കൊച്ചി: മാസപ്പടി കേസിൽ കൊച്ചിയിലെ ഇഡി ഓഫീസിൽ വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനുള്ള സമൻസിൽ അവധി ചോദിച്ച് എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ ടി. വീണ.
ബുധനാഴ്ച രാവിലെയാണ് വീണ അവധി ആവശ്യപ്പെട്ടുള്ള കത്ത് ഇമെയിലായി ഇഡി ഓഫീസിൽ ലഭിച്ചത്. വീണയുടെ അവധി അപേക്ഷയിൽ ഇഡിയുടെ നിലപാട് ഇന്ന് അറിയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വീണ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവധിക്ക് അപേക്ഷിച്ചത്.
ആവശ്യമായ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും കത്തിൽ പറയുന്നു. എന്നാൽ ഇഡി അവധി നൽകിയാലും ചോദ്യം ചെയ്യലിനുള്ള അടുത്ത തീയതിയിൽ വീണ നേരിട്ട് ഹാജരാകേണ്ടി വരും.
പിണറായി വിജയന്റെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും മാസപ്പടി കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ നടപടികൾ. സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്തയും ജീവനക്കാർക്കുമടക്കം ഒൻപത് പേർക്കാണ് ആദ്യ ഘട്ട നോട്ടീസ്.
കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാക്കാനാണ് വീണയ്ക്ക് ഇഡി നല്കിയ നിർദേശം. 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് ചോദ്യം ചെയ്യൽ.
Tags : ED health issues veena vijayan kochi