എൽ ചാപോ ഇസിദ്രോ
മെക്സിക്കോ സിറ്റി: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലെ പ്രധാനി മെക്സിക്കൻ മയക്കുമരുന്ന് മാഫിയതലവൻ എൽ ചാപോ ഇസിദ്രോ അറസ്റ്റിൽ.
മെക്സിക്കോയിലെ സിനോവയിൽനിന്നാണ് ചാപോ ഇസിദ്രോ എന്നറിയപ്പെടുന്ന ഫൗസ്റ്റോ ഇസിദ്രോ മെസ ഫ്ലോറസ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം ഏഴു പേർകൂടി മെക്സിക്കൻ സ്പെഷൽ ഫോഴ്സിന്റെ പിടിയിലായി. ക്രിമിനൽ സംഘത്തിലെ ഏഴു പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സ്പെഷൽ ഫോഴ്സിലെ നാലു പേരും കൊല്ലപ്പെട്ടു.
ഫെന്റനൈൽ, കൊക്കെയ്ൻ, ഹെറോയിൻ തുടങ്ങി മാരക മയക്കുമരുന്നുകൾ മെസ ഫ്ലോറസ് സംഘം അമേരിക്കയിലേക്ക് ഒഴുക്കിയിരുന്നതായി പറയുന്നു. ഗുസാവോ കാർട്ടൽ എന്ന പേരിലാണ് മെസ ഫ്ലോറസ് സംഘം അറിയപ്പെട്ടിരുന്നത്. ഇയാളെ അമേരിക്കയ്ക്കു കൈമാറിയേക്കും.
1990കൾ മുതൽ ഗുസാവോ കാർട്ടൽ മയക്കുമരുന്ന് കടത്തിൽ സജീവമാണ്. അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മെക്സിക്കോ സൈന്യം ഗുസാവോ കാർട്ടൽ വളഞ്ഞത്. ഹെലികോപ്റ്ററിൽനിന്നു മെസ ഫ്ലോറസ് സംഘത്തിനു നേർക്ക് സൈന്യം വെടിയുതിർത്തു. സൈനിക നടപടി ആരംഭിച്ചപ്പോൾ സുരക്ഷാസേനയ്ക്കു നേരെ വെടിവയ്പും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണവും ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Tags : Isidro arrested Deepika DeepikaNewspaper BreakingNews 'El Chapo Isidro arrested