പ്രതീകാത്മക ചിത്രം
കൊച്ചി: കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍മാര്‍ക്ക് അനുയോജ്യമായ രീതിയില്‍ ആര്‍ത്തവ അവധിനയം സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി. തീവ്രമായ ആര്‍ത്തവ പ്രശ്നങ്ങള്‍ ആരോഗ്യത്തെയും ജോലിയെയുമൊക്കെ ബാധിക്കുന്നതിനാല്‍ അവധി അവര്‍ക്ക് ഗുണകരമാകുമെന്നും ജസ്റ്റീസ് വിജു ഏബ്രഹാം വ്യക്തമാക്കി.
ആര്‍ത്തവ അവധി അനുവദിക്കണമെന്ന കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍മാരുടെ നിവേദനത്തില്‍ മൂന്നു മാസത്തിനകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ടു ദിവസത്തെ ശമ്പളത്തോടെ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്കിയ നിവേദനത്തില്‍ കെഎസ്ആര്‍ടിസിയെ കൂടി കേട്ട് തീരുമാനമെടുക്കാനാണ് നിര്‍ദേശം. നിവേദനത്തില്‍ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി ചില വനിത കണ്ടക്ടര്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
കര്‍ണാടകയില്‍ മാസത്തില്‍ ഒരു ദിവസം വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചിട്ടുണ്ടെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. കേരളത്തില്‍ സര്‍വകലാശാല വിദ്യാര്‍ഥിനികള്‍ക്കും അവധി അനുവദിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ മൂവായിരത്തോളം വനിത ജീവനക്കാര്‍ക്കും അവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം.
ഏറെനേരം നില്‍ക്കുകയും നടക്കുകയും ചെയ്യേണ്ട ജോലിയാണ് ഹര്‍ജിക്കാരുടേതെന്ന് കോടതി ചൂണ്ടിക്കാട്ടി. വൃത്തിയുള്ള വിശ്രമ സൗകര്യമടക്കം പരിമിതവുമാണ്. അതിനാല്‍ നടപടി വേണ്ടതുണ്ട്.
സ്ത്രീ ജീവനക്കാരില്‍ ആര്‍ത്തവം ചെലുത്തുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങളെ അംഗീകരിക്കുന്ന പുരോഗമനപരമായ ക്ഷേമ നടപടിയാണ് ആര്‍ത്തവ അവധി. സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതിനും നീതിയുക്തവും മാനുഷികവുമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിനും പിന്തുണയേകുന്ന ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളുമായി ഒത്തുപോകുന്നതാണ് ഈ അവധിയെന്നും കോടതി പറഞ്ഞു.
Tags : MenstrualLeave FemaleConductors KeralaHighCourt AppropriatePolicy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash