സുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന വിദ്യാർഥിപ്രക്ഷോഭത്തിൽ പങ്കെടുത്തു കസ്റ്റഡിയിലോ അറസ്റ്റിലോ കഴിയുന്ന പ്രായപൂർത്തിയാകാത്ത എല്ലാ വിദ്യാർഥികളെയും ഉടൻ മോചിപ്പിക്കാൻ സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചു.
കേസുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളിൽ അന്വേഷണവുമായി മുന്നോട്ടു പോകാമെങ്കിലും കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത സമരക്കാർക്കെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. എന്നാൽ, കുറ്റകൃത്യ പശ്ചാത്തലമുള്ളവരുടെ കാര്യത്തിൽ ഈ സംരക്ഷണങ്ങൾ ബാധകമാകില്ല.
ഇതിനു പുറമെ ജൂൺ 20ന് നടന്ന പാർലമെന്റ് മാർച്ചിലും സമരത്തിന്റെ മറ്റു ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ പോലീസും വിദ്യാഥികളും തമ്മിലുണ്ടായ സംഘർഷത്തിലും സ്വതന്ത്ര അന്വേഷണം നടത്തുമെന്ന സൂചനയും കോടതി നൽകി.
തെളിവുകൾ നശിപ്പിക്കാതിരിക്കാൻ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, ബോഡി കാമറ റെക്കോർഡിംഗുകൾ, വീഡിയോ ദൃശ്യങ്ങൾ, വയർലെസ് കമ്യൂണിക്കേഷൻ വിവരങ്ങൾ, പോലീസിന്റെ പിസിആർ ലോഗുകൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കാനും സുപ്രീംകോടതി നിർദേശിച്ചു. പോലീസ് ശേഖരിച്ച പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങളും ഡിജിറ്റൽ ഡാറ്റകളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും തത്കാലത്തേക്കു പൊതുജനമധ്യത്തിൽ ലഭ്യമാക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു.
ഡൽഹി പ്രതിഷേധത്തിനു പിന്നാലെ അക്രമസംഭവം റിപ്പോർട്ട് ചെയ്ത മറ്റു സംസ്ഥാനങ്ങളുടെ വാദങ്ങളും അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കോടതി കേൾക്കും. വിഷയവുമായി ബന്ധപ്പെട്ട അനുബന്ധ രേഖകൾ ഉൾപ്പെടുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ ഡൽഹി സർക്കാരിനോടും കേന്ദ്രസർക്കാരിനോടും കോടതി നിർദേശിച്ചു.
പ്രക്ഷോഭത്തിൽ പരിക്കേറ്റ പോലീസുകാരുടെ കുടുംബങ്ങളുടെ വാദവും സുപ്രീംകോടതിയിൽ ഇന്നലെ നടന്നു. സമരക്കാരോ അല്ലെങ്കിൽ പ്രതിഷേധത്തിൽ കടന്നുകൂടിയ സാമൂഹ്യവിരുദ്ധരോ നടത്തിയ കല്ലേറിൽ നിരവധി പോലീസുകാർക്കു പരിക്കേറ്റതായി ആരോപണമുണ്ട്.
എന്നാൽ, സമരക്കാർക്കെതിരേ പോലീസ് നടത്തിയ അതിക്രമം ഭരണഘടനയുടെ 14, 19, 21, 22 എന്നീ അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന മൗലികാവകാശ ലംഘനമാണെന്നാണ് ഹർജക്കാർ ഉന്നയിച്ച പ്രധാന വാദം. ഓഗസ്റ്റ് മൂന്നിന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
Tags : JantarMantarProtest NoAction Protesters SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash