പ്രതീകാത്മക ചിത്രം
കോട്ടയം/ഈരാറ്റുപേട്ട: ഇതരസംസ്ഥാനങ്ങളില്‍നിന്നു ഗര്‍ഭിണികളെ എത്തിച്ച് അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘത്തിലെ രണ്ടു പേര് അറസ്റ്റില്‍. തമിഴ്നാട് സ്വദേശി രാജ, വാഗമണ്‍ പുള്ളിക്കാനം സ്വദേശി അര്ജുന് എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
അര്‍ജുനിന്റെ സഹോദരീഭര്‍ത്താവാണ് രാജ. സംഘത്തെക്കുറിച്ച് ആസാം സ്വദേശിയായ 22കാരി നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ജില്ലാ പോലീസ് ചീഫിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. യുവതി നല്കിയ വിവരമനുസരിച്ച് കാര്‍ത്തിക്, അനിത, അര്ജുന്, ഹര്‍ഷിത തുടങ്ങി കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
അറസ്റ്റിലായവർ ചെറിയ കണ്ണികള്‍ മാത്രമാണൈന്നും വലിയ റാക്കറ്റ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. ഏതാനും കുഞ്ഞുങ്ങളെ വില്പന നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് തീക്കോയിയില്‍ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന്നത്.
തീക്കോയി സ്വദേശി ജോസിന്റെ ഉടമസ്ഥതയിൽ ഞണ്ടുകല്ലിലുളള വീട്ടില്‍ ഒരു മാസമായി ഇവര്‍ താമസിച്ചുവരികയായിരുന്നു. 10 ദിവസം മുമ്പാണ് യുവതികള്‍ ഇവിടെയെത്തിയത്. തിരുവനന്തപുരം സ്വദേശികളാണ് യുവതികളെ എത്തിച്ച ഏജന്റുമാര്‍. വീട്ടില്‍ ഇവര്‍ താമസിച്ചിരുന്നതില്‍ നാട്ടുകാര്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല.
കഴിഞ്ഞ ഞായറാഴ്ച ഈരാറ്റുപേട്ട പോലീസാണ് ടൗണില്‍ കരഞ്ഞു നില്ക്കുന്ന ആസാം സ്വദേശിയായ യുവതിയെ കാണുന്നത്. അന്വേഷണത്തില്‍ ഏഴു മാസം ഗര്‍ഭിണിയാണെന്നും വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നും പറഞ്ഞ യുവതിയെ പോലീസ് കോട്ടയം ആര്‍പ്പൂക്കരയിലുള്ള സാന്ത്വനം അഗതി മന്ദിരത്തില്‍ എത്തിച്ചു.
സ്വാന്തനം ഡയറക്ടര്‍ ആനി ബാബു യുവതിയുമായി സംസാരിച്ചപ്പോഴാണ് നവജാത ശിശുക്കളെ വില്‍ക്കുന്ന കണ്ണിയില്‍ യുവതി അകപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ ആനി ബാബു ജില്ലാ പോലീസ് ചീഫിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേര് പിടിയിലായത്.
യുവതിയിൽനിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാലാ ഡിവൈഎസ്പി കെ. സദന്റെ നേതൃത്വത്തിലാണ് അന്വേഷണം. യുവതിയെ പോലീസ് പിന്നീട് കല്ലറയിൽ നീതിവകുപ്പിന്റെ കീഴിലുള്ള കേന്ദ്രത്തിലേക്കു മാറ്റി.
ഗര്‍ഭിണികളെ എത്തിച്ച് അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘം വാടകയ്ക്കെടുത്ത തീക്കോയിയിലെ വീട്ടിൽ ഒഡീഷയില്‍നിന്നുള്ള രണ്ടു ഗര്‍ഭിണികളും ഉണ്ടായിരുന്നതായി യുവതിയുടെ മൊഴി. റബര്‍തോട്ടത്തിലുള്ള ഒറ്റപ്പെട്ട വീട്ടിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അതില്‍ ഒരാളുടെ സ്കാനിംഗ് ഫലം വന്നപ്പോള്‍ കുട്ടിക്ക് എന്തോ പ്രശ്നമുണ്ടെന്നു കണ്ടു പറഞ്ഞയച്ചു. മറ്റൊരാള്‍ പ്രസവിച്ചു കുട്ടിയെ നല്കി പണവുമായി മടങ്ങി.
