മുഹമ്മദ് അസ്ഹറുദ്ദീൻ, ഗൗതം ഗംഭീർ, നവജ്യോത് സിംഗ് സിദ്ധു
കൊച്ചി: ക്രിക്കറ്റ് ബാറ്റും പന്തും താഴെവച്ച് രാഷ്ട്രീയത്തിന്‍റെ പിച്ചിൽ ഭാഗ്യം പരീക്ഷിച്ച നിരവധി ഇന്ത്യൻ താരങ്ങളുണ്ട്. കളിക്കളത്തിലെ ആവേശവും ജനപ്രീതിയും പൊതുപ്രവർത്തനത്തിലേക്ക് എത്തിച്ച ഇവരിൽ പലരും പാർലമെന്‍റിലും നിയമസഭകളിലും മന്ത്രിസഭകളിലും വരെ നിർണായക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
മുഹമ്മദ് അസ്ഹറുദ്ദീൻ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായ അസ്ഹറുദ്ദീൻ 2009-ൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് തെലുങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്‍റിയും പ്രവർത്തിച്ചു. നിലവിൽ തെലുങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രിയാണ് അസ്ഹറുദ്ദീൻ.
ഗൗതം ഗംഭീർ
2007-ലെ ട്വന്‍റി20 ലോകകപ്പ്, 2011-ലെ ഏകദിന ലോകകപ്പ് വിജയങ്ങളിൽ ഇന്ത്യയുടെ നട്ടെല്ലായിരുന്ന ഗൗതം ഗംഭീർ 2019-ലാണ് ബിജെപിയിൽ ചേർന്നത്. അതേ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ ഡൽഹി മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ അദ്ദേഹം പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്നതിനായി അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്നു.
നവജ്യോത് സിംഗ് സിദ്ധു
മുൻ ഇന്ത്യൻ ഓപ്പണറായ നവജ്യോത് സിംഗ് സിദ്ധുവാണ് ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയ ആദ്യകാല താരങ്ങളിലൊരാൾ. 2004-ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം അമൃത്സർ മണ്ഡലത്തിൽ നിന്ന് നിരവധി തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ടൂറിസം മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.
2017-ൽ അദ്ദേഹം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. ആ വർഷം അമൃത്സർ ഈസ്റ്റിൽ നിന്ന് പഞ്ചാബ് നിയമസഭയിലേക്ക് സിദ്ധു തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബ് പിസിസി അധ്യക്ഷനായും സിദ്ധു പ്രവർത്തിച്ചിട്ടുണ്ട്.
ചേതൻ ചൗഹാൻ
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സുനിൽ ഗവാസ്കറുടെ വിശ്വസ്തനായ ഓപ്പണിംഗ് പങ്കാളിയായിരുന്ന ചേതൻ ചൗഹാൻ, 1990-കളിലാണ് ബിജെപിയിൽ ചേർന്നത്. ഉത്തർപ്രദേശിലെ അംറോഹ മണ്ഡലത്തിൽ നിന്ന് രണ്ടുതവണ ലോക്‌സഭാ എംപിയായ അദ്ദേഹം, യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.
കീർത്തി ആസാദ്
1983-ലെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്ന കീർത്തി ആസാദ്, പിതാവ് ഭഗവത് ഝാ ആസാദിന്‍റെ പാത പിന്തുടർന്നാണ് രാഷ്ട്രീയത്തിലെത്തിയത്. ബിജെപിയിൽ ചേർന്ന അദ്ദേഹം ബിഹാറിലെ ദർഭംഗ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം കോൺഗ്രസിലും തുടർന്ന് തൃണമൂൽ കോൺഗ്രസിലും ചേർന്നു.
എസ്. ശ്രീശാന്ത്
മലയാളി ക്രിക്കറ്റ് താരവും 2007, 2011 ലോകകപ്പ് ജേതാവുമായ എസ്. ശ്രീശാന്ത് 2016-ലാണ് ബിജെപിയിൽ ചേർന്നത്. 2016-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി അദ്ദേഹം മത്സരിച്ചിരുന്നു.
