പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സർക്കാർ അധികാരമേറ്റതിനുശേഷം ഘടകകക്ഷികൾ കാത്തിരുന്ന യുഡിഎഫ് യോഗം നാളെ. ചർച്ച ചെയ്യാൻ വിഷയങ്ങൾ ഏറെയാണ്. യുഡിഎഫ് ചെയർമാനും സെക്രട്ടറിയും കെപിസിസി അധ്യക്ഷനും മന്ത്രിസഭയുടെ ഭാഗമാണ്.
സർക്കാർ രൂപവത്കരിച്ചശേഷം ഇതുവരെ മുന്നണി യോഗം ചേരാത്തത്തിൽ പല ഘടകകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് യുഡിഎഫ് യോഗം വിളിച്ചത്. ക്ലിഫ് ഹൗസിലാണ് യോഗം. വിവാദ വിഷയങ്ങൾ മാത്രമല്ല, സർക്കാരിന്റെ നൂറുദിന പദ്ധതി നടത്തിപ്പും പുരോഗതിയും ചർച്ച ചെയ്യും.
ബോർഡ്-കോർപറേഷനുകളിലെ സ്ഥാനവിഭജനവും നിയമനങ്ങളും, ഘടകകക്ഷി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്കുള്ള അനുമതിയിലെ കാലതാമസം, വിവിധ കമ്മീഷനുകളിലേക്കുള്ള നിയമനങ്ങൾ, അക്കാദമിക സമിതികളിലേക്ക് പ്രതിനിധികളെ നിശ്ചയിക്കൽ എന്നിങ്ങനെ മുന്നണിക്കുള്ളിൽ ധാരണയാകേണ്ട കാര്യങ്ങളേറെയുണ്ട്.
പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് എടുക്കുന്ന നിലപാട് നിർണായകമായിരിക്കും. നയപരമായ കാര്യങ്ങൾക്കൊപ്പം ഭരണത്തിന്റെ ഭാഗമായി ലഭിക്കുന്ന പദവികളുടെ വിഭജനവും തീരുമാനമാകാനുണ്ട്. ഈ പദവികൾ സംബന്ധിച്ച് നിലവിൽ യുഡിഎഫിൽ ഒരു ഫോർമുലയുണ്ട്. അത് അടിസ്ഥാനമാക്കി പദവികൾ വീതംവയ്ക്കും. ഇതിൽ തീരുമാനമുണ്ടാക്കാനുള്ള ഉഭയകക്ഷി ചർച്ചയ്ക്കായി ഉപസമിതിയെ നിയോഗിച്ചേക്കും.
എൽഡിഎഫ് സർക്കാരിന്റെകാലത്ത് പുതുതായി രൂപവത്കരിച്ച സ്ഥാപനങ്ങളിലെ പദവികളും വിഭജിച്ചുനൽകും. വിവിധ സ്ഥാപനങ്ങളിൽ നിയമിക്കാവുന്ന സ്ഥാനങ്ങൾ സംബന്ധിച്ച് ഏകദേശ കണക്കെടുപ്പ് നടത്തിയിരുന്നു. ചില സ്ഥാപനങ്ങളിലേക്ക് നിയമനം നടക്കുകയും ചെയ്തു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട വിഷയം യുഡിഎഫിൽ ചർച്ചചെയ്യുമെന്നും സഖ്യകക്ഷികളുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇതിൽ അന്തിമ തീരുമാനം മുന്നണി ചർച്ചകൾക്കുശേഷമേ ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മദ്യത്തിനുപുറമേ പ്രിയദർശിനി സൗജന്യബസ് യാത്രയുടെ പുരോഗതിയും ചർച്ചയാകും. ഇതിലുണ്ടാകേണ്ട മാറ്റത്തക്കുറിച്ചും ചർച്ചയുണ്ടാകാൻ സാധ്യതയുണ്ട്.
പുതുക്കിയ ബജറ്റിനുശേഷം മുന്നണി യോഗം വിളിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അതു നടപ്പായില്ല. ധവളപത്രം, ബജറ്റ്, നിയമസഭാ സമ്മേളനം തുടങ്ങിയ തിരക്കുകൾ ചൂണ്ടിക്കാട്ടി യോഗം നീണ്ടു പോകുകയായിരുന്നു. പുതിയ കെപിസിസി പ്രസിഡന്റ് കൂടി വന്നതിനുശേഷം യോഗം ചെരുന്നതിൽ ഘടകകക്ഷികൾ അതൃപ്തി അറിയിച്ചതോടെയാണ് ഇപ്പോൾ യോഗം വിളിച്ചിരിക്കുന്നത്.
മുന്നണി യോഗങ്ങൾ നിശ്ചിത ഇടവേളകളിൽ ചേരുന്നതാണ് ആരോഗ്യകരമെന്ന അഭിപ്രായമാണ് മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കുള്ളത്.
Tags : UDF Meeting Discussion LiquorPolicy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash