National
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് നേരെ മഷിയേറ്. ശനിയാഴ്ച പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു യുവതി ദിപ്കെയുടെ മുഖത്തേക്ക് നീല മഷി ഒഴിക്കുകയായിരുന്നു.
ആക്രമണത്തെത്തുടർന്ന് സമരവേദിയിൽ വലിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും, പ്രകോപിതരായ ദിപ്കെയുടെ അനുയായികൾ സ്റ്റേജിലേക്ക് ഇരച്ചുകയറുകയും ചെയ്തു.
സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ പോലീസ് ബലമായി നീക്കം ചെയ്ത് ആശുപത്രിയിലാക്കിയതിൽ പ്രതിഷേധിച്ച് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
അതേസമയം, ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവച്ച ദിപ്കെ, "നീല എന്റെ നിറമാണ്... ജയ് ഭീം!' എന്ന് കുറിച്ചുകൊണ്ട് ശക്തമായി പ്രതികരിച്ചു.
ആക്രമണം നടത്തിയ സ്ത്രീയുടെ വ്യക്തിവിവരങ്ങളോ ഇതിന് പിന്നിലെ ലക്ഷ്യമോ ഇതുവരെ വ്യക്തമായിട്ടില്ല.
Viral
ഡിജിറ്റൽ ലോകത്തെ പരമ്പരാഗത രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളെ അപ്പാടെ മാറ്റിമറിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ വൻ തരംഗമായി മാറിയിരിക്കുകയാണ് 'കോക്രോച്ച് ജനതാ പാർട്ടി' എന്ന കൂട്ടായ്മ.
തൊഴിലില്ലാത്ത യുവാക്കളെ കോടതി പരാമർശത്തിൽ പാറ്റകളോട് ഉപമിച്ചെന്ന വാർത്തകളിൽ നിന്നുള്ള അമർഷമാണ് ഈ വേറിട്ട പ്രതിഷേധത്തിന് വഴിയൊരുക്കിയത്.
അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ 'പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി' വിദ്യാർഥിയായ അഭിജീത് ദിപ്കെ എന്ന യുവാവ് തുടക്കമിട്ട ഈ പേജ്, വെറും നാല് ദിവസത്തിനുള്ളിൽ 14 മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കി രാജ്യത്തെ ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക പേജിനെപ്പോലും പിന്നിലാക്കി.
ബിജെപിയുടെ പ്രശസ്തമായ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളെ പരിഹസിച്ചുകൊണ്ട് യുവാക്കൾ ഏറ്റെടുത്ത ഡിജിറ്റൽ കാമ്പെയ്നുകൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായി.
മഹുവ മൊയ്ത്ര, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ ദേശീയ പ്രതിപക്ഷ നേതാക്കളുടെ പിന്തുണ കൂടി ലഭിച്ചതോടെ ഇതൊരു ശക്തമായ രാഷ്ട്രീയ പ്രതിരോധ പ്രസ്ഥാനമായി മാറി.
കോടികൾ മുടക്കിയുള്ള പിആർ വർക്കുകളേക്കാൾ വേഗത്തിൽ ജനങ്ങളുടെ വികാരങ്ങളെ സ്വാധീനിക്കാൻ സമകാലിക 'മീം കൾച്ചറിന്' സാധിക്കുമെന്ന് തെളിയിക്കുന്നതാണ് ഈ ഡിജിറ്റൽ വിപ്ലവം.
വരുംകാല തിരഞ്ഞെടുപ്പുകളിൽ യുവാക്കളുടെ ഇത്തരം സോഷ്യൽ മീഡിയ കൂട്ടായ്മകൾ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.