രവീന്ദ്ര ജഡേജ
ഇന്ത്യൻ ക്രിക്കറ്റിലെ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ 2024-ലാണ് ബിജെപിയിൽ അംഗത്വമെടുത്തത്. അദ്ദേഹത്തിന്‍റെ ഭാര്യ റിവാബ ജഡേജ ഗുജറാത്തിലെ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ്.
കേദാർ ജാദവ്
ഇന്ത്യൻ മധ്യനിര ബാറ്ററായിരുന്ന കേദാർ ജാദവ് 2025 ഏപ്രിലിൽ മഹാരാഷ്ട്രയിൽ വച്ച് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു.
ലക്ഷ്മി രത്തൻ ശുക്ല
മുൻ ഇന്ത്യൻ ഓൾറൗണ്ടറും ബംഗാൾ രഞ്ജി ടീം ക്യാപ്റ്റനുമായിരുന്ന ലക്ഷ്മി രത്തൻ ശുക്ല, തൃണമൂൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പശ്ചിമ ബംഗാൾ മന്ത്രിസഭയിൽ അദ്ദേഹം കായിക സഹമന്ത്രിയായിരുന്നു. പിന്നീട് 2021-ൽ ബിജെപിയിൽ ചേർന്നു.
പ്രവീൺ കുമാർ
ഇന്ത്യൻ ടീമിന്‍റെ മുൻ ബൗളറായിരുന്ന പ്രവീൺ കുമാർ ഉത്തർപ്രദേശിൽ നിന്നുള്ള എസ്പി പ്രവർത്തകനാണ്. 2018 ഡിസംബറിലാണ് പ്രവീൺ കുമാർ സമാജ്‌വാദി പാർട്ടിയിൽ അംഗത്വമെടുത്തത്. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്‍റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പാർട്ടിയിൽ ചേർന്നത്.
ഹർഭജൻ സിംഗ്
ഇന്ത്യൻ ക്രിക്കറ്റിലെ സ്പിന്നറായിരുന്ന ഹർഭജൻ സിംഗ് 2022-ൽ ആം ആദ്മി പാർട്ടിയിലൂടെ (എഎപി) രാഷ്ട്രീയത്തിൽ പ്രവേശിച്ചു. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ഏപ്രിൽ 24ന് ഹർഭജൻ എഎപി വിട്ട് ബിജെപിയിൽ ചേർന്നു.
യൂസഫ് പത്താൻ
മുൻ ഇന്ത്യൻ ഓൾറൗണ്ടറായ യൂസഫ് പത്താൻ 2024-ൽ തൃണമൂൽ കോൺഗ്രസിലൂടെ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ചു. പശ്ചിമ ബംഗാളിലെ ബഹരാംപൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് അദ്ദേഹം ലോക്സഭാംഗമായി.
മുഹമ്മദ് കൈഫ്
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മികച്ച ഫീൽഡറുമായിരുന്ന മുഹമ്മദ് കൈഫ് 2014-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നുകൊണ്ടാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഫൂൽപൂരിൽനിന്നും ജനവിധി തേടിയെങ്കിലും വിജയിക്കാനായില്ല.
സച്ചിൻ ടെണ്ടുൽക്കർ
സജീവ രാഷ്ട്രീയ പാർട്ടികളിൽ അംഗമായില്ലെങ്കിലും 2012-ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതോടെ സച്ചിൻ പാർലമെന്‍റിറി രംഗത്തെത്തി.
യുസ് വേന്ദ്ര ചഹല്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചഹല്‍ ഇന്ന് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നു. പാര്‍ട്ടി അംഗത്വം സ്വീകരിച്ച ചഹലിനെ ബിജെപിയുടെ ഒബിസി മോര്‍ച്ച ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി.
ക്രിക്കറ്റ് താരങ്ങളുടെ ജനസ്വീകാര്യത തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ മുതൽക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ പാർട്ടികൾ ഇവരെ സ്വാഗതം ചെയ്യുന്നത്. മൈതാനത്തെ പോരാട്ടവീര്യം ജനസേവനത്തിലേക്കും പകർന്നുനൽകാൻ ഈ താരങ്ങൾക്ക് സാധിക്കുന്നുണ്ടെന്നതാണ് ഇവരുടെ രാഷ്ട്രീയ പ്രവേശനത്തെ ശ്രദ്ധേയമാക്കുന്നത്.
Tags : Politics Cricket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash