നിന്നെത്തിയ മഹീന്ദ്ര ബി സിക്സ് വാഹനം ശക്തിയായി പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ഇടതുവശത്തു പാര്‍ക്ക് ചെയ്തിരുന്ന മാരുതി കാറിനെയും കിയ കാറിനെയും യമഹ സ്കൂട്ടറിനെയും ഇടിച്ചതിനുശേഷം മറ്റൊരു പിക്ക് അപ്പ് വാനില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
യാത്രക്കാര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. നാല് വാഹനം പൂര്‍ണമായും രണ്ട് വാഹനം ഭാഗികമായും തകര്‍ന്നു.
National
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പോലീസുകാർ മരിച്ചു. റിസർവ് പോലീസ് ഇൻസ്പെക്ടർമാർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് മരിച്ചത്.
രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഈശ്വർ, മഹന്തേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ, ചെല്ലക്കരയിൽ വച്ചു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബംഗളൂരുവിൽ നിന്ന് ബെല്ലാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന സ്ഥലം ഉന്നത പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.
District News
കളത്തൂക്കടവ്: ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ കളത്തൂക്കടവ് മില്ലിനു സമീപം കാറുകൾ കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 9.30നാണ് അപകടമുണ്ടായത്. മേലുകാവുമറ്റം കൃഷി ഓഫീസർ ജിസ് ലൂക്കോസിന്റെ കാറിൽ എതിരേ വന്ന കാർ ഇടിക്കുകയായിരുന്നു.
ഈരാറ്റുപേട്ടയിലേക്ക് പോകുകയായിരുന്ന കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇരു കാറുകൾക്കും സാരമായ കേടുപാടുകളുണ്ട്.
Kerala
കോഴിക്കോട്: നല്ലളം മോഡേണ്‍ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ നാല് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. ഇതില്‍ രണ്ട് പേര് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഒരാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ലോറി ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കരമനയിൽ നിയന്ത്രണം വിട്ട ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി മൂന്നു യുവാക്കൾ മരിച്ചു. നെയ്യാറ്റിൻകര അയിര, പള്ളിത്താനം താഴെവിളാകത്ത് വീട്ടിൽ സജിൻ (21), നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം കുളത്തിൻകര വീട്ടിൽ പ്രവീണ്‍ (23), ആസാം സ്വദേശി രതിക് (25) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ ഒന്നരയോടെ കരമന -കളിയിക്കാവിള ദേശീയപാതയിൽ കരമനയ്ക്കു സമീപമായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു ഫുട്പാത്തിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
മൂന്നു പേരും കരമനയിലെ ഹോട്ടലിലെ ജീവനക്കാരാണ്. ഹോട്ടലിലെ ജോലി കഴിഞ്ഞു നഗരത്തിലേക്ക് പോകവേയായിരുന്നു അപകടം. മൂന്നു പേരും ഒരു ബൈക്കിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
അപകട വിവരം അറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാർ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
District News
പത്തനംതിട്ട: ചുരുളിക്കോടിനു സമീപം ടികെ റോഡിൽ വാനും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. പെട്ടെന്ന് നിർത്തിയ വാനിന്റെ പിന്നിലിൽ മോട്ടോർ സൈക്കിളും ഇടിച്ചു. പുളിമൂട് ജംഗ്ഷനിൽ ഇന്നലെ രണ്ടോടെയാണ് അപകടം. കോഴഞ്ചേരി ഭാഗത്തേക്ക് പോയ വാനുമായി എതിർദിശയിൽ വന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു.
കാർ ഓടിച്ചിരുന്ന കടമ്മനിട്ട ശ്രീലേഖം വീട്ടിൽ പുരുഷോത്തമൻപിള്ള (64)യ്ക്കാണ് പരിക്കേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിനു പിന്നിലായി എത്തിയ മോട്ടോർ സെക്കിൾ പെട്ടെന്ന് നിർത്താനാകാതെ ഇടിക്കുകയായിരുന്നു. മോട്ടോർ സൈക്കിൾ ഓടിച്ചയാൾക്കും നിസാര പരിക്കുണ്ട്.
Kerala
കണ്ണൂർ: മയ്യിൽ കണ്ണാടിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കണ്ണാടിപ്പറമ്പ് കൊറ്റാളി കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ . ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ അനീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരേതനായ കരുണാകരന്റെയും എ. ചന്ദ്രമതിയുടെയും മകനാണ്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉദ്ദംപുരിൽ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
അപകടത്തിൽ സൈനികൻ ഉൾപ്പെടെ നാല് പേർ മരിച്ചു. 52 ബറ്റാലിയനിലെ സിആർപിഎഫ് ജവാനാണ് മരിച്ചത്. മറ്റ് മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരിക്ക്. ഡ്രൈവർക്കും എട്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ്
അപകടമുണ്ടായത്.
നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്കും പോയ കെഎസ്ആർടിസി ബസുകളാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളിലുമുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
National
ബംഗളൂരു: കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 നാണ് അപകടമുണ്ടായത്.
കർക്കല ബജഗോലി ദേശീയ പാതയിൽ മിയാറിന് സമീപത്ത് വച്ചാണ് ബസും എംയുവി കാറും കൂട്ടിയിടിച്ചത്. കാറിൽ സഞ്ചരിച്ചിരുന്ന നാല് പേരാണ് മരിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
പരിക്കേറ്റ എട്ട് പേർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ധർമസ്ഥലയിലേയ്ക്ക് കാറിൽ സഞ്ചരിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കാറിൽ മുൻവശം പൂർണമായും തകർന്നു. ബസും ഭാഗീകമായി തകർന്നിട്ടുണ്ട്.
അപകട വിവരം അറിഞ്ഞതിനെ തുടർന്ന് കർക്കല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.
Kerala
കാസർഗോഡ്: പൊയ്നാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേർക്ക് പരുക്കേറ്റു.
തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. വയനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബിഎംഡബ്ല്യൂ കാർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. രണ്ടുപേർ തൽക്ഷണം മരിച്ചെന്നാണ് പോലീസ് പറയുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്ത് എത്തിച്ചത്.
Kerala
കണ്ണൂർ: മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയോധികൻ മരിച്ചു. മൂന്നാം പീടിക സ്വദേശി അബൂബക്കർ (69) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപത്താണ് അപകടം നടന്നത്. കടയിൽ നിന്ന് വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങി പോവാൻ ഒരുങ്ങവെയാണ് പിറകെ നിന്നെത്തിയ കാർ അബൂബക്കറിനെ ഇടിച്ചു തെറിപ്പിച്ചത്.
മണക്കായി ഭാഗത്ത് നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാർ റോഡരികിലെ സിഗ്നൽ കുറ്റിയിൽ ഇടിച്ച ശേഷമാണ് സ്കൂട്ടിയുടെ പിറകിൽ ഇടിച്ചത്. അപകടത്തിൽ സ്കൂട്ടർ തകർന്നു .
മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
National
ബംഗളൂരു: കർണാടകയിലെ ദേവനഹള്ളിയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ശനിയാഴ്ചയാണ് അപകടം നടന്നത്.
ദേവനഹള്ളി താലൂക്കിലെ അഗലക്കോട്ടെ ഗ്രാമിത്തിലാണ് അപകടമുണ്ടായത്. ദേവനഹള്ളിയിൽ നിന്ന് ബുഡിഗെരെയിലേയ്ക്ക് പോയ യുവാക്കളുടെ ബൈക്കിൽ എതിർദിശയിൽ നിന്ന് ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിന് ശേഷം ടിപ്പർ ലോറിയുടെ ഡ്രൈവർ കടന്നുകളഞ്ഞു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. ചിക്കജല ഗ്രാമത്തിൽ നിന്നുള്ള തൗസീഫെയാണ് തിരിച്ചറിഞ്ഞത്.
മറ്റ് രണ്ട് പേർ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു. ലോറി ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.
Kerala
കണ്ണൂർ: കൂത്തുപറമ്പിൽ വനംവകുപ്പിന്റെ വാഹനം കാറിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. കാർ യാത്രക്കാരിയായ കതിരൂർ സ്വദേശി നിബയ്ക്കാണ്(29) പരിക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ രാവിലെ 9.45 ഓടെയായിരുന്നു സംഭവം. തലശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിന്റെ പിറകിൽ ഇടിച്ച് അപകടമുണ്ടാക്കി നിർത്താതെ പോയ വനംവകുപ്പിന്റെ വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പാറാലിൽ വച്ച് പിടികൂടുകയായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡ്രൈവറെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറളം ഫോറസ്റ്റ് ഓഫീസ് വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി പി. രഘുനാഥനെ (54) ആണ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. വനംവകുപ്പിന്റെ വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.
Kerala
കോട്ടയം: എംസി റോഡിൽ കുറവിലങ്ങാടിന് സമീപം മോനിപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് നീണ്ടൂർ സ്വദേശികളായ ദമ്പതികളും, ഇവരുടെ സുഹൃത്തിന്റെ മകനും. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നീണ്ടൂർ ഓണംതുരുത്ത് കുറുപ്പംപറമ്പിൽ ചിത്രകാരനായ കെ. കെ സുരേഷ് കുമാർ, ഭാര്യ അമ്പിളി ഇവരുടെ സുഹൃത്തിന്റെ മകൻ അർജിത്ത് എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചത്.
അർജിത്തിന്റെ മാതാപിതാക്കളായ കൊല്ലം സ്വദേശി പ്ലാത്താനം സൂരജ്, ഭാര്യ രാഖി, മരിച്ച സുരേഷിന്റെ മകൻ ഗോകുൽ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആലുവ തിരുവൈരാണിക്കുളം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയവരാണ് കാറിലുണ്ടായിരുന്നത്. കൂത്താട്ടുകുളത്തേക്ക് പോയ കെ എസ് ആർ ടി സി വേണാട് ബസിലാണ് മാരുതി കാർ ഇടിച്ചത്.
മോനിപ്പള്ളി ഉദയഗിരി ലിറ്റിൽ ഫ്ളവർ സ്ക്കൂളിന് സമീപം ഇന്ന് രാവിലെ 11:30 യോടെയാണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
Kerala
കൊച്ചി: തൊടുപുഴ കോലാനി ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (18) ആണ് മരിച്ചത്.
സഹയാത്രികനും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണനെ (19) ഗുരുത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടുപുറം ഫ്യൂവൽസിന് സമീപത്താണ് അപകടമുണ്ടായത്.
കോലാനി ഭാഗത്ത് നിന്നും തടി കയറ്റി വരികയായിരുന്നു ലോറിയുമായാണ് പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.
Kerala
കോട്ടയം: കുറവിലങ്ങാടിന് സമീപം മോനിപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് രാവിലെ 11ഓടെയായിരുന്നു അപകടം. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആറ്റിക്കലിൽ വച്ചായിരുന്നു അപകടം. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. മരിച്ചവർ മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്നു.
കോട്ടയം – കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് കാറുമായി കൂട്ടിയിടിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് എംസി റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു.
Kerala
ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെറുവാരണം സിന്ധുഭവനത്തിൽ വിജയന്റെ മകൻ ജിതു വിജയൻ (ശരത് 26) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പൊക്ലാശേരിയിലുള്ള സുഹൃത്തിനെ കണ്ടതിന് ശേഷം തിരിച്ചു വരുമ്പോഴായിരുന്നു ജിതുവിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചത്.
പഠനത്തിന് ശേഷം വിദേശത്തേയ്ക്ക് പോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു ജിതു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് പുത്തനമ്പലം വടക്ക് കൈതളായിൽ ഷാപ്പിന് കിഴക്കുവശത്തെ വീട്ടുവളപ്പിൽ നടക്കും.
Kerala
ആലപ്പുഴ: ചേർത്തലയിൽ സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്ന് രാവലെ 11 ഓടെയാണ് അപകടമുണ്ടായത്.
ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡിലാണ് അപകടം നടന്നത്. ചേര്‍ത്തലയില്‍ നിന്ന് കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ ബസ് ഡ്രൈവര്‍ കോട്ടയം ചെങ്ങളം പ്രശാന്തിയില്‍ രൂപേഷ് (46), യാത്രക്കാരായ വയലാര്‍ തിരുനിലത്ത് ഷീബ (51), മരുത്തോര്‍വട്ടം കാര്‍ത്തികയില്‍ ഗിരിജ (66), കുമരകം തോട്ടത്തില്‍ സാബു (59), വെച്ചൂര്‍ വേലിച്ചിറ ആനന്ദവല്ലി (65), കുടവെച്ചൂര്‍ തെക്കേനെല്ലിപ്പള്ളി ചന്ദ്രശേഖരന് (56) എന്നിവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്കും കൈകള്‍ക്കും സാരമായി പരിക്കേറ്റ രൂപേഷിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കേളജിലേയ്ക്ക് മാറ്റി. നിസാര പരിക്കേറ്റ മറ്റു മൂന്നുപേര്‍ വിവിധ ആശുുപത്രികളില് ചികിത്സ തേടി.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ ശബരിമല തീർഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചിന് ശേഷമായിരുന്നു അപകടം
ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തന്മാരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
Kerala
തൃശൂർ: ഗുരുവായൂരിൽ മിനി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഗുരുവായൂർ മമ്മിയൂരിലാണ് അപകടമുണ്ടായത്.
കർണാടകയിൽ നിന്ന് ശബരിമലയിലേയ്ക്കു പോയ തീർഥാടകർ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ കടയും വീട്ടുമതിലും തകർത്താണ് ലോറി നിന്നത്.
ഇന്ന് പുലർച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Kerala
തൃശൂര്‍: കേച്ചേരി ചിറനെല്ലൂരില്‍ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇരട്ടി ഉളിക്കല്‍ സ്വദേശികളായ പുതുമനമുഴിയില്‍ വീട്ടില്‍ റോബര്‍ട്ടിന്റെ ഭാര്യ ഡെന്നി (54) യാണ് മരിച്ചത്.
മകന് ജെസ്വിന് (22), പുതുമനമുഴിയില്‍ സക്കറിയ ഭാര്യ ഗ്രെയ്സി (57), ഹൈദരാബാദ് സ്വദേശി നാര്‍വ കൃഷ്ണ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആക്ട്സ് കേച്ചേരി ബ്രാഞ്ച് ആംബുലന്‍സില്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിറനെല്ലൂര്‍ വില്ലേജ് ഓഫീസിന് സമീപമാണ് അപകടം നടന്നത്. കാര്‍ യാത്രക്കാര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് സൂചന. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുന്ഭാഗങ്ങള് പൂര്‍ണമായും തകര്‍ന്നു.
നിയന്ത്രണം വിട്ട ഒരു കാര്‍ റോഡരികിലെ കാനയ്ക്കരികെയുള്ള വീടിന്റെ മതിലിടിച്ചാണ് നിന്നത്. മതിലും തകർന്നിട്ടുണ്ട്. കാറിന്റെ മുന്‍വശത്തെ ചക്രം തെറിച്ചു പോയ നിലയിലാണ്.
Kerala
തൃശൂർ: ചേർപ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരൻ മരിച്ചു. ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി ചക്കാലക്കൽ അരുൺ കുമാറിന്റെ കൃഷ്ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് (ആറ്) ആണ് മരിച്ചത്.
തൃപ്പൂണിത്തുറ ഭവൻസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് ഉച്ചയോടെ ചൊവ്വൂർ മോഴിപറമ്പിൽ ഫർണീച്ചർ ഷോറൂമിന് മുന്നിലായിരുന്നു അപകടം.
ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രം പത്താമുദയം മഹോത്സവം കാണാൻ അരുൺ കുമാറും കൃഷ്ണസ്വരൂപും പോയിരുന്നു. ഉത്സവം കണ്ട് മടങ്ങുമ്പോൾ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണസ്വരൂപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ അരുൺകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണസ്വരൂപിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Kerala
തിരുവനന്തപുരം: കണിയാപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കഴക്കൂട്ടത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പള്ളിപ്പുറം സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം.
ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. മംഗലപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
National
ഹൈദരരാബാദ്: തെലങ്കാനയിലെ ഖമ്മത്ത് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസിന്റെ ക്ലീനർ നിതീഷാണ് മരിച്ചത്.
അപകടത്തിൽ 36 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ചന്ദ്രടണ്ട പ്രദേശത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേയ്ക്ക് ടിജിഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. ഖമ്മത്ത് നിന്ന് ബോദിലേയ്ക്കുള്ള പോകുകയായിരുന്നു ബസ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്ലീനർ നിതിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.
Kerala
കൊല്ലം: നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു.
കിടപ്പ് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഒരു കാർ ആംബുലൻസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസിൽ തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് കെഎസ്ആർടിസി ബസിലിടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്സ്പ്രസ് ഹൈവേയിൽ കനത്ത പുകമഞ്ഞിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ബസ് അടക്കം ചില വാഹനങ്ങൾക്ക് തീപിടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ അണച്ചു. ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ കനത്ത പുകമഞ്ഞിൽ ദൃശ്യപരത കുറഞ്ഞതാണ് അപകട കാരണം. ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൂട്ടിയിടിയെ തുടർന്ന് ചില വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്ലോക് കുമാർ പറഞ്ഞു. നാല് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എഎസ്പി പറഞ്ഞു.
പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ പോലീസ് വാഹനങ്ങളിൽ വീടുകളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എഎസ്പി പറഞ്ഞു. തടസപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമവും നടന്നുവരികയാണ്.
Kerala
മലപ്പുറം: കോട്ടക്കൽ പുത്തൂരിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. ഏഴ് വാഹനങ്ങളാണ് ലോറി ഇടിച്ചുതെറിപ്പിച്ചത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തൂർ ഇറക്കത്തിൽ വച്ച് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഒടുവിൽ ട്രാൻസ്ഫോമറിലിടിച്ചാണ് ലോറി നിന്നത്.
Kerala
പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 പേർക്ക് പരിക്കേറ്റു. ചക്കുപാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഒരു ബസിൽ തീർഥാടകരടക്കം 48 പേരും അടുത്ത ബസിൽ 45 പേരുമാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും പനമ്പയിലേയും നിലയ്ക്കലിലേയും ആശുപത്രികളിലേയ്ക്കും മാറ്റി. പത്ത് വയസുള്ള കുട്ടി ഉൾപ്പെടെ ഒമ്പത് പേരെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബാക്കിയുള്ളവരെയാണ് പമ്പയിലും നിലയ്ക്കലിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഉച്ചസമയത്തായിരുന്നതിനാൽ ഡ്യൂട്ട് മാറുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ജീവനക്കാരും ബസിലുണ്ടായിരുന്നു.
Kerala
മലപ്പുറം: കുരുവമ്പലം സ്കൂളിനു മുന്നില്‍ സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂര്‍ നാഷനല്‍ എല്‍പി സ്കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. സ്കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ സ്കൂള്‍ വിട്ട് സ്കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാന്‍ ടിപ്പര്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ലോറിയുടെ മുന്‍ഭാഗം വാഹനത്തില്‍ തട്ടി. ഈ സമയം ഇരുചക്ര വാഹനത്തില്‍ നിന്നും നഫീസ ടീച്ചര്‍ ലോറിക്കടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു.
Kerala
തൃശൂര്‍: ചേലക്കരയിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ചേലക്കര ഉദുവടിയിൽ ഇന്ന് പുലര്‍ച്ചെ 7.15ഓടെയാണ് അപകടമുണ്ടായത്.
അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍വശത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
തിരുവില്വാമയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. രണ്ടു ബസുകളുടെയും മുൻഭാഗം തകര്‍ന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങിപോവുകയായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
സ്വകാര്യ ബസിലെയും കെഎസ്ആര്‍ടിസി ബസിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റിണ്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
മലപ്പുറം: തിരൂരങ്ങാടിയിൽ കെഎസ്ആര്‍ടിസി ബസ് ലോറിയിൽ ഇടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് അപകടത്തിൽ പരിക്കേറ്റു.
പരിക്കേറ്റവരെ തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നിലഗുരുതരമാണ്. സാരമായി പരിക്കേറ്റയാളെ കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ള യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.
തിരൂരങ്ങാടി കൊളപ്പുറത്ത് വെച്ച് ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. ബസ് അമിതവേഗത്തിൽ ആയിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
കോഴിക്കോട് നിന്ന് പൊൻകുന്നത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റിട്ടുണ്ട്.
Kerala
പത്തനംതിട്ട: കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പത്തനംതിട്ട സ്വദേശികളായ അനന്തു അശോക്, ജോബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ രണ്ടിന് ആണ് അപകടം ഉണ്ടായത്.
National
അമരാവതി: ആന്ധ്ര പ്രദേശിലെ അല്ലഗഡയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ഹൈദാബാദിൽ നിന്ന് പുതുച്ചേരിയിലേയ്ക്ക് പോയ ബസിന് പിന്നിൽ ലോറി ഇടിച്ചുകയറുകയായിരുന്നു. ബദ്രിനാഥ്, ഹരിത എന്നിവരാണ് മരിച്ചത്. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. 33 പേരാണ് ബസിലുണ്ടായിരുന്നത്.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് അപകടം. ആംബർനാഥ് നഗരത്തിൽ വെള്ളിയാഴ്ച രാത്രി ഏഴിനാണ് അപകടമുണ്ടായത്.
ആംബർനാഥ് നഗരത്തിലെ ഫ്ളൈ ഓവറിൽ വച്ചാണ് കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ചത്. തുടർന്ന് കാർ തലകീഴായി മറിയുകയും ചെയ്തു. കാർ ഡ്രൈവറടക്കം നാല് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ച് ഇരുചക്രവാഹനങ്ങളിലാണ് കാർ ഇടിച്ചത്. ഇതിന് ശേഷമാണ് കാർ മറിഞ്ഞത്. ഇരുചക്രവാഹനങ്ങൾ പൂർണമായി തകർന്നു. മരിച്ചയാളുകളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നതായി പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: നെടിയിരുപ്പിന് സമീപം ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് കാരന്തൂര്‍ കല്ലറ നഗറില്‍ പരേതനായ ഗോപിനാഥന്റെ മകള്‍ ഗീതികയാണ് (17) മരിച്ചത്.
ആര്‍ഇസി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാത്രി നെടിയിരുപ്പ് മില്ലുംപടിയിലാണ് അപകടം നടന്നത്. ഗീതികയും ബന്ധുവും സഞ്ചരിച്ച ബൈക്കും എതിരെ വന്ന ചരക്കുലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്ക് യാത്രികരെ നാട്ടുകാര്‍ ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഗീതികയെ രക്ഷിക്കാനായില്ല.
പുല്പറ്റ പൂക്കളത്തൂരിലെ അമ്മയുടെ വീട്ടില്‍ നിന്ന് ബന്ധു മിഥുന്റെ കൂടെ ബൈക്കില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഗീതിക. പരിക്കേറ്റ മിഥുന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തു.
Kerala
ഇടുക്കി: അണക്കരക്ക് സമീപം കടശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു.
തമിഴ്നാട്ടിൽ നിന്നും ഏലത്തോട്ടത്തിലേക്ക് ഉള്ള തൊഴിലാളികളുമായി എത്തിയ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. ജീപ്പിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
കുമളിയിൽ നിന്നും കട്ടപ്പനയിലേക്ക് പോയ ബസിനു നേരെയാണ് ജീപ്പ് പാഞ്ഞടുത്ത് കൂട്ടിയിടിച്ചത്. ജീപ്പിൽ ആകെ 20 ഓളം പേരാണ് ഉണ്ടായിരുന്നത്. ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.
Kerala
ആലപ്പുഴ: ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്റെ മകൻ അമൽ പി ബെൻ (33) ആണ് മരിച്ചത്.
ചേർത്തല ഇസാഫ് ബാങ്കിലെ മാനേജരാണ് അമൽ. കഞ്ഞിക്കുഴി ഭാഗത്തുനിന്നും ചേർത്തല ഭാഗത്തേക്ക് വരുന്നതിനിടെ കെവിഎം ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ വശങ്ങളിലൂടെ കടന്നുപോവുകയായിരുന്ന അമലിന്റെ സ്കൂട്ടർ റോഡിന്റെ വശങ്ങളിൽ കയറി ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് ചേർത്തല പൊലീസ് പറഞ്ഞു.
ലോറിയുടെ പിൻചക്രങ്ങൾ അമലിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. പരേതയായ മാഗി ബെൻസൺ ആണ് മാതാവ്. ഭാര്യ: അലീന അലോഷ്യസ് (രാജഗിരി പബ്ലിക് സ്കൂൾ). മകൾ: അമിയ മരിയ.
Kerala
ഇടുക്കി: ചെറുതോണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചുരുളി ആൽപ്പാറ സ്വദേശി അമൽ ടോം (18) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ തങ്കമണി സ്വദേശി അമൽ പീറ്റർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചെറുതോണി പാലത്തിനു സമീപം വച്ചായിരുന്നു അപകടം.
ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അമൽ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
National
ലക്നോ: ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ബാരാബംഗി ജില്ലയിൽ ആണ് അപകടമുണ്ടായത്.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് അപകടം നടന്നത്. കുട്ട്ലുപുർ ഗ്രാമത്തിന് സമീപത്ത് വച്ചാണ് കാറും ട്രക്കും കൂട്ടിയിടിച്ചത്.
കാറിലെ യാത്രക്കാരാണ് മരിച്ചത്. ഫത്തെപുർ സ്വദേശികളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേർ അപകടസ്ഥലത്ത് വച്ചും രണ്ട് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.