കവർച്ചയുടെ സിസിടിവി ദൃശ്യം
കൊച്ചി: മാത്യു കുഴല്നാടന് എംഎല്‍എയുടെ പൈങ്ങോട്ടൂരിൽ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്. ഞായറാഴ്ച വൈകിട്ട് ആണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം.
നിര്‍മാണ മേല്‍നോട്ടം വഹിക്കുന്ന കോതമംഗലം കുരൂര്‍ സ്വദേശി ഫ്രെഡി എല്‍ദോസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോത്താനിക്കാട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുമ്പ് സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ കേന്ദ്രീകരിച്ചും പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മാത്യു കുഴല്‍നാടന്റെ വീടിന്റെ ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് കണക്ട് ചെയ്ത് സൂക്ഷിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. അതേസമയം സ്ഥലത്ത് നിര്‍മാണ സൈറ്റുകളില്‍ നിന്നും ചെമ്പു കമ്പികളും ഇലക്ട്രിക് വയറുകളും മോഷ്ടിക്കുന്ന സംഭവങ്ങള്‍ സമീപകാലത്തായി വര്‍ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പെരുമറ്റത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ നിന്ന് എസി തകര്‍ത്ത് ചെമ്പ് കമ്പി മോഷ്ടിച്ചിരുന്നു. പേഴയ്ക്കാപ്പിള്ളിയില്‍ നിര്‍മാണത്തിലിരുന്ന വീട്ടില്‍ നിന്നു ഇലക്ട്രിക് വയറുകളും മോഷ്ടിച്ചതും സമീപ കാലത്താണ്. രണ്ടു വര്‍ഷം മുമ്പ് കെഎസ്ഇബി സബ് സ്റ്റേഷനിലെ കൂറ്റന്‍ സോളര്‍ നിലയത്തില്‍ നിന്ന് വിലകൂടിയ കേബിളുകള്‍ കവർച്ച ചെയ്തിരുന്നു.
Tags : MathewKuzhalnadan Crime Police Investigation CaseFile FIR