കോട്ടയം/ഈരാറ്റുപേട്ട: ഇതരസംസ്ഥാനങ്ങളില്‍നിന്നു ഗര്‍ഭിണികളെ എത്തിച്ച് അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘത്തിലെ രണ്ടു പേര് അറസ്റ്റില്‍. തമിഴ്നാട് സ്വദേശി രാജ, വാഗമണ്‍ പുള്ളിക്കാനം സ്വദേശി അര്ജുന് എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
അര്‍ജുനിന്റെ സഹോദരീഭര്‍ത്താവാണ് രാജ. സംഘത്തെക്കുറിച്ച് ആസാം സ്വദേശിയായ 22കാരി നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ജില്ലാ പോലീസ് ചീഫിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. യുവതി നല്കിയ വിവരമനുസരിച്ച് കാര്‍ത്തിക്, അനിത, അര്ജുന്, ഹര്‍ഷിത തുടങ്ങി കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
അറസ്റ്റിലായവർ ചെറിയ കണ്ണികള്‍ മാത്രമാണൈന്നും വലിയ റാക്കറ്റ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. ഏതാനും കുഞ്ഞുങ്ങളെ വില്പന നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് തീക്കോയിയില്‍ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന്നത്.
തീക്കോയി സ്വദേശി ജോസിന്റെ ഉടമസ്ഥതയിൽ ഞണ്ടുകല്ലിലുളള വീട്ടില്‍ ഒരു മാസമായി ഇവര്‍ താമസിച്ചുവരികയായിരുന്നു. 10 ദിവസം മുമ്പാണ് യുവതികള്‍ ഇവിടെയെത്തിയത്. തിരുവനന്തപുരം സ്വദേശികളാണ് യുവതികളെ എത്തിച്ച ഏജന്റുമാര്‍. വീട്ടില്‍ ഇവര്‍ താമസിച്ചിരുന്നതില്‍ നാട്ടുകാര്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല.
കഴിഞ്ഞ ഞായറാഴ്ച ഈരാറ്റുപേട്ട പോലീസാണ് ടൗണില്‍ കരഞ്ഞു നില്ക്കുന്ന ആസാം സ്വദേശിയായ യുവതിയെ കാണുന്നത്. അന്വേഷണത്തില്‍ ഏഴു മാസം ഗര്‍ഭിണിയാണെന്നും വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നും പറഞ്ഞ യുവതിയെ പോലീസ് കോട്ടയം ആര്‍പ്പൂക്കരയിലുള്ള സാന്ത്വനം അഗതി മന്ദിരത്തില്‍ എത്തിച്ചു.
സ്വാന്തനം ഡയറക്ടര്‍ ആനി ബാബു യുവതിയുമായി സംസാരിച്ചപ്പോഴാണ് നവജാത ശിശുക്കളെ വില്‍ക്കുന്ന കണ്ണിയില്‍ യുവതി അകപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ ആനി ബാബു ജില്ലാ പോലീസ് ചീഫിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേര് പിടിയിലായത്.
യുവതിയിൽനിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാലാ ഡിവൈഎസ്പി കെ. സദന്റെ നേതൃത്വത്തിലാണ് അന്വേഷണം. യുവതിയെ പോലീസ് പിന്നീട് കല്ലറയിൽ നീതിവകുപ്പിന്റെ കീഴിലുള്ള കേന്ദ്രത്തിലേക്കു മാറ്റി.