പോലീസിൽ വിവരങ്ങൾ നൽകിയ യുവതി ഒന്നര വയസുള്ള കുട്ടിയും ഭര്‍ത്താവുമൊത്ത് കോയമ്പത്തൂരില്‍ താമസിച്ചുവരുകയായിരുന്നു. രണ്ടാമതും ഗര്‍ഭിണിയായതോടെ ഗര്‍ഭച്ഛിദ്രത്തിനു ഭര്‍ത്താവും വീട്ടുകാരും നിര്‍ബന്ധിച്ചു. യുവതി സമ്മിച്ചില്ല. ഇതിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് ആസമിലുള്ള സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു. സുഹൃത്തിനും വീട്ടുകാര്‍ക്കും ബുദ്ധിമുണ്ടാകേണ്ടെന്നു കരുതി താമസിക്കുന്നതിനായി ഒരു ഷെല്‍ട്ടര്‍ അന്വേഷിച്ചു. ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ തെരച്ചിലില്‍ അര്‍ഷിവ് കെയര്‍ എന്ന അക്കൗണ്ടിലൂടെ കാര്‍ത്തിക് എന്നയാളുമായി ബന്ധപ്പെട്ടു.
തുടർന്ന് കോട്ടയത്തേക്ക് വരുന്നതിനായി 2000 രൂപയും ട്രെയിന്‍ ടിക്കറ്റും നല്കി കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തി യുവതിയെ വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോയി തീക്കോയിക്കു സമീപം റബര്‍തോട്ടത്തിലുള്ള ഒറ്റപ്പെട്ട വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. 10 ദിവസം അവിടെ കഴിഞ്ഞു. പ്രസവിച്ചു കഴിയുമ്പോള്‍ കുഞ്ഞിനെ എടുത്തിട്ട് തന്നെ വില്‍ക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതു കേട്ടതോടെ യുവതി ഫോണും രേഖകളും തിരിച്ചു വാങ്ങി വീട്ടിൽ പോകണമെന്നാവശ്യപ്പെട്ടു. തുടർന്ന് ക്രൂരമർദനമേറ്റു. വയറിലും പുറത്തുമൊക്കെ മാരകമായ രീതിയില്‍ മര്‍ദിച്ചതായി യുവതി പറഞ്ഞു. മര്‍ദനം സഹിക്കാതെവന്നപ്പോള്‍ ശുചിമുറിയില്‍ പോകുകയാണെന്നു പറഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇങ്ങനെയാണ് യുവതി ഈരാറ്റുപേട്ടയിലെത്തുന്നത്.
കോട്ടയം: ഇതരസംസ്ഥാനങ്ങളില്‍നിന്നു ഗര്‍ഭിണികളെ എത്തിച്ച് അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘത്തിലെ രണ്ടു പേര് അറസ്റ്റിലായതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അറസ്റ്റിലായവരെ ചോദ്യംചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പോലീസിനു ലഭിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കാര്‍ത്തിക്, അനിത, ഹര്‍ഷിത എന്നിവരും പോലീസ് നിരീക്ഷണത്തിലായെന്നാണ് സൂചന. ഹര്‍ഷിതയാണ് ഇതിലെ പ്രധാന കണ്ണിയെന്നാണ് പോലീസ് നല്കുന്ന വിവരം. തമിഴ്നാട് കേന്ദ്രീകരിച്ച് കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അറസ്റ്റിലായ രാജയുടെ കുടുംബവും ഈ വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു. അതിനാല്‍ പുറത്തുനിന്നുള്ളവര്‍ക്കോ നാട്ടുകാര്‍ക്കോ യാതൊരു സംശയവും തോന്നിയിരുന്നില്ല. ഒന്നിലധികം കുഞ്ഞുങ്ങളെ പണം നല്കി വാങ്ങുകയും വില്‍ക്കുകയും ചെയ്തതായാണ് പോലീസിനു ലഭിക്കുന്ന സൂചന. എന്നാല്‍, ഇതു സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചിട്ടില്ല. നിലവില്‍ രാജയെയും അര്‍ജുനെയും അറസ്റ്റ് ചെയ്തിരിക്കുന്നത് ഗര്‍ഭിണിയായ സ്ത്രീയെ തടവില്‍ പാര്‍പ്പിച്ചുവെന്ന വകുപ്പു ചുമത്തിയാണ്.
കുട്ടികളുമായി ബന്ധപ്പെട്ട കേസായതിനാല്‍ പോലീസ് അതീവ ജാഗ്രതയോടും പഴുതുകള്‍ അടച്ചുമാണ് അന്വേഷണം നടത്തുന്നത്. തൂഫാന് പ്രചാരണവുമായി ഇന്നലെ ജില്ലയിലെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജില്ലാ പോലീസ് ചീഫിനോട് വിവരങ്ങള്‍ ആരായുകയും അന്വേഷണം ഊര്‍ജിതപ്പെടുത്താനും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കുകയും ചെയ്തു.
Tags : SellingBabies Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash