കോഴിക്കോട് ചേർന്ന വിശാല സിപിഎം സംസ്ഥാന സമിതി യോഗത്തിൽ നിന്ന്.
കോഴിക്കോട്: സംഘടനാതലത്തിൽ നിർണായകമായ തെറ്റുതിരുത്തൽ പ്രക്രിയയ്ക്ക് തുടക്കമിട്ട് സിപിഎം. പാർട്ടി നേതാക്കളുടെ വരവിൽ കവിഞ്ഞ സ്വത്തും ബെനാമി ഇടപാടുകളും കർശനമായി പരിശോധിക്കാൻ കോഴിക്കോട് ചേർന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി നവംബറിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സ്വത്തുവിവരങ്ങൾ ആദ്യം ഓഡിറ്റ് ചെയ്യും.
തുടർന്നുള്ള ഘട്ടങ്ങളിൽ പരിശോധന ജില്ലാ നേതാക്കളിലേക്കും വ്യാപിപ്പിക്കും. സഹകരണ മേഖലയിലും ശക്തമായ നടപടികൾ ഉണ്ടാകും. പാർട്ടി നേതാക്കൾ എടുത്ത വലിയ തുകയുടെ വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ കടുത്ത പാർട്ടി നടപടി നേരിടേണ്ടിവരും. ബാങ്കുകൾക്ക് നിയമപരമായ നടപടികളിലേക്ക് കടക്കാമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.
അതോടൊപ്പം വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വർഗ ബഹുജന സംഘടനകളിലും യൂണിറ്റ് തലം മുതൽ കുറഞ്ഞത് ഒരു ഭാരവാഹിയെങ്കിലും വനിതയായിരിക്കണമെന്ന കാര്യം നിർബന്ധമാക്കി. പാർട്ടി നേതാക്കളുടെ വീഴ്ചകൾ സ്വയം തിരുത്തുമെന്ന പ്രഖ്യാപനവും യോഗത്തിലുണ്ടായി. ഇ.എം.എസ്, വി.എസ്. അച്യുതാനന്ദൻ, ഇ.കെ. നായനാർ തുടങ്ങിയ മുൻനിര നേതാക്കൾ തങ്ങൾക്ക് പറ്റിയ തെറ്റുകൾ തിരുത്തിയാണ് മുന്നോട്ടുപോയിട്ടുള്ളത്.
താനും പിണറായി വിജയനും ഉൾപ്പെടെയുള്ളവർക്ക് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സ്വയം തിരുത്തുമെന്നും ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. തിരുത്തൽ പ്രക്രിയയുടെ ഭാഗമായി ചേരാനിരിക്കുന്ന വിശാല ജില്ലാ സമിതി യോഗങ്ങളിൽ കുറഞ്ഞത് മൂന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങളും എട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും വീതം പങ്കെടുക്കും.
Tags : Assets Audited Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash