വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ക്രിസ്മസ് ട്രീ സ്ഥാപിക്കുന്നു.
വത്തിക്കാൻ സിറ്റി: ക്രിസ്മസ് ആഘോഷങ്ങൾക്കു മുന്നോടിയായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പരമ്പരാഗത ക്രിസ്മസ് ട്രീ സ്ഥാപിച്ചു. തെക്കൻ ഇറ്റലിയിലെ പൊല്ലിനോ നാഷണൽ പാർക്കിൽനിന്നുള്ള 24 മീറ്റർ ഉയരവും ഏഴര ടൺ ഭാരവുമുള്ള സിൽവർ ഫിർ മരമാണു വെള്ളിയാഴ്ച ചത്വരത്തിലെത്തിച്ചത്. ടെറനോവ ഡി പൊല്ലിനോ മുനിസിപ്പാലിറ്റിയുടെ സമ്മാനമാണിത്.
50,000ത്തിലധികം എൽഇഡി വിളക്കുകളും ഇറ്റലിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾ സെറാമിക് ശില്പശാലകളിലൂടെ നിർമിച്ച കരകൗശലവസ്തുക്കളും ഉപയോഗിച്ചാണു മരം അലങ്കരിക്കുന്നത്. ഡിസംബർ ഏഴിന് റോം സമയം വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങിൽ, അർബുദത്തിനു ചികിത്സയിൽ കഴിയുന്ന കുട്ടികൾ ചേർന്നു ക്രിസ്മസ് ട്രീയുടെ ദീപങ്ങൾ തെളിക്കും.
ഇറ്റലിയിലെ ഗുബ്ബിയോ നഗരത്തിലെ ഇൻജിനോ മലനിരകളിൽ ഒരുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീയിൽ ദീപം തെളിക്കുന്നതും ഇതാദ്യമായി വത്തിക്കാനിലെ ചടങ്ങിനൊപ്പമാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രവേശനത്തിന്റെ എണ്ണൂറാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പ്രത്യേക ക്രമീകരണം.
Tags : Christmas preparations Deepika DeepikaNewspaper BreakingNews Christmas preparations begin at Vatican