സെഞ്ചുറി നേടിയ റിഷഭ് പന്തിന്റെ ആഹ്ലാദം
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 720 റൺസെന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. 352 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ പടുത്തുയർത്തിയത്.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ന്യൂസിലൻഡ് നാലാം ദിനത്തിലെ മത്സരം നിർത്തുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തിട്ടുണ്ട്. 59 റൺസെടുത്ത ഡിവോൺ കോൺവേയും 27 റൺസെടുത്ത രചിൻ രവീന്ദ്രയും ആണ് ക്രീസിലുള്ളത്. ടോം ലാതത്തിന്റെയും ഹെന്റി നിക്കോൾസിന്റെയും വിക്കറ്റുകളാണ് കിവീസിന് നഷ്ടപ്പെട്ടത്.
ലാതം റൺസൊന്നും എടുക്കാതെയും നിക്കോൾസ് 31 റൺസെടുത്തുമാണ് പുറത്തായത്. ജസ്പ്രീത് ബുംറയും പ്രസിദ് കൃഷ്ണയും ആണ് വിക്കറ്റുകൾ വീഴ്ത്തിയത്.
ഒന്നാം ഇന്നിംഗ്സിൽ കെ.എൽ. രാഹുലിന്റെയും റിഷബ് പന്തിന്റെയും സെഞ്ചുറികളുടെയും യശസ്വി ജയ്സ്വാളിന്റെയും ശുഭ്മാൻ ഗില്ലിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും ധ്രുവ് ജൂറലിന്റെയും അർധ സെഞ്ചുറികളുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ എടുത്തത്. 136 റൺസെടുത്ത കെ.എൽ. രാഹുലാണ് ഇന്ത്യയുടെ ടോപ്സ്കോറർ.
റിഷബ് പന്ത് 128 റൺസും ഗിൽ 98 റൺസും ജയ്സ്വാൾ 85 റൺസും ദേവ്ദത്ത് 80 റൺസും ജൂറൽ 78 റൺസുമാണെടുത്തത്. അൻഷുൽ കാംബോജ് 38 റൺസ് സ്കോർ ചെയ്തു.
ന്യൂസിലൻഡിന് വേണ്ടി ഗ്ലെൻ ഫിലിപ്പ്സ് മൂന്ന് വിക്കറ്റ് എടുത്തു. രചിൻ രവീന്ദ്ര രണ്ട് വിക്കറ്റും മാറ്റ് ഹെൻറിയും കൈൽ ജാമീസണും ജേക്കബ് ഡഫിയും നതാൻ സ്മിത്തും ഓരോ വിക്കറ്റ് വീതം എടുത്തു. ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സിൽ 368 റൺസാണെടുത്തത്.
Tags : Test match India New Zealand Cricket match Rishabh Pant KL Rahul Shubman Gill