ചോയ് ക്യോ ജിൻ
സിയൂൾ: രാജ്യത്തെ പിടിച്ചുകുലുക്കിയ എഐ (നിർമിത ബുദ്ധി) കോപ്പിയടി വിവാദത്തിനും തുടർന്നുണ്ടായ പരീക്ഷാനടത്തിപ്പിലെ ആശയക്കുഴപ്പങ്ങൾക്കും പിന്നാലെ ദക്ഷിണ കൊറിയൻ വിദ്യാഭ്യാസ മന്ത്രി ചോയ് ക്യോ ജിൻ രാജിവച്ചു.
വ്യാഴാഴ്ച നടന്ന വാർഷിക കോളജ് പ്രവേശന പരീക്ഷയിൽ എഐ സഹായത്തോടെയുള്ള കോപ്പിയടി തടയാൻ അവസാനനിമിഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. മുൻകൂട്ടി തയാറെടുപ്പുകൾ നടത്തുന്നതിൽ വീഴ്ച പറ്റിയെന്ന വിമർശനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും പരീക്ഷ പൂർത്തിയായ സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്നും ചോയ് ക്യോ ജിൻ വ്യക്തമാക്കി.
നിലവിലെ പരീക്ഷാസമ്പ്രദായം ഉടച്ചുവാർക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുംഗ് മന്ത്രിയുടെ രാജി സ്വീകരിച്ചു. ഒരാഴ്ച മുന്പ് നടന്ന ദേശീയ ടാക്സ് അക്കൗണ്ടൻസി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ 34കാരനായ ഹാൻ വോൺ സിയോക്, മിനി കാമറയും സ്മാർട്ട്ഫോണും എഐ ടൂളുകളും ഉപയോഗിച്ചാണു കോപ്പിയടിച്ചതെന്ന് വെളിപ്പെടുത്തിയതോടെയാണു വിവാദങ്ങൾക്ക് തുടക്കമായത്. 160 ചോദ്യങ്ങളിൽ 159 എണ്ണത്തിനും ശരിയുത്തരം എഴുതിയതിൽ സംശയം ഉയർന്നതോടെയാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.
ഇതോടെ, അഞ്ചു ലക്ഷത്തോളം വിദ്യാർഥികൾ എഴുതുന്ന ഒന്പത് മണിക്കൂർ നീളുന്ന ‘സുനൂംഗ്’ എന്ന കോളജ് പ്രവേശന പരീക്ഷയിൽ ക്രമക്കേട് തടയാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി പരീക്ഷാക്രമക്കേട് പിടികൂടാൻ ദേശീയ ദുരന്ത മുന്നറിയിപ്പ് സംവിധാനം ഉപയോഗിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടിനും ഉച്ചകഴിഞ്ഞു മൂന്നിനുമിടയിൽ മൂന്നു തവണ രാജ്യത്തെ മുഴുവൻ മൊബൈൽ ഫോണുകളിലേക്കും എമർജൻസി അലർട്ടുകൾ അയച്ചു. ഫോൺ സൈലന്റ് മോഡിലാണെങ്കിൽ പോലും ഉച്ചത്തിൽ ശബ്ദമുണ്ടാകുന്ന ഈ സംവിധാനത്തിലൂടെ പരീക്ഷാഹാളിൽ ഒളിപ്പിച്ചുവച്ചിരുന്ന സ്മാർട്ട്ഫോണുകൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇത്തവണ 111 വിദ്യാർഥികളിൽനിന്ന് അനധികൃത സ്മാർട്ട് ഉപകരണങ്ങൾ പിടിച്ചെടുത്തതായി വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
കൂടാതെ, വസ്ത്രങ്ങളുടെ ബട്ടണുകളിൽ ഒളികാമറകൾ ഉണ്ടോയെന്നു പരിശോധിക്കാനും ബട്ടണുകൾ മറച്ചുവയ്ക്കാനും വിദ്യാർഥികൾക്കു നിർദേശം നൽകിയിരുന്നു. സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കുന്നത് തടയാൻ കണ്ണടകളിലും കർശന പരിശോധന നടത്തി.
അമിതമായ ഈ നിയന്ത്രണങ്ങൾ സത്യസന്ധമായി പരീക്ഷയെഴുതുന്ന വിദ്യാർഥികളിൽപ്പോലും വലിയ മാനസികസമ്മർദവും ആശങ്കയും സൃഷ്ടിച്ചതായാണു റിപ്പോർട്ടുകൾ. ലോകത്തിലെ കോളജ് പ്രവേശന പരീക്ഷകളിൽ ഏറ്റവും കഠിനമേറിയതായാണ് ദക്ഷിണ കൊറിയയിലെ സുനുംഗ് പരീക്ഷ അറിയപ്പെടുന്നത്.
Tags : AI Plagiarism Deepika DeepikaNewspaper BreakingNews NewsUpdate South Korean Education Minister Resigns