പ്രതീകാത്മക ചിത്രം
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ സ്വതന്ത്രവും സുഗമവുമായ കപ്പൽ ഗതാഗതം ഉറപ്പുവരുത്താൻ പ്രാദേശികതലത്തിൽ സംയുക്ത മേൽനോട്ടത്തിനു പദ്ധതി അവതരിപ്പിച്ച് ഒമാൻ.
സുപ്രധാന എണ്ണക്കടത്തു പാതയിൽ ഇറാനു മാത്രം നിയന്ത്രണമുള്ള അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. ഒമാനി വൃത്തങ്ങൾ പദ്ധതി വിശദാംശങ്ങൾ തിങ്കളാഴ്ച ഇറേനിയൻ നേതൃത്വത്തെ അറിയിച്ചു.
ഹോർമുസ് കടലിടുക്കിന്റെ ഒരു വശത്ത് ഇറാനും മറ്റേ വശത്ത് ഒമാനുമാണ്. സൗദി അടക്കമുള്ള പ്രാദേശിക അറബി രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഒമാൻ പുതിയ പദ്ധതി ഇറാനെ അറിയിച്ചത്.
തെക്കുകിഴക്കനേഷ്യയിലെ മലാക്ക കടലിടുക്കിലേതുപോലുള്ള നിയന്ത്രണ സംവിധാനമാണ് ഒമാൻ ലക്ഷ്യമിടുന്നത്. മലാക്കയിൽ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, തായ്ലൻഡ് രാജ്യങ്ങളാണ് സുരക്ഷാ മേൽനോട്ടം വഹിക്കുന്നത്. മലാക്കയിലേതു പോലെ ഹോർമുസിലും കപ്പലുകൾക്ക് സ്വയം ഫീസ് നല്കാൻ അവസരം നല്കണം. സുരക്ഷ, പരിസ്ഥിതി സംരക്ഷണം, അപകടത്തിലെ രക്ഷാപ്രവർത്തനം തുടങ്ങിയവയ്ക്കുള്ള ഫണ്ട് ഇതിൽനിന്നു കണ്ടെത്താനാകും.
ഹോർമുസിൽ സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാനുള്ള പ്രോട്ടോകോളും ഒമാന്റെ നിർദേശത്തിലുണ്ടെന്നാണ് സൂചന. യുഎസ്, ഇറാൻ, പ്രാദേശിക കപ്പലുകൾ ഹോർമുസിൽ ഏറ്റുമുട്ടുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച ഹോർമുസ് വിഷയം സൗദിയിലെയും ഒമാനിലെയും വിദേശകാര്യ മന്ത്രിമാരുമായി ചർച്ച ചെയ്തു.
Tags : Hormuz Oman Dominance Iran Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash