കൊച്ചി: കോതമംഗലം സിഐയ്ക്കെതിരെ ഭീഷണി മുഴക്കിയ കേസില്‍ എറണാകുളം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി അര്ജുന് ആയങ്കി. തന്നെ അന്യായമായാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് അര്‍ജുന്റെ ആരോപണം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും അര്ജുന് ആയങ്കി പരാതി നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മേയ് മൂന്നിന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്ജുന് ആയങ്കി അടക്കം അഞ്ചു പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് അര്ജുന് ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെതിരെ രംഗത്തെത്തിയത്.
കോതമംഗലം സിഐ പ്രശാന്തിനെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള പോസ്റ്റില്‍, പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത ഭാഷയില്‍ ഭീഷണി മുഴക്കുകയായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സമാധാനമായി പെന്ഷന് വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ സിഐയെ അനുവദിക്കില്ലെന്ന് ആയങ്കി പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
തനിക്ക് നേരിടേണ്ടി വന്ന ഓരോ ദിവസത്തെയും ബുദ്ധിമുട്ടുകള്‍ക്ക് കൃത്യമായി കണക്കു ചോദിക്കുമെന്നും പോസ്റ്റില്‍ മുന്നറിയിപ്പുണ്ടായിരുന്നു. ഇതോടെ ഭീഷണി പോസ്റ്റില്‍ കേസ് എടുക്കുകയും അര്‍ജുന്റെ ജാമ്യം റദ്ദാക്കാന്‍ കോതമംഗലം പോലീസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് അര്ജുന് ആയങ്കി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ചാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. മുന്‍കാലങ്ങളില്‍ കേസുകളില്‍ പ്രതിയായിരുന്നുവെന്ന കാരണത്താല്‍ ഇപ്പോഴും വേട്ടയാടുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
Tags : Threatening Kothamangalam CI Arjun Aayangi anticipatory bail