പിടിയിലായ പ്രതികൾ
കൊച്ചി: പണവുമായി വരുന്ന വാഹനം കൊള്ളയടിക്കാൻ ഒത്തുകൂടിയ സംഘം പിടിയിൽ. ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി ഭാഗത്ത് നടന്ന വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് പേർ പിടിയിലായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പോലീസ് പിടിയിലാകുന്നത്.
ഞാറയ്ക്കൽ വൈപ്പിൻ ബ്ലാവേലി വീട് ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് വീട് അരുൺ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പിൽ വീട് നിധിൻ (32), പൂതംകുറ്റി മാളിയേക്കൽ വീട് ജോയി (53), ആലപ്പുഴ മുളക്കഴ പുത്തൻപുരയ്ക്കൽ വീട് ഷെമാൻ മാത്യു(33) എന്നിവരാണ് പിടിയിലായത്.
വാഹന പരിശോധനയ്ക്കിടെ ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ എന്നിവർ പിടിയിലായിരുന്നു. ഇവരുടെ വാഹനത്തിൽ നിന്ന് പോലീസ് കത്തി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കൊള്ളയടിക്കാനുള്ള പദ്ധതിയുമായി ഒത്തുചേർന്നതാണെന്ന് കണ്ടെത്തിയത്. അങ്കമാലി പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
Tags : Arrest Kochi Crime Police Investigation CaseFile FIR