അഭിജിത് ദീപ്കെ ഡൽഹി ജന്തർ മന്തറിലെ സമരവേദിയിൽ
ന്യൂഡൽഹി: വിദ്യാർഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാമെന്ന സർക്കാർ ഉറപ്പ് ലംഘിച്ചതിനെതിരെ മുന്നറിയിപ്പുമായി സിജെപി. പോലീസ് അതിക്രമവും വേട്ടയാടലും തുടരുകയാണെങ്കിൽ രാജ്യവ്യാപകമായി വീണ്ടും ശക്തമായ പ്രതിഷേധ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ അറിയിച്ചു. കേസുകളിലും എഫ്ഐആറുകളിലും അന്വേഷണം തുടരാമെന്ന സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികൾക്കെതിരായ കേസുകൾ പൂർണമായും പിൻവലിക്കുമെന്ന് സർക്കാർ നൽകിയ ഉറപ്പ് പാലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. സിജെപിക്ക് നൽകിയ ഉറപ്പ് സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്നും, രേഖാമൂലമുള്ള ഉറപ്പ് നൽകണമെന്നുമാണ് സംഘടനയുടെ ആവശ്യം. വിദ്യാർഥികളെ വേട്ടയാടുന്നത് സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണമെന്നും വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ യുവാക്കളോടുള്ള വിശ്വാസവഞ്ചനയായി ഇതിനെ കാണുമെന്നും സിജെപി വക്താവ് സൗരവ് ദാസ് എക്സിൽ കുറിച്ചു.
ഡൽഹിയിൽ നടന്ന സിജെപി പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നടന്ന സമരങ്ങളിലും വിദ്യാർഥികൾക്കെതിരെ വ്യാപകമായി കേസെടുക്കുന്നുണ്ട്. അസം, ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പോലീസിന്റെ കടുത്ത നടപടികൾ തുടരുന്നത്. ബിഹാറിൽ തേജ് പ്രതാപ് യാദവ് ഉൾപ്പെടെയുള്ള നേതാക്കൾ നിലവിൽ ജയിലിലാണ്. സമരക്കാർക്കെതിരെ എവിടെയും കേസെടുക്കില്ലെന്ന ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. എഫ്ഐആറുകൾ അടിയന്തരമായി റദ്ദാക്കിയില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് നേതാക്കളുടെ നിലപാട്.
Tags : AbhijitDipke Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash